സംസ്ഥാനത്തെ നിലവിലുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന് സമാനമായി പ്രവാസികള്‍ക്ക് തൊഴില്‍ കണ്ടെത്താന്‍ ഓണ്‍ലൈന്‍ പ്രവാസി എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് നിലവില്‍ വന്നു. കൊവിഡ് പശ്ചാത്തലത്തില്‍ സമസ്ത മേഖലയിലും തൊഴില്‍ നഷ്ടവും സാമ്പത്തിക മാന്ദ്യവും ഉടലെടുക്കുകയും നിരവധി പ്രവാസികള്‍ തൊഴില്‍ നഷ്ടപെട്ട് സംസ്ഥാനത്ത് തിരിച്ചെത്തുകയും ചെയ്ത സാഹചര്യത്തിലാണ് വെര്‍ച്വല്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സജ്ജമാക്കിയത്. വിദഗ്ദ്ധ തൊഴിലാളികളെ കണ്ടെത്തുന്നതിനും തിരികെ വന്നവര്‍ക്ക് എംപ്ലോയ്മെന്റ് വഴി ലഭ്യമാകുന്ന സ്വയം തൊഴില്‍, കരിയര്‍ സേവനങ്ങള്‍ ലഭ്യമാക്കി പുനരധിവസിക്കാനും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി സാധിക്കും. നാഷണല്‍ ഇന്‍ഫോര്‍മാറ്റിക് സെന്റര്‍(എന്‍.ഐ.സി) കേരള ഘടകമാണ് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വികസിപ്പിച്ചത്.
പ്രവാസി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ എല്ലാ സേവനങ്ങളും എല്ലാ സമയത്തും (24x7) ഇന്റര്‍നെറ്റ് വഴി ലോകമെമ്പാടും ലഭ്യമാകും. പൂര്‍ണമായും ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിലാകും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് പ്രവര്‍ത്തിക്കുക.
ആര്‍ക്കൊക്കെ പ്രയോജനം?
നിലവില്‍ വിദേശത്ത് ജോലി ചെയ്യുന്ന മലയാളികള്‍, കേരളത്തിന് പുറത്ത് ജോലി ചെയ്യുന്ന മലയാളികള്‍, തൊഴില്‍ നഷ്ടം സംഭവിച്ച് മടങ്ങി വരുന്നവര്‍ എന്നിവര്‍ക്കൊക്കെ രജിസ്റ്റര്‍ ചെയ്യാം. കുറഞ്ഞ പ്രായ പരിധി 18 വയസാണ്. ഉയര്‍ന്ന പ്രായപരിധിയില്ല.
തൊഴില്‍ സാഹചര്യം, തൊഴില്‍ നൈപുണ്യം വിദ്യാഭ്യാസ യോഗ്യത, വിദേശത്തോ നാട്ടിലോ ഉള്ള മേല്‍വിലാസം എന്നിവ തെളിയിക്കുന്നതിനുള്ള ഏതെങ്കിലും ആധികാരിക രേഖ www.pravasi.employment.kerala.gov.in എന്ന പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്ത് ഓണ്‍ലൈനായി രജിസ്ട്രേഷന്‍ നടത്താം. പ്രവാസി പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്യുന്ന പ്രവാസികള്‍ക്ക് നിലവില്‍ എംപ്ലോയ്മെന്റ് വകുപ്പ് നടത്തുന്ന തൊഴില്‍ മേളകളില്‍ പങ്കെടുക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തും. കൂടാതെ വകുപ്പിന്റെ വിവിധ സ്വയം തൊഴില്‍ പദ്ധതികളുടെ സേവനങ്ങളും പ്രയോജനപ്പെടുത്താവുന്നതാണ്.
Read DhanamOnline in English
Subscribe to Dhanam Magazine