2023-24 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം വരെ സംസ്ഥാന സര്‍ക്കാരിന്റെ പൊതുകടവും ബാധ്യതകളും 4,15,221.15 (4.15 ലക്ഷം കോടി) രൂപയെന്ന് നിയമസഭയില്‍ സി.എ.ജി റിപ്പോര്‍ട്ട്. സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 36.23 ശതമാനമാണ് പൊതുകടം. നിയമപ്രകാരം ഇത് 33.70 ശതമാനം കവിയാന്‍ പാടില്ല. റിസര്‍വ് ബാങ്കിന്റെ കോര്‍ബാങ്കിംഗ് സംവിധാനം വഴി എടുക്കുന്ന വായ്പകള്‍, കേന്ദ്ര വായ്പ, മറ്റ് സ്ഥാപനങ്ങളില്‍ നിന്നുള്ള വായ്പ, പ്രോവിഡന്റ് ഫണ്ട്, ട്രഷറി നിക്ഷേപം തുടങ്ങിയവ ചേരുന്നതാണ് പൊതുകടവും ബാധ്യതയും. അതേസമയം, ജി.എസ്.ടി നഷ്ടപരിഹാരമായി കേന്ദ്രം അനുവദിച്ച വായ്പ കൂടി പരിഗണിക്കുമ്പോഴാണ് ഇത്രയും തുക വരുന്നതെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം.
കേരളത്തിന്റെ നികുതി വരുമാനം 6.5 ശതമാനം വര്‍ധിച്ചെന്നും കണക്കുകള്‍ പറയുന്നു. 2022-23 വര്‍ഷത്തില്‍ 90,228.84 കോടി രൂപയായിരുന്ന നികുതി വരുമാനം 2023-24 കാലയളവില്‍ 96,071.93 കോടി രൂപയായി വര്‍ധിച്ചു. 5,843.09 കോടി രൂപയുടെ വര്‍ധന. സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനത്തിലും ഈ കാലയളവില്‍ പുരോഗതിയുണ്ട്. 71,968.16 കോടി രൂപയില്‍ നിന്നും 21,742.92 കോടി രൂപയിലേക്കാണ് വര്‍ധന. കേരളത്തിന്റെ 1,24,486.15 കോടി രൂപയുടെ മൊത്തവരുമാനത്തില്‍ നികുതി വരുമാനത്തിന് പുറമെ 16,345.96 കോടി രൂപയുടെ നികുതിയേതര വരുമാനവും 12,068.26 കോടിരൂപയുടെ ഗ്രാന്റുകളും ഉള്‍പ്പെടുന്നു.
ഈ കാലയളവില്‍ സംസ്ഥാനത്തിന് ലഭിക്കേണ്ട കേന്ദ്രസഹായത്തിലും വന്‍ കുറവുണ്ടായി. നേരത്തെ 27,377.86 കോടി രൂപയുടെ ഗ്രാന്റ് ലഭിച്ചിരുന്നെങ്കില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇത് 12,068.26 കോടി രൂപയായി കുറഞ്ഞു. 7,245.69 കോടി രൂപ ഫിനാന്‍സ് കമ്മിഷന്‍ ഗ്രാന്റായും കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ വിഹിതമായി 3,918.86 കോടി രൂപയും മറ്റ് ഗ്രാന്റുകളായി 903.71 കോടി രൂപയുമാണ് ലഭിച്ചത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്തിന്റെ ധനകമ്മി കുറക്കാനായത് അനുകൂല ഘടകമാണെന്നും വിലയിരുത്തലുകളുണ്ട്. ധന ഉത്തരവാദിത്ത നിയമം അനുശാസിക്കുന്നതിനേക്കാള്‍ കുറവാണ് സംസ്ഥാനം നേടിയത്. വരുമാനത്തേക്കാള്‍ ചെലവ് കൂടുന്ന അവസ്ഥയാണ് ധനകമ്മി. വായ്പയെടുത്താണ് സംസ്ഥാനങ്ങള്‍ സാധാരണ ഇതിനെ നേരിടുന്നത്. 4 ശതമാനമാണ് കേരളത്തിന് അനുവദിനീയമായ ധനക്കമ്മി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലേത് 2.99 ശതമാനം മാത്രം. അതായത് സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 4 ശതമാനം വരെ വായ്പയെടുക്കാമെങ്കിലും കേരളം ഇതുവരെ 2.99 ശതമാനം വായ്പ മാത്രമേ എടുത്തിട്ടുള്ളൂ. കിഫ്ബി പദ്ധതികള്‍ക്കും ക്ഷേമപെന്‍ഷന്‍ വിതരണത്തിനുമായി എടുത്ത വായ്പകള്‍ കൂടി ഇതിലേക്ക് ചേര്‍ത്തതാണ് വിനയായത്. എന്നാല്‍ വായ്പ ഒഴികെയുള്ള റവന്യൂ വരുമാനവും ചെലവും തമ്മിലുള്ള വ്യത്യാസമായ റവന്യൂ കമ്മി 1.58 ശതമാനമായി ഉയര്‍ന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആകെ വരുമാനത്തിന്റെ 73.36 ശതമാനവും കേരളം ചെലവിടുന്നത് ശമ്പളം, പെന്‍ഷന്‍ അടക്കമുള്ള ഏറ്റുപോയ ചെലവുകള്‍ക്ക് (Committed Expenses) വേണ്ടിയാണ്. ശമ്പളത്തിന് 38,572.84 കോടി രൂപയും പലിശ തിരിച്ചടവിന് 27,106.22 കോടി രൂപയും പെന്‍ഷന് വേണ്ടി 25,644.24 കോടി രൂപയും ചെലവാക്കിയെന്നും സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നു.
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാന ട്രഷറി 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 67 ദിവസം ഓവര്‍ ഡ്രാഫ്റ്റിലായിരുന്നുവെന്നും സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാന സര്‍ക്കാര്‍ എപ്പോഴും 1.66 കോടി രൂപ റിസര്‍വ് ബാങ്കില്‍ നീക്കിയിരിപ്പായി സൂക്ഷിക്കേണ്ടതുണ്ട്. ഇതിന് കഴിയാതെ വരികയോ ചെലവുകള്‍ക്ക് പണം തികയാതിരിക്കുകയോ ചെയ്യുമ്പോള്‍ ആര്‍.ബി.ഐയില്‍ നിന്നും വേയ്‌സ് ആന്‍ഡ് മീന്‍സ് വായ്പ എടുക്കാം. കഴിഞ്ഞ കൊല്ലം 225 തവണയായി 53,306.52 കോടി രൂപയാണ് ഇത്തരത്തില്‍ എടുത്തത്. ഇതും തികയാതെ വരുമ്പോഴാണ് ഓവര്‍ ഡ്രാഫ്റ്റിലേക്ക് നീങ്ങുന്നത്. ഇത്രയും തവണ ഓവര്‍ ഡ്രാഫ്റ്റിലെത്തിയത് സംസ്ഥാനത്തിന്റെ മോശം സാമ്പത്തിക സ്ഥിതിയെ സൂചിപ്പിക്കുന്നുവെന്നാണ് വിലയിരുത്തല്‍.
Read DhanamOnline in English
Subscribe to Dhanam Magazine