News & Views

കേരള റബര്‍ വില അന്താരാഷ്ട്ര വിപണിയെ മറികടന്നു; വീണ്ടും സജീവമായി തോട്ടങ്ങള്‍; ഉത്പാദനം കൂടുമെന്ന് പ്രതീക്ഷ

ഈ വര്‍ഷം അനുകൂലമായ മഴയും കാലാവസ്ഥയും റബര്‍ മരങ്ങളുടെ വളര്‍ച്ചയ്ക്കും ലാറ്റക്സ് ഉത്പാദനത്തിനും ഗുണകരമാണെന്ന് മേഖലാ വിദഗ്ധര്‍ വിലയിരുത്തുന്നു.

Dhanam News Desk

ആഗോള റബര്‍ വിപണിയില്‍ വിലയിടിവിന്റെ കരിനിഴല്‍ വീഴുമ്പോഴും കേരളത്തിലെ കര്‍ഷകര്‍ക്ക് സുവര്‍ണകാലം. ആഭ്യന്തര വിപണിയില്‍ കിലോഗ്രാമിന് 280 രൂപയ്ക്ക് മുകളിലായി തുടരുകയാണ് റബര്‍വില. മികച്ച വിലയും അനുകൂല കാലാവസ്ഥയും സര്‍ക്കാരിന്റെ ഉത്പാദന പ്രോത്സാഹന പദ്ധതികളും ഒത്തുചേര്‍ന്നതോടെ, വര്‍ഷങ്ങളായി കാടുമൂടി കിടന്നതും അവഗണിക്കപ്പെട്ടിരുന്നതുമായ നിരവധി റബര്‍ തോട്ടങ്ങളില്‍ വീണ്ടും ടാപ്പിംഗ് തുടങ്ങി.

ആര്‍എസ്എസ്4 റബറിന് കിലോഗ്രാമിന് ഏകദേശം 284 രൂപ വരെയാണ് നിലവില്‍ ലഭിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ റബര്‍ നിരക്കുകളേക്കാള്‍ ഉയര്‍ന്ന നിരക്കാണിത്. ഒരാഴ്ച മുമ്പ് വരെ അന്താരാഷ്ട്ര വിലയായിരുന്നു മുകളില്‍. നിലവില്‍ ബാങ്കോക്ക് വില കിലോഗ്രാമിന് 270 രൂപയിലാണ്. സാധാരണയായി ആഗോള വിപണിയിലെ വിലക്കയറ്റ ഇറക്കങ്ങളാണ് നാടന്‍ റബര്‍ വിലയെ നിയന്ത്രിക്കാറുള്ളത്. എന്നാല്‍, ഇന്ത്യയിലെ ശക്തമായ ആഭ്യന്തര ഡിമാന്‍ഡും ടയര്‍ വ്യവസായ മേഖലയുടെ കുതിപ്പുമാണ് വിപണിക്ക് കരുത്താകുന്നത്.

അന്താരാഷ്ട്ര വിപണിയില്‍ സമ്മര്‍ദം

പ്രധാന റബര്‍ ഉത്പാദക രാജ്യങ്ങളായ തായ്ലന്‍ഡ്, ഇന്തോനേഷ്യ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളില്‍ ഉത്പാദനം വര്‍ധിച്ചതും ആഗോള വിപണിയില്‍ ലഭ്യത കൂട്ടിയിട്ടുണ്ട്. അതേസമയം ലോകത്തെ ഏറ്റവും വലിയ റബര്‍ ഉപഭോക്താക്കളിലൊന്നായ ചൈനയിലെ വാഹന-ടയര്‍ വ്യവസായ മേഖലയിലെ ആവശ്യകത പ്രതീക്ഷിച്ചതുപോലെ ശക്തമല്ലാത്തതും അന്താരാഷ്ട്ര വിലയെ സമ്മര്‍ദത്തിലാക്കുകയാണ്.

ഇന്ത്യയില്‍ വില ഉയര്‍ത്തുന്നത് എന്ത്?

രാജ്യത്ത് പ്രകൃതിദത്ത റബറിന്റെ ഉപഭോഗം വര്‍ഷങ്ങളായി ഉയര്‍ന്നുവരികയാണ്. പ്രത്യേകിച്ച് ടയര്‍ നിര്‍മാണ കമ്പനികള്‍, വാഹന വ്യവസായം, വ്യാവസായിക റബര്‍ ഉല്‍പന്ന നിര്‍മാതാക്കള്‍ എന്നിവരുടെ സ്ഥിരതയുള്ള വാങ്ങലാണ് വിപണിക്ക് കരുത്താകുന്നത്.

അതേസമയം ആഭ്യന്തര ഉത്പാദനം ആവശ്യത്തിന് ഉയരാത്ത സാഹചര്യത്തില്‍ ഇറക്കുമതിയെ ആശ്രയിക്കേണ്ടി വരുന്നുണ്ട്. എന്നാല്‍ ഉയര്‍ന്ന ഇറക്കുമതി ചെലവും മറ്റ് ഘടകങ്ങളും ആഭ്യന്തര റബറിന്റെ മത്സരക്ഷമത വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതാണ് കേരളത്തിലെ വിപണിയില്‍ മികച്ച വില തുടരാന്‍ സഹായിക്കുന്ന പ്രധാന കാരണങ്ങളിലൊന്ന്.

ഉത്പാദനം വര്‍ധിക്കുമെന്ന പ്രതീക്ഷ

ഈ വര്‍ഷം ലഭിച്ച അനുകൂലമായ മഴയും കാലാവസ്ഥയും റബര്‍ മരങ്ങളുടെ വളര്‍ച്ചയ്ക്കും ലാറ്റക്സ് ഉത്പാദനത്തിനും ഗുണകരമാണെന്ന് മേഖലാ വിദഗ്ധര്‍ വിലയിരുത്തുന്നു. റബര്‍ ബോര്‍ഡിന്റെ റെയിന്‍ ഗാര്‍ഡിങ്, ശാസ്ത്രീയ ടാപ്പിങ്, മെച്ചപ്പെട്ട തോട്ടപരിപാലനം എന്നിവ കൂടുതല്‍ കര്‍ഷകര്‍ സ്വീകരിച്ചതും ഉത്പാദനം വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ.

മികച്ച വില നിലനില്‍ക്കുന്നതിനാല്‍ നേരത്തെ ടാപ്പിങ് നിര്‍ത്തിവെച്ചിരുന്ന നിരവധി ചെറുകിട കര്‍ഷകരും വീണ്ടും തോട്ടങ്ങളിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. ദീര്‍ഘകാലമായി പരിപാലനം കുറഞ്ഞിരുന്ന തോട്ടങ്ങളിലും ഇപ്പോള്‍ ശുചീകരണവും ടാപ്പിങ് ജോലികളും സജീവമായിട്ടുണ്ട്.

റബര്‍ കര്‍ഷകര്‍ക്ക് കുറഞ്ഞത് കിലോഗ്രാമിന് 250 രൂപ ഉറപ്പാക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ റബര്‍ ഉത്പാദന പ്രോത്സാഹന പദ്ധതിയും കര്‍ഷകര്‍ക്ക് ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്. വിപണി വില 250 രൂപയ്ക്ക് മുകളിലായതിനാല്‍ നിലവില്‍ സബ്‌സിഡി ലഭിക്കേണ്ട സാഹചര്യമില്ലെങ്കിലും, വില ഇടിഞ്ഞാലും സുരക്ഷിത അടിസ്ഥാനവില ലഭിക്കുമെന്ന വിശ്വാസം കര്‍ഷകര്‍ക്ക് ആത്മവിശ്വാസം പകരുന്നു.

റബര്‍ വിലയിലെ മുന്നേറ്റം കര്‍ഷകരുടെ വരുമാനം മാത്രമല്ല, ഗ്രാമീണ സമ്പദ്വ്യവസ്ഥയെയും ഉണര്‍ത്തുകയാണ്. ടാപ്പിങ് തൊഴിലാളികള്‍, ഷീറ്റ് നിര്‍മാണ യൂണിറ്റുകള്‍, റബര്‍ വ്യാപാരികള്‍, ചെറുകിട സംസ്‌കരണ കേന്ദ്രങ്ങള്‍ തുടങ്ങിയ മേഖലകളും സജീവമാണ്.

Kerala rubber prices have moved above international rates, encouraging farmers to resume tapping and raising expectations of higher domestic production

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT