canva, Facebook / KN Balaghopal , Nirmala Sitharaman
News & Views

'എന്റെ കേരളം' ആഘോഷപൂര്‍വം പുതിയ കടമെടുപ്പിലേക്ക്, അതിന് നിലമ്പൂര്‍ വഴിയൊരു ഉപതെരഞ്ഞെടുപ്പു കണക്ഷന്‍; കുത്തുപാളയെടുപ്പിക്കുമോ?

ഇക്കൊല്ലം കേരളത്തിന് 50,000 കോടി രൂപയോളം കടമെടുക്കാന്‍ അവകാശമുണ്ടെങ്കിലും കേന്ദ്രസര്‍ക്കാരിന്റെ അന്തിമ അനുമതി ആയിട്ടില്ല

Dhanam News Desk

നടപ്പുസാമ്പത്തിക വര്‍ഷത്തിലെ (2025-26) ആദ്യ കടമെടുപ്പിലേക്ക് കേരളം. വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 2,000 കോടി രൂപയുടെ കടപത്രം പുറപ്പെടുവിക്കുമെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ഇതിനായുള്ള ലേലം ഏപ്രില്‍ 29ന് റിസര്‍വ് ബാങ്കിന്റെ കോര്‍ ബാങ്കിംഗ് സംവിധാനമായ ഇ-കുബേര്‍ വഴി നടക്കും. ഇക്കൊല്ലം കേരളത്തിന് എത്ര രൂപ കടമെടുക്കാമെന്നതില്‍ കേന്ദ്രം അന്തിമ അനുമതി നല്‍കിയിട്ടില്ല. എന്നാല്‍ 5,000 കോടി രൂപവരെ അടിയന്തര കടമെടുപ്പിന് അനുമതിയുണ്ട്.

ഇക്കൊല്ലം 49,949 കോടി അവകാശം

സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജി.എസ്.ഡി.പി) പരമാവധി മൂന്ന് ശതമാനം വരെയാണ് കടമെടുക്കാന്‍ അനുവദിക്കാറുള്ളത്. നടപ്പുസാമ്പത്തിക വര്‍ഷത്തിലെ കേരളത്തിന്റെ ജി.എസ്.ഡി.പി 14,27,145 കോടി രൂപയാണ്. ഇതിന്റെ മൂന്ന് ശതമാനമായ 42,814 കോടി രൂപക്കൊപ്പം വൈദ്യുതി പരിഷ്‌കാരങ്ങളുടെ പേരില്‍ ജി.എസ്.ഡി.പിയുടെ 0.5 ശതമാനം (7,135 കോടിരൂപ) കൂടി കടമെടുക്കാം. അങ്ങനെ വരുമ്പോള്‍ 49,949 കോടി രൂപ കടമെടുക്കാന്‍ കേരളത്തിന് അവകാശമുണ്ട്. ഇക്കാര്യം കേന്ദ്രത്തോട് ആവശ്യപ്പെട്ടെങ്കിലും ഇത്രയും ലഭിച്ചേക്കില്ലെന്നാണ് വിവരം. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തിന് 37,512 കോടി രൂപ കടമെടുക്കാന്‍ അനുമതി നല്‍കിയെങ്കിലും 54,000 കോടി രൂപയോളമാണ് കടമെടുത്തത്.

രണ്ട് ഗഡു പെന്‍ഷന്‍

വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് കടമെടുപ്പെന്ന് സര്‍ക്കാര്‍ വിശദീകരിക്കുന്നുണ്ടെങ്കിലും പെന്‍ഷന്‍, പലിശ ഇനത്തിലാണ് ഇത് ചെലവിടുന്നതെന്നാണ് കണക്കുകള്‍ പറയുന്നത്. അതിനിടെ അടുത്ത മാസത്തെ പെന്‍ഷനൊപ്പം ഒരു മാസത്തെ കുടിശിക കൂടി അനുവദിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സര്‍ക്കാരിന്റെ നീക്കം. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ മാതൃകാ പെരുമാറ്റച്ചട്ടം ഉള്ളതിനാല്‍ പെന്‍ഷന്‍ വിതരണം നടക്കില്ല. ഇത് മുന്‍കൂട്ടി കണ്ടാണ് നേരത്തെ തീരുമാനമെടുത്തതെന്നാണ് വിശദീകരണം.

സുരക്ഷിത നിക്ഷേപ മാര്‍ഗം

വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് ശേഖരണത്തിനും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കുമായാണ് സംസ്ഥാന സര്‍ക്കാരുകള്‍ കടപ്പത്രങ്ങള്‍ പുറത്തിറക്കുന്നത്. സ്റ്റേറ്റ് ഡെവലപ്മെന്റ് ലോണ്‍ (എസ്.ഡി.എല്‍) എന്ന പേരില്‍ അറിയപ്പെടുന്ന ഇവ സുരക്ഷിതമായ നിക്ഷേപ മാര്‍ഗങ്ങളിലൊന്ന് കൂടിയാണ്. സര്‍ക്കാര്‍ ഗ്യാരണ്ടിയുള്ളതിനാല്‍ റിസ്‌ക് കുറവാണെന്ന് അര്‍ത്ഥം. ഓരോ സംസ്ഥാനത്തിനും അനുവദിച്ച പരിധി അനുസരിച്ചാണ് വായ്പ എടുക്കല്‍. പലിശ നിശ്ചയിക്കുന്നത് റിസര്‍വ് ബാങ്കാണ്. എല്ലാ വര്‍ഷവും രണ്ട് തവണ പലിശ ലഭിക്കും. കൃത്യമായ ഇടവേളകളില്‍ വരുമാനം ലഭിക്കുമെന്ന് സാരം. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപിച്ച തുകയും തിരികെ ലഭിക്കും. കാലാവധി പൂര്‍ത്തിയാകുന്നതിനു മുമ്പ്പൂര്‍ത്തിയാകുന്നതിന് മുമ്പ് ഇവ ട്രേഡ് ചെയ്യാനും അവസരമുണ്ട്.

എങ്ങനെ വാങ്ങും

നേരത്തെ ബാങ്കുകള്‍ക്കും വന്‍കിട സാമ്പത്തിക സ്ഥാപനങ്ങള്‍ക്കും ലഭ്യമായിരുന്ന ഇവ നിലവില്‍ റീട്ടെയില്‍ നിക്ഷേപകര്‍ക്കും റിസര്‍വ് ബാങ്കിന്റെ റീട്ടെയില്‍ ഡയറക്ട് സ്‌കീം വഴി വാങ്ങാവുന്നതാണ്. ഇതിനായി റിസര്‍വ് ബാങ്കിന്റെ റീട്ടെയില്‍ ഡയറക്ട് വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ മതി. കൂടാതെ ഓണ്‍ലൈന്‍ ട്രേഡിംഗ് പ്ലാറ്റ്ഫോമുകള്‍ വഴിയും ഇവ വാങ്ങാവുന്നതാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT