പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നത് കര്‍ശനമായി നേരിടാന്‍ ഒരുങ്ങി സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ്. പൊതുസ്ഥലങ്ങളിലോ സ്വകാര്യ സ്ഥലങ്ങളിലോ മാലിന്യം വലിച്ചെറിഞ്ഞാൽ 5,000 രൂപ വരെയാണ് നിലവില്‍ പിഴ ചുമത്തുന്നത്. മാലിന്യ സംസ്കരണ നിയമങ്ങൾ ലംഘിച്ചാൽ പരമാവധി 50,000 രൂപ പിഴയും ഒരു വർഷം വരെ തടവുമാണ് ലഭിക്കുക. നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള പ്രതിഫലം മൊത്തം പിഴയുടെ 25 ശതമാനം ആയി ഉയർത്താനാണ് തദ്ദേശ സ്വയംഭരണ വകുപ്പ് ഒരുങ്ങുന്നത്.
മാലിന്യ നിക്ഷേപവും മറ്റ് നിയമലംഘനങ്ങളും റിപ്പോർട്ട് ചെയ്യുന്നവർക്ക് നിലവിൽ തദ്ദേശ വകുപ്പ് പരമാവധി 2,500 രൂപയാണ് പാരിതോഷികം വാഗ്ദാനം ചെയ്യുന്നത്. നിയമം ലംഘനത്തിന് 50,000 രൂപ പിഴ ചുമത്തിയാൽ വിവരം നൽകുന്നയാൾക്ക് 12,500 രൂപ പാരിതോഷികം നല്‍കാനാണ് ഉദ്ദേശിക്കുന്നത്. കേരള പഞ്ചായത്ത് രാജ് (ഭേദഗതി) ഓർഡിനൻസും കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ഓർഡിനൻസും 2023 ൽ ഭേദഗതി ചെയ്താണ് സംസ്ഥാന സർക്കാർ പിഴ തുക പരിഷ്കരിച്ചത്.
2026 മാർച്ച് 30 നകം സംസ്ഥാനത്തെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള 'മാലിന്യ മുക്തം നവ കേരളം' കാമ്പയിനിന്റെ ഭാഗമായി മാലിന്യം തള്ളുന്നതു തടയാനാണ് പാരിതോഷികം ഉയര്‍ത്തുന്നത്.
മാലിന്യം നിക്ഷേപിക്കുന്നതും ജലാശയങ്ങളിലെ മലിനീകരണവും സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങള്‍ക്ക് ഫോട്ടോകളുടെയോ വീഡിയോകളുടെയോ രൂപത്തിൽ തെളിവായി അധികൃതര്‍ക്ക് നൽകാം. കുറ്റകൃത്യം നടന്ന സ്ഥലം, സമയം എന്നിവ ഉൾപ്പെടെയുള്ള വിശദാംശങ്ങളും റിപ്പോർട്ട് ചെയ്യാം. 9446700800 എന്ന വാട്ട്‌സ്ആപ്പ് നമ്പറിലൂടെ പൊതുജനങ്ങള്‍ക്ക് ഇത്തരത്തിലുളള നിയമലംഘനങ്ങള്‍ അധികൃതരെ അറിയിക്കാം.
Kerala to offer ₹12,500 reward for reporting waste dumping violations in public spaces under strict new rules.
Read DhanamOnline in English
Subscribe to Dhanam Magazine