Image courtesy: Canva
News & Views

പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുകള്‍ക്ക് നിരോധനം, ജില്ലാതലങ്ങളില്‍ പ്രവേശന ഫീസ് ഏര്‍പ്പെടുത്തുന്നു; നിരോധനവുമായി ജനങ്ങള്‍ സഹകരിക്കുമോ?

പ്ലാസ്റ്റിക് നിരോധനം: ഒക്ടോബർ 2 മുതൽ കേരളത്തിൽ കര്‍ശന നടപടികൾ

Dhanam News Desk

ഒക്ടോബർ 2 മുതൽ സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകൾക്ക് (single-use plastics, SUP) നിരോധനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഹൈക്കോടതി. കര്‍ശനമായി നിരോധനം നടപ്പിലാക്കാനുളള ശ്രമങ്ങളിലാണ് സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ്. ഒക്ടോബർ 2 മുതൽ സംസ്ഥാനത്തുടനീളം നിരോധനം പ്രാബല്യത്തില്‍ വരുത്തുന്നതിനായി ശക്തമായ നടപടികൾ ആരംഭിക്കാനാണ് അധികൃതര്‍ ഉദ്ദേശിക്കുന്നത്.

പ്ലാസ്റ്റിക് നിരോധനത്തെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി കാമ്പയിൻ തദ്ദേശ സ്വയംഭരണ വകുപ്പ് ഉടൻ ആരംഭിക്കുന്നതാണ്. മൂന്ന് മാസത്തെ ക്യാമ്പയിനാണ് ലക്ഷ്യമിടുന്നത്.

എൻഫോഴ്‌സ്‌മെന്റ് ടീം

സംസ്ഥാനത്തെ പ്രധാന പരിസ്ഥിതി ലോല പ്രദേശങ്ങളിലും ടൂറിസം കേന്ദ്രങ്ങളിലും നിരോധനം കൂടുതല്‍ ശക്തമാക്കും. ടൂറിസം കേന്ദ്രങ്ങളിലേക്കുളള പ്രവേശന കവാടങ്ങളിൽ ഹരിത ചെക്ക്‌പോസ്റ്റുകൾ സ്ഥാപിക്കുന്നതാണ്. നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ കൊണ്ടുപോകാന്‍ സന്ദർശകരെയും വാഹനങ്ങളെയും അനുവദിക്കില്ല. അഞ്ച് ലിറ്ററിൽ താഴെ ശേഷിയുള്ള പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുകളും രണ്ട് ലിറ്ററിൽ താഴെയുള്ള സോഫ്റ്റ് ഡ്രിങ്ക് ബോട്ടിലുകളും നിരോധനത്തില്‍ ഉള്‍പ്പെടുന്നു. നിരോധനം ഒരു എൻഫോഴ്‌സ്‌മെന്റ് ടീമിന്റെ നേതൃത്വത്തിലായിരിക്കും നടപ്പാക്കുക.

എൻഫോഴ്‌സ്‌മെന്റ് സംവിധാനത്തെ പിന്തുണയ്ക്കുന്നതിനായി സർക്കാർ ഒരു പ്രവേശന ഫീസ് ഈടാക്കാനും ഉദ്ദേശിക്കുന്നുണ്ട്. ഹരിത വളണ്ടിയർമാരെ നിയമിക്കുന്നതിനും മോണിറ്ററിംഗ് സ്റ്റാഫിനെ വിന്യസിക്കുന്നതിനും നിരോധന ഉത്തരവ് നടപ്പിലാക്കുന്നതിനുള്ള പ്രവർത്തന ചെലവുകൾ കൈകാര്യം ചെയ്യുന്നതിനുമായിരിക്കും ഇതില്‍ നിന്ന് ലഭിക്കുന്ന തുക വിനിയോഗിക്കുക.

മറ്റു മേഖലകളുടെ സഹകരണം തേടും

തേക്കടി, വാഗമൺ, ചാലക്കുടി-അതിരപ്പിള്ളി സെക്ടർ, പൂക്കോട് തടാകം, കാർലാഡ് തടാകം, വയനാട് ഹെറിറ്റേജ് മ്യൂസിയം തുടങ്ങിയ ടൂറിസം കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന മൂന്നാർ, കുമളി, ഏലപ്പാറ, അതിരപ്പള്ളി, നെല്ലിയാമ്പതി, വൈത്തിരി, സുൽത്താൻ ബത്തേരി, അമ്പലവയൽ എന്നിവയുൾപ്പെടെയുള്ള പ്രധാന പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ എൻഫോഴ്‌സ്‌മെന്റ് ടീം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ്.

ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മേഖലകള്‍ തുടങ്ങിയവരെ നിരോധനം നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തും.

വെല്ലുവിളികള്‍

അതേസമയം, പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്ക് പകരമുള്ള വസ്തുക്കളുടെ ലഭ്യതക്കുറവാണ് അധികൃതരുടെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. തുണി സഞ്ചികൾ, ബയോഡീഗ്രേഡബിൾ പാക്കേജിംഗ് തുടങ്ങിയ പരിസ്ഥിതി സൗഹൃദ ഉല്‍പ്പന്നങ്ങളുടെ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനായി കുടുംബശ്രീ മിഷന്റെ സഹകരണം തേടുന്നതാണ്.

നിത്യജീവിതത്തിന്റെ ഭാഗമായ പ്ലാസ്റ്റിക്ക് ഉപയോഗ ശീലത്തില്‍ നിന്ന് പിന്തിരിപ്പിക്കാനും കൂടുതല്‍ പരിസ്ഥിതി സൗഹാര്‍ദമായ നടപടികളിലൂടെ പ്രകൃതി സംരക്ഷണത്തിന് മുന്‍തൂക്കം നല്‍കി മലിനീകരണം പരമാവധി കുറയ്ക്കുന്നതിനും ജനങ്ങളെ പ്രേരിപ്പിക്കുന്നതിന് കടുത്ത വെല്ലുവിളിയാണ് അധികൃതര്‍ നേരിടുന്നത്.

Kerala to enforce a strict ban on single-use plastics from October 2, introducing entry fees and monitoring systems in eco-sensitive zones.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT