image credit : MVD Facebook page 
News & Views

മുക്കാല്‍ ഭാഗം ക്യാമറകളും പ്രവര്‍ത്തിക്കുന്നില്ല! റോഡിലിറങ്ങുന്നത് സൂക്ഷിച്ചുമതി, പരിശോധന കടുപ്പിക്കാന്‍ പൊലീസ് - എം.വി.ഡി

മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മന്ത്രി

Dhanam News Desk

സംസ്ഥാനത്ത് വാഹനാപകടങ്ങള്‍ പതിവായതോടെ റോഡ് സുരക്ഷാ നിയമങ്ങള്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍. മോട്ടോര്‍ വാഹന വകുപ്പ്, റോഡ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍, പൊലീസ് എന്നിവരുടെ സംയുക്ത പരിശോധന രാത്രി കാലങ്ങളിലും തുടരും. സംസ്ഥാനത്ത് അപകട മേഖലയായി കണ്ടെത്തിയ സ്ഥലങ്ങളില്‍ പ്രത്യേക പരിശോധനയുണ്ടാകും. ഇതുമായി ബന്ധപ്പെട്ട് ഉന്നതല യോഗങ്ങള്‍ ചേര്‍ന്ന് ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചാണ് പ്രവര്‍ത്തനം. അമിതവേഗം, മദ്യപിച്ച് വാഹനമോടിക്കല്‍, അശ്രദ്ധമായി വാഹനം ഓടിക്കല്‍, ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും ധരിക്കാതിരിക്കുക, അമിത ഭാരം കയറ്റി സര്‍വീസ് നടത്തുക എന്നിവയ്‌ക്കെതിരെ നടപടി ഉണ്ടാകും. ഇതിനൊപ്പം ഡ്രൈവര്‍മാര്‍ക്കുള്ള ബോധവത്കരണവും നടക്കുമെന്ന് എം.വി.ഡി വൃത്തങ്ങള്‍ പ്രതികരിച്ചു.

നിരീക്ഷണ ക്യാമറകള്‍ കണ്ണടച്ചു

ട്രാഫിക്ക് നിരീക്ഷണത്തിന് 2012ല്‍ സ്ഥാപിച്ച നിരീക്ഷണ ക്യാമറകളില്‍ മുക്കാലും പ്രവര്‍ത്തന രഹിതമാണെന്ന് റിപ്പോര്‍ട്ട്. അമിതവേഗം തടയുന്നതിന് പൊലീസും മോട്ടോര്‍ വാഹന വകുപ്പും സ്ഥാപിച്ച 400ല്‍ 300 എണ്ണവും നിലവില്‍ പ്രവര്‍ത്തിക്കുന്നില്ല. കാലപ്പഴക്കം, റോഡ് നവീകരണം, അപകടങ്ങള്‍ എന്നിവ മൂലമാണ് ഇവയുടെ പ്രവര്‍ത്തനം നിലച്ചതെന്നാണ് വിവരം. ക്യാമറകളുടെ പരിപാലന ചുമതലയില്‍ നിന്നും കെല്‍ട്രോണിനെ മാറ്റിയതോടെ തിരിഞ്ഞുനോക്കാന്‍ ആളില്ലാത്ത അവസ്ഥയാണ് ക്യാമറകള്‍ക്ക്.

അതേസമയം, അടുത്തിടെ സ്ഥാപിച്ച 675 എ.ഐ ക്യാമറകള്‍ വഴി നിരീക്ഷണം ശക്തമാക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നുമാണ് ഗതാഗത വകുപ്പ് വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ സേഫ് ക്യാമറ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച എ.ഐ ക്യാമറകള്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കരാര്‍ പ്രകാരം പദ്ധതിയുടെ ചെലവിനത്തിലും അറ്റകുറ്റപ്പണികള്‍ക്കുമായി മൂന്ന് മാസം കൂടുമ്പോള്‍ എം.വി.ഡി കെല്‍ട്രോണിന് 11.79 കോടി രൂപ വീതം നല്‍കണമെന്നാണ് ചട്ടം. എന്നാല്‍ കഴിഞ്ഞ രണ്ട് തവണകളായി ഇത് മുടങ്ങിയിരിക്കുകയാണ്.

മദ്യപിച്ച് വാഹനം ഓടിച്ചാല്‍ ലൈസന്‍സ് റദ്ദാക്കുമെന്ന് മന്ത്രി

റോഡ് സുരക്ഷാ നിയമങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താന്‍ പ്രത്യേക ഡ്രൈവ് നടത്തും. മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രൈവറ്റ് ബസുകളുടെ മത്സരയോട്ടത്തിനും അപകടകരമായ ഡ്രൈവിംഗിനുമെതിരെ ശക്തമായ നടപടിയെടുക്കും. റോഡപകടങ്ങളുടെ കാരണക്കാര്‍ ബസ് ഡ്രൈവറാണെങ്കില്‍ ബസിന്റെ പെര്‍മിറ്റ് മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യും. ഇനി മുതല്‍ പൊലീസ് വെരിഫിക്കേഷന്‍ കഴിഞ്ഞ ശേഷമേ ബസ് ജീവനക്കാരെ നിയമിക്കാനാകൂ എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT