പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പെട്രോളിയം ഉത്പന്നമായ ടാറിന്റെ വില കുത്തനെ ഉയര്‍ന്നത് കേരളത്തിലെ റോഡ് നിര്‍മാണ മേഖലയെ പ്രതിസന്ധിയിലാക്കുന്നു. മാര്‍ച്ചില്‍ കിലോഗ്രാമിന് 40-45 നിരക്കിലുണ്ടായിരുന്ന ടാറിന് ഇപ്പോള്‍ 120-140 വരെയാണ് വില. മൂന്നിരട്ടിയിലേറെയുണ്ടായ വിലവര്‍ധന കരാറുകാര്‍ക്ക് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുകയാണ്.
ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ നിരവധി റോഡുകളുടെ നിര്‍മാണം ഇതോടെ ഇഴഞ്ഞു നീങ്ങുകയാണ്. പലയിടത്തും പ്രവൃത്തികള്‍ ആരംഭിക്കാന്‍പോലും കഴിഞ്ഞിട്ടില്ലെന്ന് കരാറുകാര്‍ പറയുന്നു. ഗ്രാമീണ റോഡുകളുടെ അടക്കം നിര്‍മാണത്തില്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.
റോഡുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി ബിഎംബിസി നിലവാരത്തിലുള്ള നിര്‍മാണത്തിലേക്ക് മാറിയതും ടാറിന്റെ ആവശ്യകത വര്‍ധിപ്പിച്ചിട്ടുണ്ട്. പരമ്പരാഗത റോഡ് നിര്‍മാണ രീതിയെ അപേക്ഷിച്ച് നാലിരട്ടിയോളം ടാറാണ് ബിഎംബിസി നിലവാരത്തിലുള്ള റോഡുകള്‍ക്ക് വേണ്ടിവരുന്നത്. വില കുത്തനെ ഉയര്‍ന്നതോടെ നിലവിലെ കരാര്‍ നിരക്കില്‍ നിര്‍മാണം പൂര്‍ത്തിയാക്കുന്നത് വലിയ നഷ്ടമുണ്ടാക്കുമെന്നാണ് കരാറുകാരുടെ നിലപാട്.
ടാറിന് പുറമെ റോഡ് നിര്‍മാണത്തിന് ആവശ്യമായ മെറ്റലിന്റെ ലഭ്യതക്കുറവും പ്രതിസന്ധി രൂക്ഷമാക്കുന്നു. സംസ്ഥാനത്ത് നേരത്തെ 3,000ത്തോളം ക്വാറികള്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 150 എണ്ണം മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് ഈ മേഖലയിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്. തമിഴ്നാട്ടില്‍നിന്നുള്ള മെറ്റല്‍ വരവ് നിലച്ചതും ലഭ്യതയെ ബാധിച്ചു. തമിഴ്‌നാട്ടില്‍ നിന്ന് ഇതരസംസ്ഥാനങ്ങളിലേക്ക് മെറ്റലും കല്ലും കൊണ്ടുപോകുന്നതിന് സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവന്നിരുന്നു.
എല്ലാ റോഡ് നിര്‍മാണ കരാറുകളിലും സര്‍ക്കാര്‍ വിലവ്യതിയാന വ്യവസ്ഥ ഉള്‍പ്പെടുത്തണമെന്നാണ് കരാറുകാരുടെ പ്രധാന ആവശ്യം. ദേശീയപാത അതോറിറ്റി കരാറുകാര്‍ക്ക് അനുവദിക്കുന്നതുപോലെ സംസ്ഥാന സര്‍ക്കാരും വിലവര്‍ധന മൂലമുള്ള നഷ്ടത്തിന് പരിഹാരം നല്‍കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.
നിലവില്‍ 18 മാസത്തില്‍ താഴെ കാലാവധിയുള്ള ചെറുകിട, ഇടത്തരം പ്രവൃത്തികള്‍ക്ക് വിലവ്യതിയാന ആനുകൂല്യം ലഭിക്കുന്നില്ല. അടങ്കല്‍ തുകയോ പ്രവൃത്തിയുടെ കാലാവധിയോ പരിഗണിക്കാതെ എല്ലാ കരാറുകള്‍ക്കും ഈ ആനുകൂല്യം മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കണമെന്നാണ് ആവശ്യം.
Read DhanamOnline in English
Subscribe to Dhanam Magazine