നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് വലിയ തോതിലുളള പോളിംഗ്. വേനല്‍ക്കാലത്തെ കനത്ത ചൂട് വകവെക്കാതെ വോട്ടര്‍മാര്‍ രാവിലെ മുതല്‍ പോളിംഗ് ബൂത്തുകളിലേക്ക് ഒഴുകി. ഉച്ചകഴിഞ്ഞ് 4 മണിയോടെ പോളിംഗ് 62 ശതമാനം കഴിഞ്ഞിരിക്കുകയാണ്. രാഷ്ട്രീയ നേതാക്കളും സാമൂഹിക സാംസ്‌കാരിക ചലച്ചിത്ര മേഖലയിലുളളവരും സജീവമായി രാവിലെ തന്നെ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി. വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ്.
മൂന്നാം തവണ തുടര്‍ച്ചയായി അധികാരത്തിലെത്താമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. അതേസമയം ഭരണവിരുദ്ധ വികാരം രൂക്ഷമാണെന്നും ഉറപ്പായും അധികാരത്തിലെത്താമെന്നുമുളള വിശ്വാസത്തിലാണ് യുഡിഎഫ്. നിയമസഭയില്‍ ഇത്തവണ വീണ്ടും അക്കൗണ്ട് തുറക്കാമെന്ന കണക്കുക്കൂട്ടലിലാണ് എന്‍ഡിഎ കളത്തിലിറങ്ങിയിരിക്കുന്നത്. 140 നിയോജക മണ്ഡലങ്ങളിലും ജനങ്ങള്‍ ആവേശത്തോടെയാണ് പോളിംഗ് ബൂത്തുകളിലേക്ക് എത്തുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ ധർമ്മടത്തു നിന്നാണ് മൂന്നാം തവണയും ജനവിധി തേടുന്നത്. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറവൂരില്‍ നിന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ നേമത്തു നിന്നും മത്സരിക്കുന്നു. 2.71 കോടി വോട്ടര്‍മാരുളള സംസ്ഥാനത്ത് ആകെ 883 സ്ഥാനാര്‍ത്ഥികളാണ് ഉളളത്. മെയ് നാലിനാണ് വോട്ടെണ്ണല്‍ നടക്കുക.
Read DhanamOnline in English
Subscribe to Dhanam Magazine