മിന്നുന്ന ലൈറ്റുകള്‍, ആഡംബര ഇന്റീരിയര്‍, വിദേശ നഗരങ്ങളെ ഓര്‍മിപ്പിക്കുന്ന ഡിസൈന്‍, സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഉദ്ഘാടന ദൃശ്യങ്ങള്‍... കേരളത്തിലെ സലൂണ്‍ ബിസിനസിന് ഇപ്പോള്‍ വലിയൊരു ഗ്ലാമര്‍ പരിവേഷമുണ്ട്. നഗരങ്ങളില്‍ മാത്രമല്ല, ചെറുപട്ടണങ്ങളിലും നാട്ടിന്‍പുറങ്ങളിലും വരെ പത്ത് ലക്ഷം രൂപ മുതല്‍ ഇരുപത് ലക്ഷം രൂപയ്ക്കും അതിന് മുകളിലും നിക്ഷേപിച്ചുള്ള യൂണിസെക്‌സ് സലൂണുകള്‍ അതിവേഗം ഉയര്‍ന്നുവരികയാണ്.
എന്നാല്‍, ഉദ്ഘാടനദിവസത്തെ തിരക്കും സോഷ്യല്‍ മീഡിയയിലെ സ്വീകാര്യതയും പലപ്പോഴും ദീര്‍ഘകാല വിജയമായി മാറുന്നില്ല. വലിയ പ്രതീക്ഷകളോടെ ആരംഭിച്ച ചില സലൂണുകള്‍ മാസങ്ങള്‍ക്കുള്ളില്‍ തന്നെ വരുമാനക്കുറവ്, ഉയര്‍ന്ന പ്രവര്‍ത്തനച്ചെലവ്, ജീവനക്കാരുടെ ക്ഷാമം തുടങ്ങിയ പ്രതിസന്ധികളില്‍പ്പെട്ട് ഷട്ടര്‍ താഴ്ത്തുന്നത് പതിവാകുന്നു.
ഇന്ത്യയിലെ ബ്യൂട്ടി ആന്‍ഡ് പേഴ്‌സണല്‍ കെയര്‍ വിപണി ശക്തമായ വളര്‍ച്ചാപാതയിലാണ്. 2024-25ലെ ഏകദേശം 2.25 ലക്ഷം കോടി രൂപയില്‍ നിന്ന് 2029-30ഓടെ വിപണി 3.25 ലക്ഷം കോടി രൂപയിലേക്ക് വളരുമെന്നാണ് വിവിധ പഠനങ്ങള്‍ അടിവരയിടുന്നത്. യുവ ഉപഭോക്താക്കളുടെ വര്‍ധന, സോഷ്യല്‍ മീഡിയയുടെ സ്വാധീനം, ഉയരുന്ന വരുമാനം, വ്യക്തിഗത പരിചരണത്തോടുള്ള താല്‍പര്യം എന്നിവയാണ് ഈ വളര്‍ച്ചയ്ക്ക് കരുത്താകുന്നത്.
എന്നാല്‍ വളരുന്ന വിപണി എല്ലാ സലൂണുകള്‍ക്കും ഒരുപോലെ നേട്ടമാകില്ല. ശരിയായ സ്ഥലം, പ്രാദേശിക വിപണിക്ക് അനുയോജ്യമായ വില, പരിശീലനം നേടിയ ജീവനക്കാര്‍, മികച്ച ഉപഭോക്തൃ അനുഭവം, മതിയായ പ്രവര്‍ത്തന മൂലധനം എന്നിവ ഉറപ്പാക്കാത്ത സ്ഥാപനങ്ങള്‍ക്ക് ഈ ബിസിനസില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ലെന്ന് ഓസ്‌ക യൂണിസെക്‌സ് സലൂണിന്റെ സാരഥികളിലൊരാളായ ലിനോ ജെയിംസ് ധനംഓണ്‍ലൈനിനോട് പറഞ്ഞു.
മലയാളിയുടെ ഗ്രൂമിങ് ശീലങ്ങളില്‍ വന്ന മാറ്റമാണ് പ്രധാന കാരണം. മുടിവെട്ടലില്‍ മാത്രം ഒതുങ്ങാതെ ഹെയര്‍ കളറിങ്, ഫേഷ്യല്‍, സ്‌കിന്‍ കെയര്‍, ബ്രൈഡല്‍ മേക്കപ്പ്, നെയില്‍ ആര്‍ട്ട്, സ്പാ, ഹെയര്‍ ട്രീറ്റ്മെന്റ് തുടങ്ങിയ സേവനങ്ങള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിച്ചു. സൗന്ദര്യവല്‍ക്കരണത്തിനായി പണം ചെലവഴിക്കാന്‍ മലയാളികള്‍ക്ക് മടിയില്ലാതായി. ഇത്തരമൊരു ശീലമാറ്റമാണ് യൂണിസെക്‌സ് സലൂണുകള്‍ കൂണുപോലെ മുളയ്ക്കാന്‍ കാരണമായത്.
സേവനാധിഷ്ഠിത മേഖലയായതിനാല്‍ അസംസ്‌കൃത വസ്തുക്കളുടെ ചെലവ് കുറവാണെന്നും വരുമാനത്തിന്റെ വലിയൊരു ഭാഗം ലാഭമായി ലഭിക്കുമെന്നുമാണ് പൊതുവായ ധാരണ. എന്നാല്‍ ജീവനക്കാരുടെ ശമ്പളം, കമ്മിഷന്‍, വാടക, വൈദ്യുതി, ഉല്‍പന്നങ്ങള്‍, അറ്റകുറ്റപ്പണി, മാര്‍ക്കറ്റിംഗ് തുടങ്ങിയവയ്‌ക്കെല്ലാം ചെലവേറെയാണ്.
കോവിഡിന് ശേഷം കേരളത്തില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം വന്നിട്ടുള്ള മേഖലകളിലൊന്നാണ് സലൂണ്‍ രംഗം. കൊച്ചി നഗരത്തില്‍ മാത്രം കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ 100ഓളം സലൂണുകളാണ് പുതുതായി തുടങ്ങിയത്. ഇതില്‍ പത്തിലേറെ സലൂണുകള്‍ പൂട്ടിപ്പോയി. സലൂണുകളുടെ എണ്ണം വര്‍ധിച്ചതിനാല്‍ മത്സരം കൂടിയെന്നും ഇതുവഴി ഓഫറുകള്‍ നല്കാന്‍ പലരും നിര്‍ബന്ധിതരാകുകയാണെന്നും ജെയ്ക് യൂണിസെക്‌സ് സലൂണിന്റെ നിക്ഷേപകരിലൊരാളായ അര്‍ച്ചന പവിത്രന്‍ പറയുന്നു.
പലരും ലക്ഷങ്ങള്‍ കടംവാങ്ങി ഇന്റീരിയര്‍ വര്‍ക്കുകള്‍ മനോഹരമാക്കുന്നു. എന്നാല്‍ സലൂണ്‍ ബിസിനസിലെ ഏറ്റവും വലിയ ആസ്തി കസേരയോ ഇന്റീരിയറോ അല്ല; കഴിവുള്ള ഹെയര്‍ സ്‌റ്റൈലിസ്റ്റും ബ്യൂട്ടീഷ്യനുമാണ്. മികച്ച ജീവനക്കാരെ കണ്ടെത്താനും അവരെ സ്ഥാപനത്തില്‍ നിലനിര്‍ത്താനും കഴിയാത്തതാണ് പല സലൂണുകളും നേരിടുന്ന പ്രധാന വെല്ലുവിളി.
ഉയര്‍ന്ന ശമ്പളം, കമ്മിഷന്‍, താമസം തുടങ്ങിയ സൗകര്യങ്ങള്‍ നല്‍കി മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ജീവനക്കാരെ എത്തിക്കുന്ന സ്ഥാപനങ്ങളുണ്ട്. എന്നാല്‍ പ്രധാന സ്‌റ്റൈലിസ്റ്റ് പെട്ടെന്ന് ജോലി ഉപേക്ഷിക്കുകയോ ഉപഭോക്താക്കളെ പുതിയ സ്ഥാപനത്തിലേക്ക് ആകര്‍ഷിക്കുകയോ ചെയ്താല്‍ ഉടമ പ്രതിസന്ധിയിലാകും. ഇത് പലയിടത്തും സംഭവിക്കുന്നുമുണ്ട്. കേരളത്തിലെ ഒട്ടുമിക്ക സലൂണുകളിലും ജീവനക്കാര്‍ ഇതര സംസ്ഥാന തൊഴിലാളികളാണ്. നല്ല സ്റ്റാഫുകളെ കൂടുതല്‍ മെച്ചപ്പെട്ട ഓഫര്‍ നല്കി സ്വന്തമാക്കുന്ന പ്രവണതയും കേരളത്തിലെ സലൂണ്‍ ഇന്‍ഡസ്ട്രിയിലുണ്ട്.
സലൂണ്‍ മേഖല നേരിടുന്ന വലിയ പ്രതിസന്ധികളിലൊന്ന് നിക്ഷേപമാണ്. 1,000 ചതുരശ്രയടിയില്‍ ഉള്ള ഒരു സലൂണ്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ ഏറ്റവും കുറഞ്ഞത് 30 മുതല്‍ 40 ലക്ഷം രൂപ വരെ വേണം. യൂണിസെക്‌സ് സലൂണ്‍ തുടങ്ങുന്ന പലരും ബാങ്ക് വായപയെ ആണ് ആശ്രയിക്കുന്നത്. പലപ്പോഴും ഈ ഫീല്‍ഡിനെക്കുറിച്ച് അറിവില്ലാത്തവരാണ് സലൂണ്‍ തുടങ്ങുന്നത്. ഇന്റീരിയര്‍ ഡെക്കറേഷന്‍ മുതല്‍ ഉപകരണങ്ങളുടെ വാങ്ങലില്‍ വരെ ഇതുമൂലം തിരിച്ചടി നേരിടേണ്ടി വരുന്നു.
മുഴുവന്‍ തുകയും ഇന്റീരിയറിന് ചെലവഴിച്ച ശേഷം വാടക, ജീവനക്കാരുടെ ശമ്പളം, വൈദ്യുതി, ഉല്‍പന്നങ്ങള്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എന്നിവയ്ക്കുള്ള പ്രവര്‍ത്തന മൂലധനം കണ്ടെത്താന്‍ കഴിയാതെ വരുന്നു.
ആദ്യ മാസം മുതല്‍ സലൂണിലേക്ക് കസ്റ്റമേഴ്‌സിന്റെ ഒഴുക്കുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പലരും ഈ രംഗത്തേക്ക് വരുന്നത്. എന്നാല്‍ കസ്റ്റമേഴ്‌സിന്റെ അടിത്തറ വിപുലമാക്കാന്‍ ആറുമാസം മുതല്‍ രണ്ടുവര്‍ഷം വരെ വേണ്ടിവരും. ഈ കാലയളവിലെ ചെലവുകള്‍ക്കായി പ്രത്യേക ഫണ്ട് മാറ്റിവെച്ചിട്ടില്ലെങ്കില്‍ വരുമാനം ഉയരുന്നതിന് മുമ്പുതന്നെ സ്ഥാപനം കടബാധ്യതയിലാകും.
പലരും തുടക്കത്തില്‍ വലിയ ഓഫറുകള്‍ നല്കി തുടങ്ങും. ഓഫറിന്റെ ബഹളം തീരുന്നതോടെ ഉപയോക്താക്കളുടെ വരവും നിലയ്ക്കും. ഓഫര്‍ അവസാനിച്ച ശേഷവും കസ്റ്റമേഴ്‌സ് മടങ്ങിവരുന്നുണ്ടോ എന്നതാണ് ബിസിനസിന്റെ യഥാര്‍ഥ പരീക്ഷണം. സലൂണ്‍ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ടതാണ് വീണ്ടും വരുന്ന കസ്റ്റമേഴ്‌സ്. ഒരു തവണ സര്‍വീസിനെത്തുന്ന കസ്റ്റമേഴ്‌സ് തിരികെ എത്തിയില്ലെങ്കില്‍ സലൂണ്‍ മേഖലയില്‍ പിടിച്ചുനില്ക്കുക പ്രയാസകരമായിരിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine