കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കാര്‍ഷിക മേഖലയിലെ വിലയിടിവില്‍ നട്ടംതിരിഞ്ഞ കര്‍ഷകര്‍ക്ക് പിടിവള്ളിയായിരുന്നു പൈനാപ്പിള്‍ കൃഷി. റബര്‍ വേണ്ടത്ര ആദായം നല്കാതായതോടെ പലരും പൈനാപ്പിള്‍ കൃഷിയിലേക്ക് മാറിയിരുന്നു. പ്രത്യേകിച്ച്, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലെ കര്‍ഷകര്‍. ഉത്തരേന്ത്യന്‍ വിപണിയിലും കേരളത്തിലും ആവശ്യകത നിലനില്‍ക്കുന്നതാണ് ഭേദപ്പെട്ട വില കിട്ടാന്‍ കാരണം.
സൂപ്പര്‍ എല്‍നീനോ വരുംമാസങ്ങളില്‍ കാര്‍ഷിക മേഖലയില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന മുന്നറിയിപ്പുകള്‍ പൈനാപ്പിള്‍ മേഖലയിലും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ചൂട് കൂടുന്നത് ഡിമാന്‍ഡ് വര്‍ധിപ്പിക്കുമെങ്കിലും ഉത്പാദനം ഇടിയുന്നത് കര്‍ഷകരുടെ നേട്ടം ഇല്ലാതാക്കും.
താരതമ്യേന വരള്‍ച്ചയെ അതിജീവിക്കാന്‍ കഴിയുന്ന വിളയാണെങ്കിലും വളര്‍ച്ചയുടെ നിര്‍ണായക ഘട്ടങ്ങളില്‍ പൈനാപ്പിളിന് ജലസാന്നിധ്യം അനിവാര്യമാണ്. ആവശ്യത്തിന് മഴ ലഭിക്കാതിരുന്നാല്‍ ചെടിയുടെ വളര്‍ച്ച മന്ദഗതിയിലാകാനും കായുടെ വലുപ്പവും തൂക്കവും കുറയാനും സാധ്യതയുണ്ട്. ഉത്പാദനവും കുറയും. എല്‍ നിനോയുടെ ആഘാതം എത്രത്തോളം രൂക്ഷമാകുമെന്നത് മഴക്കുറവിന്റെയും താപനില വര്‍ധനയുടെയും ദൈര്‍ഘ്യത്തെ ആശ്രയിച്ചിരിക്കും.
കേരളത്തിലെ പൈനാപ്പിള്‍ കര്‍ഷകരെ സംബന്ധിച്ചിച്ച് ജലലഭ്യത വലിയ ആശങ്കയാണ്. മഴ കുറയുമ്പോള്‍ ജലസേചനത്തെ കൂടുതല്‍ ആശ്രയിക്കേണ്ടിവരുന്നത് ഉല്‍പാദനച്ചെലവ് ഉയര്‍ത്താം. ജലക്ഷാമം രൂക്ഷമായാല്‍ പുതിയ കൃഷിയിറക്കലിനെയും വിളവെടുപ്പ് സമയക്രമത്തെയും ബാധിക്കാനിടയുണ്ട്. 2024ലെ കടുത്ത വേനലില്‍ ഉത്പാദനം ഇടിഞ്ഞിരുന്നു.
കാല വര്‍ഷം പിന്‍വാങ്ങും മുന്‍പെ ഇത്തവണ അനുഭവപ്പെട്ട കടുത്ത ചൂട് കര്‍ഷകര്‍ക്ക് വലിയ പ്രതിസന്ധിയായിരുന്നു. രണ്ടാഴ്ച മുമ്പുവരെ പൈനാപ്പിള്‍ തോട്ടങ്ങളില്‍ നനവില്ലാത്തതിനാല്‍ കായ്ഫലം കുത്തനെ ഇടിഞ്ഞിരുന്നു. ചുട്ടുപൊള്ളുന്ന ചൂടില്‍ പൈനാപ്പിള്‍ പഴുത്ത് വിളവെടുക്കും മുന്നെ വീണ് നശിക്കുന്നത് വ്യാപകമായിരുന്നു. സാധാരണയായി തോട്ടങ്ങളില്‍ വളപ്രയോഗം നടത്തേണ്ട സമയത്താണ് ഇത്തവണ മഴ പിന്‍വാങ്ങിയത്. ഇത് ഉത്പാദനം താഴ്ത്തി.
പുതുകൃഷി ഒരുക്കാനായി നിലമൊരുക്കി തുടങ്ങിയവര്‍ പലരും വേനലിന്റെ കാഠിന്യത്തെ തുടര്‍ന്ന് കൃഷിയിറക്കാനും മടിച്ചു നില്‍ക്കുകയായിരുന്നു. കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ മഴ വ്യാപകമായതോടയാണ് പൈനാപ്പിള്‍ മേഖല സജീവമായത്.
വേനല്‍ കടുക്കുന്നത് പൈനാപ്പിള്‍ കര്‍ഷകരെ വളരെ ദോഷകരമായി ബാധിച്ചിട്ടുണ്ടെന്ന് പൈനാപ്പിള്‍ ഗ്രോവേഴ്‌സ് അസോസിയേഷന്‍ (പിജിഎ)പ്രസിഡന്റ് ബേബി ജോണ്‍ ധനംഓണ്‍ലൈനിനോട് പറഞ്ഞു. എല്‍നീനോ പ്രതിഭാസത്തെ നേരിടാന്‍ അംഗങ്ങള്‍ക്ക് മുന്‍കൂറായി നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്. നവംബര്‍, ഡിസംബര്‍, ജനുവരി മാസങ്ങളില്‍ പുതുതായി പ്ലാന്റ് ചെയ്യാനിരിക്കുന്നവരോട് ജലലഭ്യത ഉറപ്പുവരുത്തണമെന്ന് അറിയിപ്പ് നല്കിയിട്ടുണ്ടെന്നും ബേബി ജോണ്‍ വ്യക്തമാക്കി.
പൈനാപ്പിളിന്റെ വിത്തിന് കര്‍ഷകര്‍ കാനിയെന്നാണ് പറയുന്നത്. മണ്‍സൂണ്‍ മഴ കുറഞ്ഞതും ചൂട് നേരത്തെ വര്‍ധിച്ചതും മൂലം കാനിയുടെ ലഭ്യത ഇത്തവണ കുറഞ്ഞിട്ടുണ്ട്. ഇത് വില ഉയരാന്‍ കാരണമായി. ഗ്രേഡ് കൂടിയ കാനിക്ക് ഒന്നിന് 15 രൂപയോളമാണ് നിലവിലെ വില. 2024ല്‍ 17 രൂപ വരെ വില വന്നതാണ് റെക്കോഡ് നിരക്ക്.
കാനിയുടെ വില വര്‍ധിക്കുന്നത് കൃഷി ചെലവും കൂട്ടുന്നു. ഒരേക്കറില്‍ 10,000 ചെടി നടുമ്പോള്‍ 1.5 ലക്ഷം രൂപ വരെ വിത്തിന് മാത്രം വിലയാകും. തൊഴിലാളികളുടെ കൂലി, വളം, കീടനാശിനികള്‍ എല്ലാം കൂടി ചേരുമ്പോള്‍ കര്‍ഷകര്‍ക്ക് വലിയ ഭാരമാകുമെന്നും ബേബി ജോണ്‍ പറയുന്നു.
എല്‍നീനോ ഏതുരീതിയില്‍ എഫക്ട് ഉണ്ടാക്കുമെന്ന ആശങ്ക വാഴക്കുളം ഉള്‍പ്പെടെ പൈനാപ്പിള്‍ മാര്‍ക്കറ്റുകളില്‍ ശക്തമാണ്. 35 ഡിഗ്രി വരെയുള്ള ചൂട് പൈനാപ്പിള്‍ ചെടികള്‍ താങ്ങും. എന്നാല്‍ അതില്‍ മുകളില്‍ പോയാല്‍ വളര്‍ച്ചയെയും പൈനാപ്പിളിന്റെ വലുപ്പത്തെയും ബാധിക്കും.
ആറുലക്ഷം ടണ്‍ പൈനാപ്പിള്‍ ഒരു വര്‍ഷം കേരളത്തില്‍ ഉത്പാദിപ്പിക്കുന്നുണ്ടെന്നാണ് കണക്ക്. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ തന്നെയാണ് 90 ശതമാനത്തിലേറെയും വിറ്റുപോകുന്നത്. വേനല്‍ കടുക്കുമ്പോള്‍ പൈനാപ്പിളിന്റെ ആവശ്യകതയും വര്‍ധിക്കുന്നതാണ് പതിവ്. ഡല്‍ഹി, മുംബൈ, രാജ്‌കോട്ട് തുടങ്ങിയ വന്‍കിട നഗരങ്ങളിലേക്കും കേരളത്തില്‍ നിന്നാണ് പൈനാപ്പിള്‍ കയറി പോകുന്നത്. എറണാകുളത്തെ വാഴക്കുളമാണ് പൈനാപ്പിളിന്റെ പ്രധാന ഹബ്ബ്.
Read DhanamOnline in English
Subscribe to Dhanam Magazine