News & Views

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി കമ്മ്യൂണിറ്റി ബാറ്ററി; രാത്രിയില്‍ വൈദ്യുതി നല്‍കുന്ന വീടുകള്‍ക്ക് മികച്ച തുക പരിഗണനയില്‍

സോളാര്‍ വൈദ്യുതി നേരിട്ട് സംഭരിക്കാന്‍ എല്ലാ വീടുകളിലും ആവശ്യമായ സൗകര്യമില്ലാത്ത സാഹചര്യത്തിലാണ് കമ്മ്യൂണിറ്റി ബാറ്ററി സംവിധാനം ആലോചിക്കുന്നത്.

Dhanam News Desk

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി നേരിടുന്നതിനായി കമ്മ്യൂണിറ്റി ബാറ്ററി സംവിധാനം നടപ്പാക്കുന്നത് പരിഗണനയിലാണെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. പുരപ്പുറ സോളാര്‍ പദ്ധതികള്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വീടുകളില്‍ സംഭരിക്കുന്ന വൈദ്യുതി രാത്രിയില്‍ കെഎസ്ഇബിക്ക് നല്‍കുന്നവര്‍ക്ക് ആകര്‍ഷകമായ നിരക്ക് അനുവദിക്കുന്ന കാര്യവും സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ടെന്ന് അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

സോളാര്‍ വൈദ്യുതി നേരിട്ട് സംഭരിക്കാന്‍ എല്ലാ വീടുകളിലും ആവശ്യമായ സൗകര്യമില്ലാത്ത സാഹചര്യത്തിലാണ് കമ്മ്യൂണിറ്റി ബാറ്ററി സംവിധാനം ആലോചിക്കുന്നത്. വീടുകളില്‍ സ്വന്തമായി ബാറ്ററി സ്റ്റോറേജ് സംവിധാനം സ്ഥാപിക്കുന്നവര്‍ക്ക് സബ്സിഡി നല്‍കുന്നതിനുള്ള സാധ്യതയും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.

ഉപഭോക്താക്കളുടെ അവകാശങ്ങളും താല്‍പ്പര്യങ്ങളും സംരക്ഷിച്ചുകൊണ്ട് മെച്ചപ്പെട്ട സേവനം ഉറപ്പാക്കാന്‍ കെ.എസ്.ഇ.ബി നടപടി സ്വീകരിക്കുമെന്നും സാധാരണക്കാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ സര്‍ക്കാര്‍ പൂര്‍ണമായി മനസ്സിലാക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. നിലവിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട രണ്ട് പ്രധാന വിഷയങ്ങള്‍ കേന്ദ്രമന്ത്രിമാരെ നേരില്‍ക്കണ്ട് ധരിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.

ആവശ്യകത വര്‍ധിച്ചു

ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വര്‍ധിച്ചതുള്‍പ്പെടെയുള്ള കാരണങ്ങളാല്‍ സംസ്ഥാനത്തെ വൈദ്യുതി ആവശ്യകതയില്‍ ഏകദേശം 1,000 മെഗാവാട്ടിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്. കല്‍ക്കരി ക്ഷാമം സ്ഥിതി കൂടുതല്‍ രൂക്ഷമാക്കിയെന്നും കേരളത്തിനു പുറമേ മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും പ്രതിസന്ധി നേരിടുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കേരളത്തിന് ആവശ്യമായ വൈദ്യുതിയുടെ 25 ശതമാനം മാത്രമാണ് നിലവില്‍ സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിക്കുന്നത്. പുതിയ വൈദ്യുതി പദ്ധതികള്‍ ആരംഭിക്കാന്‍ കഴിയാത്ത സാഹചര്യം പ്രതിസന്ധിയുടെ ആഴം കൂട്ടുന്നുണ്ട്. പ്രശ്നത്തിന് പരിഹാരം കണ്ടെത്തുന്നതിനായി വിവിധ തലങ്ങളില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT