2019 ഏപ്രില്‍ ഒന്നിന് മുമ്പ് രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്കുള്ള ഹൈ സെക്യൂരിറ്റി രജിസ്‌ട്രേഷന്‍ പ്ലേറ്റുകള്‍ (എച്ച്എസ്ആര്‍പി) സര്‍ക്കാര്‍ അനുമതിയില്ലാതെ വ്യാപകമായി വിതരണം ചെയ്യുന്നതിലൂടെ വലിയ സാമ്പത്തികനഷ്ടമെന്ന് പരാതി. സംസ്ഥാന ഖജനാവിന് ഏകദേശം 200 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് കണക്കാക്കുന്നതായി ഹൈ സെക്യൂരിറ്റി രജിസ്‌ട്രേഷന്‍ പ്ലേറ്റ് മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ വ്യക്തമാക്കി.
ഇത്തരം അനധികൃത വില്‍പന നടത്തുന്ന ലൈസന്‍സ് പ്ലേറ്റ് നിര്‍മാതാക്കള്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കണമെന്ന് സംഘടന സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങളിലെ (സിഎംവിആര്‍) ചട്ടം 50 ഉം 2018 ലെ ഹൈ സെക്യൂരിറ്റി രജിസ്‌ട്രേഷന്‍ പ്ലേറ്റ് ഓര്‍ഡറും അനുസരിച്ചാണ് എച്ച്എസ്ആര്‍പി വിതരണം ചെയ്യേണ്ടതെന്ന് അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു.
2019 ഏപ്രില്‍ ഒന്നിന് ശേഷമുള്ള പുതിയ വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ അതോറിറ്റിയോ വാഹന നിര്‍മാതാക്കളോ അവരുടെ അംഗീകൃത ഡീലര്‍മാരോ വഴി എച്ച്എസ്ആര്‍പി നല്‍കാം. എന്നാല്‍ 2019 ഏപ്രില്‍ ഒന്നിന് മുമ്പ് രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരമുള്ള രജിസ്‌ട്രേഷന്‍ അതോറിറ്റി, വാഹന നിര്‍മാതാക്കള്‍, അവരുടെ ഡീലര്‍മാര്‍, അല്ലെങ്കില്‍ സര്‍ക്കാര്‍ അംഗീകാരമുള്ള ലൈസന്‍സ് പ്ലേറ്റ് നിര്‍മ്മാതാക്കള്‍, അവരുടെ ഡീലര്‍മാര്‍ എന്നിവര്‍ക്ക് മാത്രമേ എച്ച്എസ്ആര്‍പി നല്‍കാന്‍ സാധിക്കൂ.
വാഹന നിര്‍മാതാക്കള്‍ അവരുടെ ഡീലര്‍മാര്‍ക്ക് ശൂന്യമായ എച്ച്എസ്ആര്‍പി പ്ലേറ്റുകള്‍ മാത്രമാണ് നല്‍കേണ്ടത്. വാഹന നമ്പര്‍ പതിപ്പിക്കുന്നതും മൂന്നാമത്തെ രജിസ്‌ട്രേഷന്‍ അടയാളം അച്ചടിക്കുന്നതും വാഹനത്തില്‍ പ്ലേറ്റ് ഘടിപ്പിക്കുന്നതും ഡീലര്‍മാര്‍ തന്നെയായിരിക്കണമെന്നും നിയമം വ്യക്തമാക്കുന്നു.
മൂന്നാം കക്ഷി ലൈസന്‍സ് പ്ലേറ്റ് നിര്‍മാതാക്കളെ പഴയ വാഹനങ്ങളുടെ ഉടമകള്‍ക്ക് നേരിട്ട് എച്ച്എസ്ആര്‍പി കള്‍ വില്‍ക്കുന്നതിന് അധികാരപ്പെടുത്താന്‍ വാഹന നിര്‍മ്മാതാക്കളെയോ അവരുടെ ഡീലര്‍മാരെയോ ചുമതലപ്പെടുത്താന്‍ നിയമത്തില്‍ വ്യവസ്ഥയില്ലെന്ന് എച്ച്എസ്ആര്‍പി അഖിലേന്ത്യ ട്രഷറര്‍ കെ.കെ കിഷോര്‍ പറഞ്ഞു.
കേരളത്തില്‍ 2019 ഏപ്രില്‍ ഒന്നിന് മുമ്പ് രജിസ്റ്റര്‍ ചെയ്ത ഏകദേശം 1.3 കോടി വാഹനങ്ങളാണുള്ളത്. ഇവയ്ക്കുള്ള എച്ച്എസ്ആര്‍പി വിതരണത്തിനായി സര്‍ക്കാര്‍ ടെന്‍ഡര്‍ ക്ഷണിക്കുകയും ഓരോ പ്ലേറ്റിനും സര്‍ക്കാര്‍ റോയല്‍റ്റി നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. അനധികൃത വില്‍പന തുടരുന്നതിനാല്‍ സര്‍ക്കാര്‍ റോയല്‍റ്റി നഷ്ടപ്പെടുകയാണെന്നും ഏകദേശം 200 കോടിയോളം രൂപ നഷ്ടമാകുമെന്നും അസോസിയേഷന്‍ വ്യക്തമാകകി.
വാഹന നിര്‍മാതാക്കളും അവരുടെ അംഗീകൃത ഡീലര്‍മാരും കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങളും 2018 ലെ എച്ച്എസ്ആര്‍പി ഉത്തരവും കര്‍ശനമായി പാലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.
Read DhanamOnline in English
Subscribe to Dhanam Magazine