അധ്യായന വര്‍ഷം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ സ്‌കൂള്‍ വിപണി ഉഷാറില്‍. കച്ചവടം പൊലിപ്പിക്കാന്‍ വ്യാപാരികളും രംഗത്തിറങ്ങിയതോടെ ഷോപ്പുകളില്‍ തിരക്കേറിയിരിക്കുകയാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വിപണിയില്‍ വിലക്കയറ്റം ദൃശ്യമാണ്. സ്വദേശി ഉത്പന്നങ്ങള്‍ മുതല്‍ കൊറിയന്‍ ബാഗുകള്‍ വരെ വിപണിയില്‍ കുട്ടികളെ ആകര്‍ഷിക്കുന്നു.
ഇത്തവണയും സ്‌കൂള്‍ വിപണിയിലെ താരം ബാഗുകളാണ്. കുറഞ്ഞ നിരക്ക് മുതല്‍ പ്രീമിയം ലുക്ക് വരെയുള്ള സ്‌കൂള്‍ ബാഗുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. ഇടത്തരം ബാഗുകള്‍ക്ക് 300 രൂപ മുതലാണ് വില. 3,000 രൂപ വരെ വിലയുള്ള ബാഗുകള്‍ വില്ക്കുന്നുണ്ട്.
മിക്കി മൗസ്, അവഞ്ചേഴ്‌സ്, സ്‌പൈഡര്‍മാന്‍, ബാര്‍ബി ഡോള്‍, ബെന്‍ടെന്‍ തുടങ്ങി കുട്ടികളുടെ ഇഷ്ട കഥാപാത്രങ്ങളെല്ലാം ബാഗുകളില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. കാര്‍ട്ടുകള്‍ കഥാപാത്രങ്ങള്‍ പതിച്ച ബാഗുകള്‍ക്ക് തന്നെയാണ് ഡിമാന്‍ഡ് കൂടുതലെന്ന് എറണാകുളം മാര്‍ക്കറ്റിലെ ബാഗ് മൊത്ത കച്ചവടക്കാരനായ കാര്‍ത്തിക് പീതാംബരന്‍ പറയുന്നു.
ബാഗുകളുടെ വിലയില്‍ മുന്‍വര്‍ഷത്തെക്കാള്‍ 15-20 ശതമാനം വില കൂടുതലുണ്ട്. സാധാരണഗതിയില്‍ 5 മുതല്‍ 10 ശതമാനം വരെയായിരുന്നു ഓരോ വര്‍ഷവും വില കൂടിയിരുന്നത്. പശ്ചിമേഷ്യന്‍ യുദ്ധംമൂലം അസംസ്‌കൃത വസ്തുക്കളുടെ വിലയിലുണ്ടായ വര്‍ധനയാണ് ബാഗുകളുടെ വില കൂടാനിടയാക്കിയത്. വില കൂടിയതു മൂലം കുറഞ്ഞ മാര്‍ജിനില്‍ വില്ക്കാന്‍ കച്ചവടക്കാര്‍ നിര്‍ബന്ധിതരാകുന്നുവെന്ന് കാര്‍ത്തിക് പറയുന്നു.
അഞ്ചാംക്ലാസിനു മുകളിലുള്ള കുട്ടികള്‍ക്കിടയില്‍ കൊറിയന്‍ ബാഗുകള്‍ക്കാണ് ഡിമാന്‍ഡ്. ഭാരം കുറഞ്ഞതും ഇളംനിറങ്ങളിലുള്ളതുമായ ഈ ഇറക്കുമതി ബാഗുകള്‍ക്ക് ആണ്‍പെണ്‍ വ്യത്യാസമില്ലാതെ ഡിമാന്‍ഡ് ഏറെയാണ്. 300 രൂപ മുതല്‍ ലഭ്യമാണെങ്കിലും ഗുണമേന്മയേറിയ നൊറീട്ടോ ബാഗുകള്‍ക്ക് 850 രൂപ മുതലാണ് വില.
കുട വിപണിയില്‍ പ്രമുഖ കമ്പനികളുടെ കുടകള്‍ തന്നെയാണ് മുന്നില്‍. കുട്ടികള്‍ക്കുള്ള കളര്‍ കുടകള്‍ക്ക് 99 രൂപ മുതലാണ് വില. 1,000 രൂപ വരെയുള്ള കുട്ടികളുടെ കുടകള്‍ വിപണിയില്‍ ലഭ്യമാണ്. ബാഗിലെന്ന പോലെ കുടയിലും വലിയ തോതില്‍ വില കൂടിയിട്ടുണ്ട്. ടു ഫോള്‍ഡ്, ത്രീഫോള്‍ഡ്, ഫൈവ് ഫോള്‍ഡ് തുടങ്ങി കാലന്‍ കുട വരെ മാര്‍ക്കറ്റില്‍ വിറ്റുപോകുന്നു. മുതിര്‍ന്ന കുട്ടികള്‍ കൂടുതലായി കാലന്‍കുട വാങ്ങുന്നതായി വ്യാപാരികള്‍ പറയുന്നു.
ചിത്രങ്ങള്‍ പതിച്ച കുടകള്‍ക്കാണു കുട്ടികള്‍ക്കിടയില്‍ പ്രിയം. 250 രൂപ മുതലാണ് ഇത്തരം കുടകള്‍ക്ക് വില. ബ്രാന്‍ഡിന് അനുസരിച്ച് വിലയില്‍ മാറ്റമുണ്ടാകും. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ ചിത്രങ്ങളുള്ള കുടകളും വിപണയിലുണ്ട്. ഇത്തവണ വേനല്‍ച്ചൂട് കൂടുകയും തൊട്ടുപിന്നാലെ മഴ ശക്തമാകുകയും ചെയ്തതോടെ മാര്‍ച്ച് മുതല്‍ കുടകള്‍ക്ക് ആവശ്യക്കാരുണ്ടായിരുന്നു.
മഴ ശക്തമായതോടെ കുടവിപണി ഉഷാറാണെന്ന് കച്ചവടക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. ചൈനീസ് കുടകളുടെ ആധിപത്യം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മാര്‍ക്കറ്റിലുണ്ടായിരുന്നു. എന്നാല്‍ രണ്ടോ മൂന്നോ മാസംകൊണ്ട് കേടുപാടുകള്‍ സംഭവിക്കുമെന്നതിനാല്‍ ചൈനീസ് കുടകളുടെ വില്പന കുറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ബ്രാന്‍ഡ് കുടകളാണ് കൂടുതല്‍ പേരും ചോദിച്ചു വരുന്നത്.
സ്‌കൂളുകളില്‍ പ്ലാസ്റ്റിക് പാത്രങ്ങള്‍ക്ക് നിയന്ത്രണം ഉള്ളതിനാല്‍ സ്റ്റീല്‍ വാട്ടര്‍ ബോട്ടിലുകളുടെയും ടിഫിന്‍ ബോക്‌സിന്റെയും ഡിമാന്‍ഡ് വര്‍ധിച്ചിട്ടുണ്ട്. 300 രൂപ വരെ വിലവരുന്നതാണ് സ്റ്റീല്‍ ബോട്ടിലുകള്‍.
നോട്ടുബുക്കുകള്‍ക്കു കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് പത്തുമുതല്‍ 15 ശതമാനംവരെ വില വര്‍ധിച്ചു. ഒരു ബുക്കിന് ഏകദേശം രണ്ടുരൂപയോളം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. നിലവില്‍ 20 രൂപ മുതലാണ് ബുക്കുകളുടെ വില തുടങ്ങുന്നത്. ഓഫീസ് സ്റ്റേഷനറി സാധനങ്ങള്‍ക്കും വിലകൂടിയിട്ടുണ്ട്. വിപണി പിടിക്കാന്‍ പല ചില്ലറവ്യാപാര സ്ഥാപനങ്ങളും ഒന്നെടുത്താല്‍ ഒന്ന് സൗജന്യം തുടങ്ങിയ ആകര്‍ഷകമായ ഓഫറുകളും കിറ്റുകളും ഒരുക്കിയിട്ടുണ്ട്.
ഡിജിറ്റല്‍ പെന്‍സില്‍ ബോക്‌സുകളാണ് ഈ വര്‍ഷത്തെ വെറൈറ്റികളിലൊന്ന്. പെന്‍സില്‍ ബോക്‌സിന്റെ ഡിസ്‌പ്ലേയില്‍ എഴുതുകയും വരയ്ക്കുകയും ചെയ്യാമെന്നതാണ് പ്രത്യേകത. എഴുതുന്നത് ഡിലീറ്റ് ചെയ്യാനുള്ള ബട്ടനുമുണ്ട്. 150 രൂപ മുതലാണ് ഇതിന്റെ വില.
സ്‌കൂള്‍ വിപണിയില്‍ വില പിടിച്ചു നിര്‍ത്താന്‍ കണ്‍സ്യൂമര്‍ ഫെഡും സജീവമായി രംഗത്തുണ്ട്. കണ്‍സ്യൂമര്‍ സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റുകള്‍ ക്രമീകരിച്ചാണ് സ്‌കൂള്‍ ഉത്പന്നങ്ങള്‍ വില്ക്കുന്നത്. 20 മുതല്‍ 40 ശതമാനം വിലക്കുറവിലാണ് വില്പന. സംസ്ഥാനത്തൊട്ടാകെ 500 സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റുകളാണ് കണ്‍സ്യൂമര്‍ ഫെഡ് തുടങ്ങിയത്. ഇതുകൂടാതെ വിവിധ സംഘടനകളും സ്‌കൂള്‍ ഉത്പന്നങ്ങളുടെ വില്പനയുമായി സജീവമാണ്.
Read DhanamOnline in English
Subscribe to Dhanam Magazine