കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് ഉണർവേകിക്കൊണ്ട് വിദേശ വിനോദസഞ്ചാരികളുടെ സീസൺ ആരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷം 7,38,374 വിദേശ സഞ്ചാരികളെ ആകർഷിച്ച് 13.76% വളർച്ച രേഖപ്പെടുത്തിയ കേരള ടൂറിസം, ഈ വർഷവും മികച്ച നേട്ടമാണ് പ്രതീക്ഷിക്കുന്നത്. ഈ സീസണിൽ ഒരു സാമ്പത്തിക കുതിച്ചുചാട്ടമാണ് ടൂറിസം മേഖല ലക്ഷ്യമിടുന്നത്.
പരമ്പരാഗത യൂറോപ്യൻ വിപണികൾക്കപ്പുറം, ഇത്തവണ പുതിയ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളുടെ വരവ് ഗണ്യമായി വർധിക്കുമെന്നാണ് പ്രതീക്ഷ. റഷ്യ, ഉസ്ബെക്കിസ്ഥാൻ, ബെലാറസ്, കസാക്കിസ്ഥാൻ, നോർവേ, ഡെന്മാർക്ക് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ബുക്കിംഗുകൾ കഴിഞ്ഞ വർഷത്തേക്കാൾ കൂടുതലാണ്. ഈ രാജ്യങ്ങളിൽ കേരള ടൂറിസം നടത്തിയ വിപണന പ്രവർത്തനങ്ങളാണ് ഈ മുന്നേറ്റത്തിന് കാരണം.
വിദേശ സഞ്ചാരികളുടെ എണ്ണം കൂടുന്നത് സ്വാഭാവികമായും സംസ്ഥാനത്തിന്റെ ടൂറിസം വരുമാനത്തിൽ വലിയ വർദ്ധനവിന് വഴിയൊരുക്കും. ഗോവയിൽ ചാർട്ടേഡ് വിമാനങ്ങളിൽ എത്തുന്ന സഞ്ചാരികളെ ‘എക്സ്റ്റൻഷൻ ടൂറുകളാ’യി കേരളത്തിലേക്ക് ആകർഷിക്കാനുള്ള പദ്ധതികളും ഈ വരുമാനം വർദ്ധിപ്പിക്കാൻ സഹായിക്കുന്നതാണ്.
വിദേശ വിനോദസഞ്ചാരികളുടെ വരവ് നവംബർ മുതൽ ഫെബ്രുവരി വരെ നാല് മാസക്കാലയളവിലേക്ക് ചുരുങ്ങിയിട്ടുണ്ടെങ്കിലും, ഈ ചുരുങ്ങിയ കാലയളവിൽ പരമാവധി ടൂറിസ്റ്റുകളെ ആകർഷിച്ച് വരുമാനം നേടാനാണ് ടൂറിസം ഓപ്പറേറ്റർമാരുടെ ശ്രമം.
കേരളത്തിലേക്ക് ഏറ്റവുമധികം സഞ്ചാരികളെ അയക്കുന്ന രാജ്യങ്ങളിൽ രണ്ടാമതാണ് യുഎസ്എ. ഇന്ത്യയും യുഎസ്എയും തമ്മിലുള്ള നിലവിലെ നയതന്ത്ര ബന്ധത്തിലെ പ്രശ്നങ്ങൾ അമേരിക്കൻ സഞ്ചാരികളുടെ എണ്ണത്തെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്. മൊത്തം ബിസിനസ്സിൽ 15% മുതൽ 20% വരെ കുറവുണ്ടാകാൻ ഇത് കാരണമായേക്കാം എന്ന് വ്യവസായ വിദഗ്ധർ വിലയിരുത്തുന്നു. ഉയർന്ന യാത്രാക്കൂലിയാണ് മറ്റൊരു വെല്ലുവിളി. ന്യൂ ഡൽഹിയിൽ നിന്ന് കേരളത്തിലെ വിമാനത്താവളങ്ങളിലേക്കുള്ള ഉയർന്ന ആഭ്യന്തര വിമാന നിരക്കുകളും സഞ്ചാരികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.
പുതിയ വിപണികൾ കണ്ടെത്തിയും ആകർഷകമായ പാക്കേജുകൾ നൽകിയും ഈ വെല്ലുവിളികളെ മറികടന്ന് മികച്ച സീസൺ സ്വന്തമാക്കാനുളള ഊര്‍ജിത ശ്രമങ്ങളിലാണ് സംസ്ഥാന ടൂറിസം അധികൃതരും ടൂര്‍ ഓപ്പറേറ്റർമാരും.
Kerala Tourism eyes strong growth in the foreign tourist season, driven by new markets despite diplomatic and airfare challenges.
Read DhanamOnline in English
Subscribe to Dhanam Magazine