വാഹനങ്ങളില്‍ കൂളിംഗ് ഫിലിം ഉപയോഗിക്കാവുന്നതാണെന്ന് അടുത്തിടെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കുന്ന കൂളിംഗ് ഫിലിമാണ് ഉപയോഗിക്കേണ്ടതെന്നും കോടതി നിഷ്കര്‍ഷിച്ചിരുന്നു. ഈ ഉത്തരവില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ഡിപ്പാര്‍ട്മെന്റ്.
കേരള ഹൈക്കോടതിയുടെ ഉത്തരവ് പ്രാവര്‍ത്തികമാക്കാന്‍ ട്രാൻസ്‌പോർട്ട് കമ്മീഷണര്‍ ഡിപ്പാര്‍ട്മെന്റില്‍ നിന്ന് ഇനി പ്രത്യേക ഉത്തരവ് തേടേണ്ട ആവശ്യമില്ല. അതേസമയം, കൂളിംഗ് ഫിലിം സംബന്ധിച്ച സുതാര്യതാ മാനദണ്ഡങ്ങൾ പാലിക്കാന്‍ വാഹന ഉടമകള്‍ ശ്രദ്ധിക്കേണ്ടതാണ്.
ഹൈക്കോടതി വിധി അനുസരിച്ച്, വാഹനങ്ങളില്‍ കൂളിംഗ് ഫിലിമുകൾ മുൻവശത്തും പിൻവശത്തും പതിപ്പിക്കാവുന്നതാണ്. പക്ഷെ ഈ കൂളിംഗ് ഫിലിമുകളിലൂടെ കുറഞ്ഞത് 70 ശതമാനമെങ്കിലും പ്രകാശം കടന്നുപോകുന്നുണ്ടെന്ന് ഉറപ്പാക്കണം. വശങ്ങളിലെ വിൻഡോകളിലെ ഗ്ലാസുകളിലെ ഫിലിമുകൾ കുറഞ്ഞത് 50 ശതമാനം ലൈറ്റ് ട്രാൻസ്മിഷൻ അനുവദിക്കുന്നതായിരിക്കണം.
എന്നിരുന്നാലും, വാഹനത്തിന്റെ അകംഭാഗത്തെ ദൃശ്യപരതയെ ഫിലിം തടസ്സപ്പെടുത്തുകയാണെങ്കിൽ, നിയമ നടപടികൾ സ്വീകരിക്കുന്നതാണെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. എല്ലാ കൂളിംഗ് ഫിലിമുകളും ബി.എസ്.ഐ, ഐ.എസ്.ഐ മുദ്രകളുളളതാണെന്ന് ഉറപ്പാക്കണം. ഫിലിമുകളില്‍ ക്യു.ആര്‍ കോഡുകൾ ഉണ്ടായിരിക്കണം.
ഫിലിമിന്റെ സുതാര്യതയുടെ ശതമാനവും ഗുണനിലവാരവും പരിശോധിച്ചുറപ്പിക്കുന്നതിന് ഉപയോക്താക്കൾക്ക് ഈ കോഡുകൾ സ്കാൻ ചെയ്യുന്നതിലൂടെ സാധിക്കും.
കൂളിംഗ് ഫിലിമുകളുടെ ഗുണനിലവാരവും സുതാര്യതയും പരിശോധിക്കുന്നതിനായി മോട്ടോര്‍ വാഹന വകുപ്പ് ഡിവൈസുകള്‍ വാങ്ങിയിട്ടുണ്ട്. ഇത്തരത്തിലുള്ള നൂറ് ഉപകരണങ്ങളാണ് ഇതിനകം വാങ്ങിയിട്ടുളളത്. അവ കേരളത്തിലുടനീളമുളള ആര്‍.ടി.ഒ ഓഫീസുകളില്‍ എത്തിക്കുന്നതാണ്.
നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കുന്ന കൂളിംഗ് ഫിലിമുകള്‍ ഉപയോഗിക്കുന്ന വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാനോ പിഴ ചുമത്താനോ അധികാരികൾക്ക് നിയമപരമായ അവകാശമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. നിർദ്ദിഷ്ട സുതാര്യത മാനദണ്ഡങ്ങൾ പാലിക്കുന്ന 'സേഫ്റ്റി ഗ്ലേസിംഗ്' വാഹനങ്ങളിൽ സ്ഥാപിക്കുന്നതിന് നിയമപരമായ തടസ്സമില്ലെന്നും കോടതി അറിയിച്ചിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine