financial crisis Photo : Canva
News & Views

ഇന്ത്യന്‍ ഗ്രാമങ്ങളിലും തളര്‍ച്ചയുടെ സൂചന, കേരളം തന്നെ മുന്നില്‍, ഇക്കാര്യങ്ങള്‍ ഒത്തുവന്നാല്‍ ഡിമാന്‍ഡ് കൂടുമെന്ന് പ്രതീക്ഷ

സാമ്പത്തിക ഞെരുക്കം കൂടുതലുള്ള കേരളം പോലുള്ള സംസ്ഥാനങ്ങളിലാണ് തളര്‍ച്ച കൂടുതല്‍

Dhanam News Desk

ഗ്രാമീണ ഇന്ത്യയും തളരുകയാണ്. ഉയരുന്ന നാണ്യപ്പെരുപ്പവും സാമ്പത്തിക തളര്‍ച്ചയും മൂലം ഗ്രാമീണരുടെ സമ്പാദ്യം കുറയുകയാണ്. വീട്ട് ചെലവ് കൂടിവരുന്നത് കൊണ്ട് എന്തെങ്കിലും വാങ്ങേണ്ടി വരുന്ന സന്ദര്‍ഭത്തിലെല്ലാം അവര്‍ വിലയെ കുറിച്ച് ഏറെ വ്യാകുലരാവുന്നു. സാമ്പത്തിക പ്രതിസന്ധി കൂടി വരുന്നത് കൊണ്ട് മാസചെലവ് ചുരുക്കാനും അവര്‍ നിര്‍ബന്ധിതരാകുന്നു.

20 ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ 4,000ത്തോളം ഗ്രാമീണര്‍ക്കിടയില്‍ മാര്‍ക്കറ്റ് റിസര്‍ച്ച് കമ്പനിയായ കാന്താറുമായി ചേര്‍ന്ന് മീഡിയ കമ്പനിയായ ഗ്രൂപ്പ് എം നടത്തിയ സര്‍വെയില്‍ നിന്ന് കണ്ടെത്തിയ കാര്യങ്ങളാണിത്.

അത്യാവശ്യമല്ലാത്ത വാങ്ങല്‍ മതിയാക്കി

ഒരു ശരാശരി ഇന്ത്യന്‍ ഗ്രാമീണന്‍ 17 വിഭാഗങ്ങളില്‍ ഷോപ്പിംഗ് നടത്തുന്നുണ്ടെന്നും അവശ്യ വസ്തുക്കളിലും പേഴ്‌സണല്‍ കെയര്‍ ഉല്‍പ്പന്നങ്ങളിലുമാണ് അവര്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നുമാണ് പഠനത്തിലെ ഒരു കണ്ടെത്തല്‍. ചെലവ് ചുരുക്കല്‍ കാര്യമായ തോതില്‍ നടക്കുന്നതിനാല്‍ അത്ര അത്യാവശ്യമല്ലാത്ത ഉല്‍പ്പന്നങ്ങളുടെ വാങ്ങല്‍ വന്‍തോതില്‍ കുറഞ്ഞിട്ടുണ്ട്. സാമ്പത്തിക ഞെരുക്കം കൂടുതലുള്ള കേരളം പോലുള്ള സംസ്ഥാനങ്ങളിലാണ് ഈ തളര്‍ച്ച കൂടുതല്‍.

ഇനി പ്രതീക്ഷ ഇങ്ങനെ

നാണ്യപ്പെരുപ്പവും ജോലിയിലെ അസ്ഥിരതയും മൂലം കഴിഞ്ഞ ഏതാനും ത്രൈമാസങ്ങളായി ഉപഭോക്താക്കളുടെ ചെലവിടല്‍, പ്രത്യേകിച്ച് നഗരമേഖലയില്‍, കുറഞ്ഞുവരികയായിരുന്നു. കണ്‍സ്യൂമര്‍ ഗുഡ്‌സ് കമ്പനികളും ചെറുകിട കച്ചവടക്കാരും ഡിമാന്റ് കുറവിനെ തുടര്‍ന്നുള്ള പ്രതിസന്ധികളെ അഭിമുഖീകരിക്കുകയാണ്. നാണ്യപ്പെരുപ്പം കുറയുകയും ഒപ്പം കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച നികുതി പരിഷ്‌കാരങ്ങള്‍ നടപ്പാക്കപ്പെടുകയും കൂടി ചെയ്യുമ്പോള്‍ ഡിമാന്റ് കൂടുമെന്നാണ് ഇപ്പോള്‍ റീറ്റെയ്ല്‍ രംഗത്തുള്ളവരുടെ പ്രതീക്ഷ. ഈ സീസണില്‍ മണ്‍സൂണ്‍ മികച്ചതാകുമെന്നാണ് പ്രവചനം. അതുപോലെ തന്നെ നാണ്യപ്പെരുപ്പം കുറയുമെന്ന നിഗമനവുമുണ്ട്. ഇത് രണ്ടും ഒത്തുവന്നാല്‍ ഗ്രാമീണ മേഖലയിലെ ഡിമാന്റ് ഉയരുമെന്നാണ് പ്രതീക്ഷ.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT