Image courtesy: en.wikipedia.org, Canva
News & Views

നിയമപരിരക്ഷയും സുരക്ഷയുമില്ല: അനധികൃത വാക്വം ലിഫ്റ്റുകൾ നിരോധിച്ച് ഹൈക്കോടതി

ഒന്നര മീറ്ററിലേറെ ഉയരത്തിലേക്ക് ആളുകളെ വഹിച്ചു കൊണ്ടുപോകുന്ന ഉപകരണങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്നിരിക്കെ, വാക്വം ലിഫ്റ്റുകൾക്ക് അത്തരം ലൈസൻസുകൾ ലഭിക്കാറില്ല

Dhanam News Desk

സുരക്ഷിതത്വവും സാങ്കേതിക അനുമതിയുമില്ലാതെ പ്രവർത്തിക്കുന്ന അനധികൃത വാക്വം ലിഫ്റ്റുകളുടെ പ്രവർത്തനം തടയാൻ ഉത്തരവിട്ട് ഹൈക്കോടതി. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സുരക്ഷിതമല്ലാത്ത ലിഫ്റ്റുകൾ പ്രവർത്തിപ്പിക്കുന്നതിനെതിരെ കേരള എലിവേറ്റർ മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ (കീമ) നൽകിയ ഹർജിയിൽ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് വിധി പുറപ്പെടുവിച്ചത്. 2024-ൽ കോടതി നൽകിയ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിൽ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് പരാജയപ്പെട്ടതിനെത്തുടർന്നാണ് സംഘടന വീണ്ടും കോടതിയെ സമീപിച്ചത്.

സാങ്കേതിക തകരാറുകളും സുരക്ഷാ ഭീഷണിയും

രാജ്യത്ത് നിലവിലുള്ള നിയമങ്ങൾ പാലിക്കാതെയാണ് ഇത്തരം ലിഫ്റ്റുകൾ പ്രവർത്തിക്കുന്നതെന്ന് കീമ ഭാരവാഹികൾ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സാധാരണ ലിഫ്റ്റുകളെപ്പോലെ അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള സംവിധാനങ്ങൾ ഇവയ്ക്കില്ല. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സിന്റെയോ (BIS) ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിന്റെയോ അനുമതിയില്ലാതെയാണ് ഇവയുടെ പ്രവർത്തനം. പിറ്റിന്റെ ആഴം, ഓവർഹെഡ് ഉയരം, ലാൻഡിംഗ് മാനദണ്ഡങ്ങൾ എന്നിവയിൽ ഗുരുതരമായ വീഴ്ചകൾ ഇത്തരം ലിഫ്റ്റുകളിൽ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, ഒന്നര മീറ്ററിലേറെ ഉയരത്തിലേക്ക് ആളുകളെ വഹിച്ചു കൊണ്ടുപോകുന്ന ഉപകരണങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്നിരിക്കെ, വാക്വം ലിഫ്റ്റുകൾക്ക് അത്തരം ലൈസൻസുകൾ ലഭിക്കാറില്ല.

നിയമപരിരക്ഷയും ഇൻഷുറൻസും

ലൈസൻസ് ഇല്ലാത്തതിനാൽ ഇത്തരം ലിഫ്റ്റുകൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ല. അപകടങ്ങൾ സംഭവിച്ചാൽ നിയമപരമായ യാതൊരു സംരക്ഷണവും ലഭിക്കാത്ത സാഹചര്യമാണുള്ളത്. ചെന്നൈ ആസ്ഥാനമായുള്ള കമ്പനിയാണ് ഇവയുടെ പ്രധാന നിർമ്മാതാക്കളെന്നും, മുഖ്യധാരാ മാധ്യമങ്ങളെ ഒഴിവാക്കി സോഷ്യൽ മീഡിയയിലൂടെ തെറ്റായ പ്രചാരണം നടത്തിയാണ് ഇവർ ഉപഭോക്താക്കളെ കണ്ടെത്തുന്നത് എന്നും കീമ ഭാരവാഹികൾ ചൂണ്ടിക്കാട്ടി.

ജനങ്ങളുടെ ജീവന് ഭീഷണിയായ ഇത്തരം അനധികൃത ലിഫ്റ്റുകൾക്കെതിരെ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് അടിയന്തര നടപടി സ്വീകരിക്കണമെന്നും പൊതുജനങ്ങൾക്കിടയിൽ ഇതുസംബന്ധിച്ച ബോധവൽക്കരണം വേണമെന്നും സംഘടന ആവശ്യപ്പെട്ടു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം ലിഫ്റ്റുകൾ സ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കീമ പ്രസിഡന്റ് നാരായണ മേനോന്‍, (സ്മാര്‍ടെക് എലിവേറ്റേഴ്‌സ്), സെക്രട്ടറി ശ്രീകുമാര്‍ സി ബി (കാഡിലാക് ലിഫ്റ്റ്‌സ് ആന്‍ഡ് എസ്‌കലേറ്റേഴ്‌സ്), ട്രഷറര്‍ ഷംസുദ്ദീന്‍ എന്‍ എം (മെട്രോ ലിഫ്റ്റ്‌സ്), എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം രജീഷ് രാജ് ആര്‍ (ഇന്‍ഫ്രാ എലിവേറ്റേഴ്‌സ്), കീമ അഭിഭാഷകന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT