News & Views

₹3,600 രൂപ വീതം 63 ലക്ഷത്തിലധികം പേരുടെ കൈകളിലേക്ക്; വിപണിക്ക് ഉണര്‍വാകും ക്ഷേമപെന്‍ഷന്‍ വിതരണം

ക്ഷേമ പെന്‍ഷനുകള്‍ ഉപയോക്താക്കളിലേക്ക് എത്തുന്നത് ഗ്രാമീണ മേഖലയില്‍ ഉപഭോഗം വര്‍ധിക്കാന്‍ ഇടയാക്കുമെന്നാണ് പ്രതീക്ഷ

Dhanam News Desk

സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷനുകള്‍ വ്യാഴാഴ്ച്ച മുതല്‍ വിതരണം ചെയ്യും. രണ്ടുമാസത്തെ തുകയായ 3,600 രൂപയാണ് ഗുണഭോക്താക്കള്‍ക്ക് ലഭിക്കുക. കുടിശികയായിട്ടുള്ള 1,600 രൂപയും നവംബറിലെ 2,000 രൂപയും ചേര്‍ത്താണ് വിതരണം ചെയ്യുക. 63,77,935 പേര്‍ക്കാണ് പെന്‍ഷന്‍ ലഭിക്കുക.

ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യാന്‍ ഒരുമാസം 900 കോടി രൂപയായിരുന്നു വേണ്ടിയിരുന്നത്. പെന്‍ഷന്‍ തുകയില്‍ 400 രൂപ വര്‍ധിക്കും മുമ്പായിരുന്നു ഇത്. നവംബര്‍ മുതല്‍ 1,050 കോടി രൂപ ക്ഷേമ പെന്‍ഷനുകള്‍ നല്കാന്‍ മാത്രം വേണം. ഗുണഭേക്താക്കളില്‍ പകുതിയോളം പേര്‍ക്ക് ബാങ്ക് അക്കൗണ്ട് വഴിയാണ് പണം ലഭിക്കുന്നത്. ബാക്കിയുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തിച്ചു നല്കും.

ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യുന്നതിനായി ധനവകുപ്പ് 1,864 കോടി രൂപ അനുവദിച്ചിരുന്നു. ഒരു മാസത്തെ കുടിശിക ഉള്‍പ്പെടെ ക്ഷേമ പെന്‍ഷന്‍ വിതരണം നവംബറില്‍ തന്നെ ആരംഭിക്കുമെന്ന് മന്ത്രി കെ.എന്‍ ബാലഗോപാല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഗ്രാമീണ മേഖലയ്ക്ക് ഉണര്‍വാകും

ക്ഷേമ പെന്‍ഷനുകള്‍ ഉപയോക്താക്കളിലേക്ക് എത്തുന്നത് ഗ്രാമീണ മേഖലയില്‍ ഉപഭോഗം വര്‍ധിക്കാന്‍ ഇടയാക്കുമെന്നാണ് പ്രതീക്ഷ. മധ്യപ്രദേശ്, ബിഹാര്‍, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്ക് മാസംന്തോറും പണം ലഭിക്കുന്ന പദ്ധതികളുണ്ട്. ഇതുവഴി ലഭിക്കുന്ന പണം പലപ്പോഴും പൊതുവിപണിയിലേക്ക് ചെലവഴിക്കപ്പെടുന്നതായി വിവിധ പഠനങ്ങള്‍ കണ്ടെത്തിയിരുന്നു.

ഗ്രാമീണ മേഖലകളിലാണ് ഇത്തരം ക്ഷേമ പെന്‍ഷനുകള്‍ കൂടുതല്‍ ഗുണം ചെയ്യുന്നത്. വിപണിയില്‍ കൂടുതല്‍ പണമെത്തുന്നത് വിവിധ മേഖലകള്‍ക്ക് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. അടുത്ത മാസം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതും വിപണിയില്‍ സാമ്പത്തിക ക്രയവിക്രയം വര്‍ധിപ്പിച്ചിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT