image credit : canva , facebook 
News & Views

കേരളം മാത്രമല്ല, ഏഴ് സംസ്ഥാനങ്ങള്‍ കുബേര വഴി ചൊവ്വാഴ്ച കടമെടുക്കുന്നത് 13,790 കോടി രൂപ

6,000 കോടി രൂപ കടമെടുക്കുന്ന മഹാരാഷ്ട്രയാണ് കൂട്ടത്തില്‍ മുന്നില്‍

Dhanam News Desk

കേരളമുള്‍പ്പെടെ 7 സംസ്ഥാനങ്ങള്‍ അടുത്തയാഴ്ച പൊതുവിപണിയില്‍ നിന്നും കടമെടുക്കുന്നത് 13,790 കോടി രൂപ. റിസര്‍വ് ബാങ്കിന്റെ കോര്‍ ബാങ്കിംഗ് സംവിധാനമായ ഇ-കുബേര്‍ വഴി കടപ്പത്രങ്ങളിറക്കിയാണ് കടമെടുപ്പ്. കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയ 4,200 കോടിയില്‍ നിന്നും 1,500 കോടിയാണ് കേരളം കടമെടുക്കുന്നത്. വികസന പ്രവര്‍ത്തനങ്ങളുടെ ധനശേഖരണത്തിനാണ് കടമെടുക്കുന്നതെന്നാണ് വിശദീകരണം.

6,000 കോടി രൂപ കടമെടുക്കുന്ന മഹാരാഷ്ട്രയാണ് കൂട്ടത്തില്‍ മുന്നിലുള്ളത്. ബീഹാറും തമിഴ്‌നാടും 2,000 കോടി രൂപ വീതവും തെലങ്കാന 1,500 കോടിയും ഹിമാചല്‍ പ്രദേശ് 700 കോടിയും മിസോറാം 90 കോടിയും കടമെടുക്കുന്നതായും റിസര്‍വ് ബാങ്ക് കണക്കുകള്‍ പറയുന്നു. 21 വര്‍ഷത്തെ കാലാവധിയിലാണ് കേരളം കടമെടുക്കുന്നത്. കടപ്പത്രങ്ങളുടെ വില്‍പ്പന സെപ്റ്റംബര്‍ 10നാണ് നിശ്ചയിച്ചിട്ടുള്ളത്.

4,200 കോടിയില്‍ അവ്യക്തത

അതേസമയം, കേന്ദ്രം വായ്പയെടുക്കാന്‍ അനുമതി നല്‍കിയ 4,200 കോടിയില്‍ അവ്യക്തത. ലഭിച്ചത് മുന്‍കൂര്‍ വായ്പയെടുക്കാനുള്ള അനുമതിയാണോ കേരളം നേരത്തെ ആവശ്യപ്പെട്ടത് പ്രകാരം വായ്പാ പരിധി ഉയര്‍ത്തിയതാണോ എന്ന കാര്യത്തിലാണ് വ്യക്തത ലഭിക്കാത്തത്. കണക്കനുസരിച്ച് സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജി.എസ്.ഡി.പി) 3.5 ശതമാനമാണ് കേരളത്തിന് കടമെടുക്കാനാവുക. ഇതനുസരിച്ച് 44,528 കോടി രൂപ കടമെടുക്കാന്‍ സംസ്ഥാനത്തിന് അര്‍ഹതയുണ്ട്. ഈ തുകയില്‍ നിന്നും കേന്ദ്രം 7,016 കോടി രൂപ വെട്ടിക്കുറച്ചതോടെ നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ 37,512 കോടി രൂപ കടമെടുക്കാനാണ് സംസ്ഥാനത്തിന് അനുമതിയുള്ളത്.

ഡിസംബര്‍ വരെ വായ്പയെടുക്കാന്‍ അനുവദിച്ചിരുന്ന 21,253 കോടി രൂപ സെപ്റ്റംബര്‍ രണ്ടിന് സര്‍ക്കാര്‍ എടുത്ത് തീര്‍ത്തിരുന്നു. ബാക്കി 16,259 കോടി രൂപ അടുത്ത വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവിലാണ് എടുക്കാനാവുക. ഇതില്‍ നിന്നും 5,000 രൂപ മുന്‍കൂറായി എടുക്കാന്‍ അനുവദിക്കണമെന്ന് കേരളം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കേരളത്തിന്റെ കടപരിധി നിശ്ചയിച്ചതിലെ പൊരുത്തക്കേടുകളും എ.ജിയുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി കേരളം കേന്ദ്രസര്‍ക്കാരിന് മുന്നില്‍ നിരത്തിയിരുന്നു. ഇത് ഭാഗികമായി അംഗീകരിച്ചാണ് ഇപ്പോള്‍ 4,200 കോടി അനുവദിച്ചതെന്നും സൂചനകളുണ്ട്.

ഓണമുണ്ണാന്‍ 20,000 കോടി

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസായി 4,000 രൂപയും അതിന് അര്‍ഹതയില്ലാത്തവര്‍ക്ക് ഉത്സവബത്തയായി 2,750 രൂപയും പെന്‍ഷന്‍കാര്‍ക്ക് ഉത്സവബത്തയിനത്തില്‍ 1,000 രൂപയും നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 20,000 രൂപ വരെ അഡ്വാന്‍സായി എടുക്കാനും അനുവാദമുണ്ട്. കൂടാതെ 62 ലക്ഷത്തോളം പേര്‍ക്ക് 3,200 രൂപ വീതം രണ്ടുമാസത്തെ ക്ഷേമപെന്‍ഷനും വിതരണം ചെയ്യും. നിലവില്‍ വിതരണം തുടരുന്ന ഒരു ഗഡുവിന് പുറമെയാണിത്. ഇതടക്കം ഓണക്കാലത്തെ ചെലവുകള്‍ക്കായി 20,000 കോടി രൂപയെങ്കിലും വേണ്ടി വരുമെന്നാണ് കണക്ക്. ഇതില്‍ 4,200 കോടി രൂപ വായ്പയെടുക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ട്. ബാക്കിതുക തനത്-നികുതി വരുമാനത്തില്‍ നിന്നും കണ്ടെത്തുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT