News & Views

ലുലു മാളും കയര്‍ കോര്‍പ്പറേഷനും കൈകോര്‍ക്കുന്നു; മാട്രസ് എക്‌സിപീരിയന്‍സ് ഷോറൂം ഉദ്ഘാടനം നാളെ

കേരളത്തിലെ ഒരു പൊതുമേഖലാ സ്ഥാപനം അന്തര്‍ദേശീയ നിലവാരമുള്ള ഷോപ്പിംഗ് മാളില്‍ ഷോറൂം ആരംഭിക്കുന്നത് ആദ്യം

Dhanam News Desk

കേരളത്തിന്റെ തനത് കയര്‍ ഉല്‍പ്പന്നങ്ങളെ കൂടുതല്‍ ജനകീയമാക്കുന്നതിന് സംസ്ഥാന കയര്‍ കോര്‍പ്പറേഷനും ലുലു മാളും ഒന്നിക്കുന്നു. അന്താരാഷ്ട്ര നിലവാരമുള്ള കയര്‍ ഉല്‍പ്പന്നങ്ങള്‍ക്കായി തിരുവനന്തപുരം ലുലു മാളില്‍ കയര്‍ കോര്‍പ്പറേഷന്റെ എക്‌സ്‌ക്ലൂസീവ് മാട്രസ് എക്‌സ്പീരിയന്‍സ് ഷോറും തുറക്കും. ഉദ്ഘാടനം ജൂലൈ 10 ന് വൈകീട്ട് ആറിന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് നിര്‍വ്വഹിക്കും.

പ്രത്യേകതകള്‍ ഏറെ

കേരളത്തിലെ ഒരു പൊതുമേഖലാ സ്ഥാപനം അന്തര്‍ദേശീയ നിലവാരമുള്ള ഷോപ്പിംഗ് മാളില്‍ ഷോറൂം ആരംഭിക്കുന്നത് ആദ്യമാണ്. 1,000 ചതുരശ്ര അടി വിസ്താരമുള്ള ഷോറൂമില്‍ കേരളത്തിന്റെ തനത് കയര്‍ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവുമുണ്ടാകും. 5,000 രൂപ മുതല്‍ രണ്ട് ലക്ഷം രൂപ വരെ വിലയുള്ള മെത്തകള്‍ ഇവിടെ ലഭിക്കും. നിലവില്‍ അന്താരാഷ്ട്ര ഷോപ്പിംഗ് മാള്‍ ശൃംഖലയായ വാള്‍ മാര്‍ട്ട് ഉള്‍പ്പടെ പ്രമുഖ സ്ഥാപനങ്ങളിലേക്ക് സംസ്ഥാന കയര്‍ കോര്‍പ്പറേഷന്‍ ഉല്‍പ്പന്നങ്ങള്‍ കയറ്റി അയക്കുന്നുണ്ട്.

നാളെ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ കയര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ജി.വേണുഗോപാല്‍ അധ്യക്ഷനാകും. കയര്‍ വകുപ്പ് ഡയറക്ടര്‍ ആനി ജൂലാ തോമസ് ആദ്യ വില്‍പ്പന നിര്‍വ്വഹിക്കും. ബി.പി.ടി ചെയര്‍മാന്‍ അജിത് കുമാര്‍, കയര്‍ വികസന അഡീഷണല്‍ ഡയറക്ടര്‍ അനില്‍ കുമാര്‍, കയര്‍ കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ.പ്രജീഷ്.ജി.പണിക്കര്‍, ഡയറക്ടര്‍മാരായ രാജേഷ് പ്രകാശ് (ഫിനാന്‍സ് ഡിപാര്‍ട്ട്‌മെന്റ്, കേരള സര്‍ക്കാര്‍), കെ.ഡി.അനില്‍കുമാര്‍, കെ.എല്‍.ബെന്നി, വി.സി ഫ്രാന്‍സിസ് എന്നിവര്‍ പങ്കെടുക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT