News & Views

27 കമ്പനികളുമായി താല്പര്യ പത്രം ഒപ്പിട്ട് കേരളം; ആകെ നിക്ഷേപം ₹1.18 ലക്ഷം കോടിയെന്ന് മന്ത്രി പി. രാജീവ്

താല്‍പര്യപത്രത്തിന്റെ തുടര്‍ച്ചയായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി

Dhanam News Desk

ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ 1.18 ലക്ഷം കോടി രൂപയുടെ നിക്ഷേപ താല്‍പര്യപത്രം ഒപ്പിട്ടുവെന്ന് മന്ത്രി പി രാജീവ്. അമേരിക്ക, യുകെ, ജര്‍മ്മനി, സ്‌പെയിന്‍, ഇറ്റലി, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിവിധ കമ്പനികളുമായാണ് താല്പര്യപത്രം ഒപ്പിട്ടത്.

മൂന്ന് ദിവസം കൊണ്ട് 67 കമ്പനികളുടെ പ്രതിനിധികളുമായി കേരളസംഘം മുഖാമുഖ ചര്‍ച്ച നടത്തി. താല്‍പര്യപത്രത്തിന്റെ തുടര്‍ച്ചയായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

ചരിത്രത്തിലാദ്യമായാണ് ലോക സാമ്പത്തിക ഫോറത്തില്‍ നിന്ന് കേരളം നിക്ഷേപം സമാഹരിക്കുന്നതെന്നും മെഡിക്കല്‍ ടെക്‌നോളജി വ്യവസായം, റിന്യൂവബിള്‍ എനര്‍ജി, ഡാറ്റാ സെന്റര്‍, എമര്‍ജിങ് ടെക്‌നോളജി മേഖലകളിലെ 27 കമ്പനികളാണ് താല്‍പര്യപത്രങ്ങളില്‍ ഒപ്പിട്ടിരിക്കുന്നതെന്നും പി. രാജീവ് സോഷ്യല്‍മീഡിയ കുറിപ്പില്‍ വ്യക്തമാക്കി.

കൊച്ചിയില്‍ കഴിഞ്ഞവര്‍ഷം സംഘടിപ്പിച്ച ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റില്‍ ഒപ്പിട്ട താല്പര്യപത്രങ്ങളില്‍ നൂറിലധികം കമ്പനികളും നിര്‍മാണ ഘട്ടത്തിലേക്ക് കടന്നിട്ടുണ്ട്. ഇതിനു പുറമേയാണ് ലോക സാമ്പത്തിക ഫോറത്തില്‍ പ്രധാന കമ്പനികളുമായി താല്പര്യപത്രം ഒപ്പുവെച്ചത്.

ഇഎസ്ജി നയം അംഗീകരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളമെന്നത് കൂടുതല്‍ നിക്ഷേപങ്ങള്‍ക്ക് പ്രേരണയാകുന്നതായി വിവിധ കമ്പനികള്‍ അഭിപ്രായപ്പെട്ടതെന്നും മന്ത്രി പി. രാജീവ് കൂട്ടിച്ചേര്‍ത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT