News & Views

ഒരു മരത്തില്‍ നിന്ന് 30,000 രൂപ വരെ! റബര്‍ തോട്ടങ്ങള്‍ ചുവക്കുന്നു; കേരളത്തിന്റെ പുതിയ വരുമാനവിളയായി റംബൂട്ടാന്‍

റംബൂട്ടാന്‍ കൃഷി കേരളത്തിന് അനുയോജ്യമാണെന്നും സംസ്ഥാനത്തിന് പുറത്താണ് ഇതിന്റെ മാര്‍ക്കറ്റെന്നും റംബൂട്ടാന്‍ ആന്‍ഡ് മംഗോസ്റ്റീന്‍ ഫാര്‍മേഴ്സ് ഓര്‍ഗനൈസേഷന്‍ സാജു എംസി ധനംഓണ്‍ലൈനിനോട്

Lijo MG

മധ്യകേരളത്തിന്റെ കാര്‍ഷിക ഭൂപടം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പതുക്കെ മാറിക്കൊണ്ടിരിക്കുകയാണ്. പുതുതലമുറ വിദേശ വിദ്യാഭ്യാസത്തിന്റെയും യൂറോപ്യന്‍ കുടിയേറ്റത്തിന്റെയും വഴിയെടുത്തപ്പോള്‍, നാട്ടിലെ തോട്ടങ്ങളിലും മറ്റൊരു വലിയ മാറ്റം അരങ്ങേറി. ഒരുകാലത്ത് കോട്ടയത്തിന്റെയും ഇടുക്കിയുടെയും സാമ്പത്തിക അടയാളമായിരുന്ന റബര്‍ മരങ്ങള്‍ പല തോട്ടങ്ങളിലും വെട്ടിവീഴ്ത്തപ്പെട്ടു. ആ ഇടങ്ങളിലാണ് ഇപ്പോള്‍ ചുവന്ന കുലകളുമായി റംബൂട്ടാന്‍ പുതിയൊരു കാര്‍ഷിക അധ്യായം തുറക്കുന്നത്.

ടാപ്പിംഗിന് തൊഴിലാളികളെ കിട്ടാത്തതും കാലാവസ്ഥാ വ്യതിയാനം മൂലം ടാപ്പിംഗ് ദിവസങ്ങള്‍ കുറയുന്നതും കര്‍ഷകരെ റബറില്‍നിന്ന് അകറ്റി. എന്നാല്‍ തോട്ടങ്ങള്‍ തരിശിടാന്‍ പലരും തയാറായില്ല. കുറഞ്ഞ തൊഴിലാളികളില്‍ പരിപാലിക്കാവുന്നതും മികച്ച വരുമാനസാധ്യതയുള്ളതുമായ റംബൂട്ടാനെയാണ് പകരം തെരഞ്ഞെടുത്തത്. ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, ഇടുക്കി, വയനാട് ജില്ലകളിലെ പഴയ റബര്‍ ബെല്‍റ്റുകളില്‍ റംബൂട്ടാന്‍ അതിവേഗം വേരുറപ്പിക്കുകയാണ്.

25,000 ഏക്കറില്‍ കൃഷി

റംബൂട്ടാന്‍ കേരളത്തിന് ഇന്നൊരു അപരിചിത പഴമല്ല. സംസ്ഥാനത്ത് 25,000 ഏക്കറിലാണ് റംബൂട്ടാന്‍ കൃഷിയുള്ളത്. ഈ സീസണില്‍ ഒരു ലക്ഷം ടണ്ണിനടുത്ത് ഉത്പാദനം നടക്കുമെന്നാണ് പ്രതീക്ഷ. കൃഷി വ്യാപകമായതോടെ റംബൂട്ടാന്‍ ആന്‍ഡ് മാംഗോസ്റ്റീന്‍ ഫാര്‍മേഴ്സ് ഓര്‍ഗനൈസേഷന്‍ (RMFO) എന്ന പേരില്‍ കര്‍ഷകരുടെ സംഘടനയും നിലവില്‍ വന്നു. റംബൂട്ടാന്‍, മാംഗോസ്റ്റീന്‍ കൃഷിയിലേക്ക് കടന്നുവരുന്നവര്‍ക്ക് ശാസ്ത്രീയമായ അറിവുകള്‍ പകര്‍ന്നു നല്കാനും മാര്‍ക്കറ്റ് കണ്ടെത്താനും സംഘടന സഹായിക്കുന്നു.

വിവിധ ജില്ലകളില്‍ നിന്നായി 600ലേറെ കര്‍ഷകരാണ് സംഘടനയിലുള്ളത്. റംബൂട്ടാന്‍ കൃഷിയെക്കുറിച്ചും മാര്‍ക്കറ്റിംഗ് സാധ്യതകളെക്കുറിച്ച് പുതിയ അറിവുകള്‍ പകരാനുമായി ഓഗസ്റ്റ് എട്ടിന് എറണാകുളം കൂത്താട്ടുകുളത്ത് റംബൂട്ടാന്‍ കോണ്‍ക്ലേവും സംഘടിപ്പിക്കുന്നുണ്ട്.

കര്‍ഷകര്‍, വ്യാപാരികള്‍, കയറ്റുമതിക്കാര്‍, സ്റ്റാര്‍ട്ടപ്പുകള്‍, നിക്ഷേപകര്‍, കാര്‍ഷിക ശാസ്ത്രജ്ഞര്‍, നയരൂപീകരണ രംഗത്തുള്ളവര്‍ എന്നിവര്‍ പങ്കെടുക്കും.

റംബൂട്ടാന്‍ കൃഷി കേരളത്തിന് അനുയോജ്യമാണെന്നും സംസ്ഥാനത്തിന് പുറത്താണ് ഇതിന്റെ മാര്‍ക്കറ്റെന്നും റംബൂട്ടാന്‍ ആന്‍ഡ് മംഗോസ്റ്റീന്‍ ഫാര്‍മേഴ്സ് ഓര്‍ഗനൈസേഷന്‍ സാജു എംസി ധനംഓണ്‍ലൈനിനോട് പറഞ്ഞു.

റംബൂട്ടാന്‍ നട്ട് സാധാരണയായി മൂന്നാം വര്‍ഷം മുതലാണ് വാണിജ്യാടിസ്ഥാനത്തില്‍ വിളവെടുക്കാന്‍ കഴിയുന്നത്. മൂന്നാം വര്‍ഷം ഒരു മരത്തില്‍നിന്ന് ഏകദേശം 30 കിലോഗ്രാമും നാലാം വര്‍ഷം 50 കിലോഗ്രാമും അഞ്ചാം വര്‍ഷം 70 കിലോഗ്രാമും വരെ വിളവ് ലഭിക്കാം. നന്നായി പരിപാലിക്കുന്ന പ്രായമായ മരങ്ങളില്‍നിന്ന് 300 കിലോഗ്രാം വരെ ലഭിക്കാമെന്നാണ് കര്‍ഷകര്‍ പറയുന്നത്.

വര്‍ഷം കഴിയുന്തോറും വിളവ് വര്‍ധിച്ചുകൊണ്ടിരിക്കുകയും ഒരു മരത്തിന് 300 കിലോഗ്രാം വരെ വിളവ് ലഭിക്കുകയും ചെയ്യുമെന്ന് കര്‍ഷകര്‍ പറയുന്നു. കിലോയ്ക്ക് 100 രൂപ നിരക്കില്‍ ലഭിച്ചാല്‍ പോലും, 300 കിലോഗ്രാം വിളവിലൂടെ ഒരു മരത്തില്‍ നിന്ന് വര്‍ഷത്തില്‍ 30,000 രൂപ വരുമാനം നേടാം. പരമ്പരാഗത വിളകള്‍ക്കില്ലാത്ത പല നേട്ടങ്ങളും റംമ്പൂട്ടാനുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു.

മാര്‍ക്കറ്റ് വലുതാണ്

കേരളത്തില്‍ ഏറ്റവുമധികം തെറ്റിദ്ധാരണ നേരിടേണ്ടി വന്ന കൃഷിയാണ് റംബൂട്ടാനെന്ന് കര്‍ഷകര്‍ ഒരേസ്വരത്തില്‍ പറയും. നിപ്പയോ വൈറല്‍ പനികളോ പടര്‍ന്നു പിടിക്കുമ്പോള്‍ ആദ്യം വിലയിടിക്കുന്നത് റംബൂട്ടാന്റെയാണ്. ഇത് ആസൂത്രിത നീക്കമാണെന്ന് കര്‍ഷകരും പറയുന്നു. വര്‍ഷങ്ങളായി കാര്‍ഷികമേഖലയില്‍ സജീവമായ സാജു എംസിയുടെ അഭിപ്രായത്തില്‍ റംബൂട്ടാന്റെ വലിയ വിപണി കേരളമല്ല.

സംസ്ഥാനത്തിന് പുറത്തുള്ള റംബൂട്ടാന്‍ കൃഷിയുള്ള മാര്‍ക്കറ്റുകളാണ് വിപണനത്തിനായി കണ്ടെത്തേണ്ടത്. റംബൂട്ടാന്‍ ആന്‍ഡ് മംഗോസ്റ്റീന്‍ ഫാര്‍മേഴ്സ് ഓര്‍ഗനൈസേഷന്‍ തന്നെ ഇതിനായി മുന്‍കൈ എടുക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

കര്‍ഷകരെ നേരിട്ട് സമീപിക്കുന്ന മൊത്തവ്യാപാരികളും മുന്‍കൂര്‍ കരാറുകാരുമാണ് നിലവില്‍ വിപണനത്തിലെ പ്രധാന കണ്ണി. കായ്ക്കുന്ന ഘട്ടത്തില്‍ത്തന്നെ തോട്ടത്തിന് വില നിശ്ചയിച്ച് വിളവെടുപ്പ്, പാക്കിംഗ്, ഗതാഗതം എന്നിവ വ്യാപാരികള്‍ ഏറ്റെടുക്കുന്ന രീതിയും നിലവിലുണ്ട്. ചെറുകിട കര്‍ഷകര്‍ ഫാംഗേറ്റ് വില്‍പ്പന, പ്രാദേശിക പഴക്കടകള്‍, കര്‍ഷക കൂട്ടായ്മകള്‍, ഇക്കോ ഷോപ്പുകള്‍, സമൂഹമാധ്യമങ്ങള്‍ എന്നിവയിലൂടെയും വിപണി കണ്ടെത്തുന്നു.

ചെന്നൈയും ബെംഗളൂരുവും കടന്ന് പുതിയ വിപണികള്‍

നിലവില്‍ കേരളത്തിലെ റംബൂട്ടാന്റെ പ്രധാന വിപണികള്‍ ചെന്നൈയും ബെംഗളൂരുവുമാണ്. ഹൈദരാബാദ്, മുംബൈ, ഡല്‍ഹി തുടങ്ങിയ നഗരങ്ങളിലെ മൊത്തവ്യാപാര വിപണികളിലേക്കും ഉത്തരേന്ത്യന്‍ നഗരങ്ങളിലേക്കും വില്‍പന വ്യാപിപ്പിക്കാനായാല്‍ കര്‍ഷകര്‍ക്കത് വലിയ നേട്ടമാകും.

ഗള്‍ഫ് രാജ്യങ്ങളും കേരളത്തിന് പ്രധാന സാധ്യതയാണ്. കേരളത്തിലെ വിളവെടുപ്പ് കാലം ഗള്‍ഫിലെ വേനല്‍ക്കാലവുമായി ഒത്തുചേരുന്നതും മലയാളികളുള്‍പ്പെടെയുള്ള പ്രവാസി വിപണിയിലെ പരിചിതത്വവും അനുകൂല ഘടകങ്ങളാണ്. എന്നാല്‍ കയറ്റുമതിക്ക് ഏകീകൃത ഗുണനിലവാരം, ഉല്‍പാദനം, ശീതീകരിച്ച ചരക്കുനീക്കം, ഇറക്കുമതി രാജ്യങ്ങളുടെ മാനദണ്ഡങ്ങള്‍ എന്നിവ ഉറപ്പാക്കേണ്ടിവരും.

പഴമായി മാത്രം വില്‍ക്കുന്നതിന് പകരം ജ്യൂസ്, സ്‌ക്വാഷ്, ജാം, ജെല്ലി, ഉണക്കപ്പഴം തുടങ്ങിയ മൂല്യവര്‍ധിത ഉല്‍പന്നങ്ങളിലേക്കു കടക്കുന്നതും കര്‍ഷകര്‍ക്ക് സീസണല്‍ വിലയിടിവില്‍നിന്ന് സംരക്ഷണം നല്‍കും. റംബൂട്ടാന്‍ കൃഷി ഭാവിയില്‍ കേരളത്തിന് കൂടുതല്‍ വിദേശനാണ്യം നേടിത്തരുന്ന കൃഷിയായി മാറുമെന്ന പ്രതീക്ഷയിലാണ് ഈ രംഗത്തുള്ളവര്‍.

Rubber plantations in Kerala are increasingly shifting to rambutan cultivation, driven by higher income potential and expanding domestic and export markets

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT