image credit : canva 
News & Views

കാല്‍നൂറ്റാണ്ടിന് ശേഷം മദ്യ നിര്‍മാണശാലക്ക് അനുമതി, അഴിമതിയെന്ന് പ്രതിപക്ഷം; എതിര്‍പ്പ് സ്വാഭാവികമെന്ന് സര്‍ക്കാര്‍

ഡല്‍ഹി മദ്യനയ അഴിമതികേസില്‍ പെട്ട കമ്പനിക്കാണ് അനുമതി നല്‍കിയതെന്ന് വി.ഡി സതീശന്‍

Dhanam News Desk

കാല്‍നൂറ്റാണ്ടിന് ശേഷം സംസ്ഥാനത്ത് ബ്രൂവറി അനുവദിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിനെതിരെ പ്രതിപക്ഷം. പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് എഥനോള്‍ പ്ലാന്റ്, മള്‍ട്ടി ഫീഡ് ഡിസ്റ്റിലേഷന്‍ യൂണിറ്റ്, മാള്‍ട്ട് സ്പിരിറ്റ് പ്ലാന്റ്, ബ്രാന്റി, വൈനറി പ്ലാന്റ് എന്നിവ സ്ഥാപിക്കാന്‍ മധ്യപ്രദേശിലെ ഇന്ദോര്‍ ആസ്ഥാനമായ ഒയാസിസ് കൊമേഷ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനാണ് അനുമതി. നിലവിലെ നിബന്ധനകള്‍ പാലിക്കണമെന്ന കര്‍ശന വ്യവസ്ഥയോടെയുള്ള പ്രാരംഭ അനുമതി മാത്രമാണ് നല്‍കിയതെങ്കിലും എല്‍.ഡി.എഫില്‍ ചര്‍ച്ച ചെയ്യാതെ തീരുമാനമെടുത്തതില്‍ ഘടകക്ഷികള്‍ക്കും എതിര്‍പ്പുണ്ട്.

ഇറക്കുമതി കുറക്കാം, സര്‍ക്കാരിന് അധിക വരുമാനവും

കേരളത്തില്‍ മദ്യനിര്‍മാണത്തിന് ഉപയോഗിക്കുന്ന സ്പിരിറ്റിന്റെ വലിയൊരു ഭാഗം മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നവയാണ്. ഇത് കുറക്കാനും മദ്യനിര്‍മാണ ശാലകളില്‍ നിന്നുള്ള അധിക വരുമാനവും ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ നീക്കം. കൂടുതല്‍ പേര്‍ക്ക് തൊഴിലവസരങ്ങള്‍ സംസ്ഥാനത്തുണ്ടാകുമെന്നും സര്‍ക്കാര്‍ കരുതുന്നു. കൂടാതെ മദ്യ ഉത്പന്നങ്ങള്‍ക്കുള്ള കയറ്റുമതി സാധ്യതയും കേരളം പരിഗണിക്കുന്നുണ്ട്. സ്പിരിറ്റ് പുറത്ത് നിന്നും കൊണ്ടുവരുന്നത് ഉല്‍പാദന ചെലവ് കൂട്ടുമെന്ന് മദ്യനിര്‍മാണ കമ്പനികളും സര്‍ക്കാരിനോട് പരാതിപ്പെട്ടിരുന്നു. സംസ്ഥാനത്ത് തന്നെ സ്പിരിറ്റ് നിര്‍മിക്കാനുള്ള സാധ്യത തേടുമെന്ന് അബ്കാരി നയത്തിലും സര്‍ക്കാര്‍ സൂചിപ്പിച്ചിരുന്നു.

ഇഷ്ടക്കാര്‍ക്ക് കൊടുക്കാന്‍ രാജഭരണമല്ലെന്ന് പ്രതിപക്ഷം

ബ്രൂവറി അനുവദിക്കാനുള്ള തീരുമാനം എന്തടിസ്ഥാനത്തില്‍ ആണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. ഒരു കമ്പനിയെ മാത്രം എങ്ങനെ തിരഞ്ഞെടുത്തുവെന്നും മാനദണ്ഡങ്ങള്‍ എന്താണെന്നും സര്‍ക്കാര്‍ പൊതുസമൂഹത്തോട് പറയണം. ഇഷ്ടക്കാര്‍ക്ക് കൊടുക്കാന്‍ ഇത് രാജഭരണമല്ല. മദ്യ നിര്‍മ്മാണത്തിന്റെ പേരിലുള്ള അഴിമതി അനുവദിക്കില്ല. 26 വര്‍ഷമായി സംസ്ഥാനത്ത് മദ്യ നിര്‍മാണശാലകള്‍ അനുവദിക്കുന്നില്ല. ആരെങ്കിലും അപേക്ഷിച്ചാല്‍ മദ്യനിര്‍മാണശാലകള്‍ അനുവദിക്കേണ്ടതില്ലെന്നും 1999ല്‍ നയപരമായ തീരുമാനം എടുത്തിട്ടുണ്ടെന്നും പറഞ്ഞ് നിരസരിക്കുകയായിരുന്നു പതിവ്. 2018 ലും ബ്രൂവറി അനുവദിക്കാന്‍ ഒളിച്ചും പാത്തും സര്‍ക്കാര്‍ നീക്കം നടത്തിയിരുന്നു. അത് പ്രതിപക്ഷം പൊളിച്ചു. അന്ന് പൊളിഞ്ഞ അഴിമതി നീക്കം തുടര്‍ ഭരണത്തിന്റെ അഹങ്കാരത്തില്‍ വീണ്ടും നടത്താനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത്. 1999 തൊട്ടുള്ള നിലപാടില്‍ മാറ്റം വന്നതും ഇപ്പോള്‍ ഈ കമ്പനിയെ മാത്രം തെരഞ്ഞെടുത്തതും ദുരൂഹത വര്‍ധിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. ജല ദൗര്‍ലഭ്യം രൂക്ഷമായ പാലക്കാടിനെ ഈ യൂണിറ്റ് എങ്ങിനെ ബാധിക്കുമെന്ന ആശങ്കയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എതിര്‍പ്പ് സ്വാഭാവികം

എന്നാല്‍ എതിര്‍പ്പ് സ്വാഭാവികമാണെന്നും എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് അനുമതിയെന്നുമാണ് സര്‍ക്കാര്‍ നിലപാട്. മദ്യനിര്‍മാണത്തില്‍ രാജ്യത്തെ പ്രമുഖ കമ്പനിയാണ് ഒയാസിസെന്നും എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ ഡല്‍ഹി അഴിമതി കേസില്‍ അറസ്റ്റിലായ ഗൗതം മല്‍ഹോത്രയുമായി ബന്ധമുള്ള കമ്പനിയാണ് ഒയാസിസെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. പഞ്ചാബില്‍ ഭൂഗര്‍ഭ ജലം മലിനമാക്കിയതിന് അടക്കമുള്ള കേസുകള്‍ ഈ കമ്പനിക്കെതിരെ ഉണ്ടെന്നും തീരുമാനം റദ്ദാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ജനങ്ങളെ സംഘടിപ്പിച്ച് സമരം നടത്തുമെന്ന് വി.ഡി സതീശന്‍ വ്യക്തമാക്കിയിട്ടുണ്ട്. നിയമസഭാ സമ്മേളനം തുടങ്ങിയിരിക്കെ ഇക്കാര്യം ഉന്നയിച്ച് സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിറുത്താനാണ് പ്രതിപക്ഷ നീക്കം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT