ആഗോള റബര്‍ ഉത്പാദക രാജ്യങ്ങളിലെ പ്രതിസന്ധി രാജ്യാന്തര റബര്‍ വിലയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുന്നു. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ രാജ്യാന്തര റബര്‍വില കിലോഗ്രാമിന് 30 രൂപയ്ക്ക് മുകളിലാണ് കൂടിയത്. ബാങ്കോക്ക് നിരക്കില്‍ ആര്‍എസ്എസ്1 ഗ്രേഡിന് 260 രൂപയ്ക്കടുത്താണ് വില.
യുദ്ധം മൂലം ക്രൂഡ്ഓയില്‍ വില വര്‍ധിച്ചത് കൃത്രിമ റബര്‍ ഉത്പാദന ചെലവ് വര്‍ധിപ്പിച്ചതും ആവശ്യകതയ്ക്കനുസരിച്ച് ഇത്തവണ ഉത്പാദനം ഉണ്ടാകുന്നില്ലെന്നതുമാണ് റബര്‍ വിലയില്‍ പ്രതിഫലിക്കുന്നത്. ഒരു മാസം മുമ്പ് വരെ 200 രൂപയില്‍ താഴെയായിരുന്നു അന്താരാഷ്ട്ര വില.
ക്രൂഡ്ഓയില്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന പ്രധാന ഉത്പന്നങ്ങളില്‍ ഒന്നാണ് സിന്തറ്റിക് റബര്‍. എണ്ണവില ഉയരുമ്പോള്‍ സിന്തറ്റിക് റബര്‍ നിര്‍മാണച്ചെലവ് കൂടും. ഇത്തരം സന്ദര്‍ഭങ്ങളില്‍ നിര്‍മാതാക്കള്‍ പ്രകൃതിദത്ത റബറിലേക്ക് മാറും. ഇതോടെ പ്രകൃതിദത്ത റബറിന്റെ വിലയും ഉയരും. ക്രൂഡ് വില അടുത്തെങ്ങും താഴില്ലെന്ന സൂചനകള്‍ വന്നതോടെ ടയര്‍ കമ്പനികള്‍ കൂടുതലായി വിപണിയില്‍ നിന്ന് ചരക്ക് ശേഖരിക്കാന്‍ മുന്നിട്ടിറങ്ങിയിട്ടുണ്ട്.
കേരളത്തിലെ റബര്‍ വിലയും കഴിഞ്ഞ ദിവസങ്ങളില്‍ ഉയരുകയാണ്. ആര്‍എസ്എസ്4 ഗ്രേഡിന്റെ വില കിലോഗ്രാമിന് 224 രൂപയായി. ഒരു മാസത്തിനിടെ വിലയില്‍ 30 രൂപയിലധികം വര്‍ധിച്ചിട്ടുണ്ട്. യുദ്ധം തുടങ്ങിയ സമയത്ത് വിപണിയില്‍ നിന്ന് വിട്ടുനിന്ന ടയര്‍ കമ്പനികള്‍ ഇപ്പോള്‍ നയം മാറ്റിയിരിക്കുകയാണ്. രാജ്യാന്തര വില ഉയര്‍ന്നാല്‍ ഇറക്കുമതി നഷ്ടമാകുമെന്ന തിരിച്ചറിവിലാണ് ടയര്‍ കമ്പനികള്‍ സജീവമായത്. ഈ നില തുടര്‍ന്നാല്‍ അധികം വൈകാതെ വില 250 രൂപയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ.
വില ഉയര്‍ന്നെങ്കിലും കേരളത്തിലെ കര്‍ഷകരുടെ കൈയില്‍ ആവശ്യത്തിന് ചരക്കില്ല. കടുത്ത ചൂട് കാരണം പലയിടത്തും ടാപ്പിംഗ് നിര്‍ത്തിവച്ചിരിക്കുകയാണ്. പാല്‍ കുറഞ്ഞതാണ് കാരണം. വേനല്‍മഴ നന്നായി കിട്ടിയാല്‍ ഉത്പാദനം വര്‍ധിക്കുമെന്നാണ് പ്രതീക്ഷ.
Read DhanamOnline in English
Subscribe to Dhanam Magazine