Image courtesy: minister-revenue.kerala.gov.in
News & Views

റവന്യൂ സേവനങ്ങൾ ഓൺലൈനില്‍, ആധുനിക സൗകര്യങ്ങളുളള ഓഫീസുകള്‍, കൂടുതല്‍ വില്ലേജ് ഓഫീസുകളെ സ്മാര്‍ട്ടാക്കുന്നു

പ്രാദേശിക ഭരണത്തിൻ്റെ കാര്യക്ഷമത വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം

Dhanam News Desk

സംസ്ഥാനത്ത് 62 വില്ലേജ് ഓഫീസുകളെ കൂടി സ്‌മാർട്ട് ഓഫീസുകളാക്കി മാറ്റുന്നു. ക്യാപിറ്റൽ എക്സ്പെൻഡിച്ചർ (കാപെക്സ്) പദ്ധതിക്ക് കീഴിൽ 27.90 കോടി രൂപ ഉപയോഗിച്ചാണ് ഇവയെ സ്മാര്‍ട്ട് ഓഫീസുകളാക്കുന്നത്. കേരളത്തില്‍ ആകെ 1666 വില്ലേജുകളാണുള്ളത്. ഇതിൽ മൂന്നിലൊന്ന് നിലവില്‍‌ സ്മാർട്ട് ഓഫീസുകളായിട്ടുണ്ട്. മുഴുവൻ റവന്യൂ ഓഫീസുകളും ഘട്ടംഘട്ടമായി സ്മാർട്ടാക്കുകയാണ് ലക്ഷ്യം.

പഴയ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റി ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം ഉള്‍പ്പെടെ നിര്‍മ്മിച്ചാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ നിര്‍മ്മിക്കുന്നതെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു. ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന വില്ലേജ് ഓഫീസുകളിലെ സൗകര്യ കുറവ് പരിഹരിക്കുന്നതിനും സേവനങ്ങള്‍ വളരെ വേഗത്തില്‍ ലഭ്യമാക്കുന്നതിനുമാണ് വില്ലേജ് ഓഫീസുകളെ സ്മാര്‍ട്ട് ഓഫീസുകളാക്കുന്നതെന്നും റവന്യൂ മന്ത്രി പറഞ്ഞു.

പ്രാദേശിക ഭരണത്തിൻ്റെ കാര്യക്ഷമത വർദ്ധിപ്പിക്കുകയാണ് സ്മാർട്ട് ഓഫീസുകളുടെ ലക്ഷ്യം. മലപ്പുറത്ത് ഒമ്പത്, പാലക്കാട് ഏഴ്, കണ്ണൂർ ആറ്, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്ന് അഞ്ച് വീതം, തൃശൂർ, ഇടുക്കി എന്നിവിടങ്ങളിൽ നിന്ന് നാല് വീതം, കൊല്ലം, കാസർകോട് എന്നിവിടങ്ങളിൽ നിന്ന് മൂന്ന് വീതം, പത്തനംതിട്ട, കോട്ടയം, വയനാട് എന്നിവിടങ്ങളിൽ നിന്ന് രണ്ട് വീതം വില്ലേജുകളെയാണ് സ്‌മാർട്ട് ഓഫീസുകളാക്കി മാറ്റുന്നത്.

ഡിജിറ്റൽ സാങ്കേതിവിദ്യ ഉപയോഗിച്ച് പൊതുജനങ്ങൾക്ക് ഓൺലൈനായി റവന്യൂ സേവനങ്ങൾ സ്മാർട്ട് വില്ലേജ് ഓഫീസുകളില്‍ ലഭ്യമാക്കുന്നതാണ്. ഫ്രണ്ട് ഓഫീസ് സംവിധാനം, വിശ്രമകേന്ദ്രം, കുടിവെള്ളം, ആധുനിക രീതിയിലുള്ള ടോയ്‌ലെറ്റ്, ഭിന്നശേഷിക്കാർക്ക് റാമ്പ്, പ്രത്യേക ടോയ്‌ലെറ്റ് എന്നിവയും സ്മാർട്ട് വില്ലേജ് ഓഫീസുകളില്‍ ഉണ്ടാകും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT