News & Views

ലോകകപ്പ് ഫുട്‌ബോള്‍ അടുത്തെത്തി, വലിയ ആവേശമില്ലാതെ കേരള ബ്രാന്‍ഡുകള്‍; എന്തുപറ്റി വിപണിക്ക്?

കേരളത്തിലെ പരസ്യ മേഖലയ്ക്ക് വലിയൊരു മാര്‍ക്കറ്റായിരുന്നു ഫുട്‌ബോള്‍ ലോകകപ്പ്. ടിവി അടക്കം ഗൃഹേപകരണങ്ങളുടെ വില്പന കൂടുതല്‍ നടന്നിരുന്ന സമയം കൂടിയായിരുന്നു ലോകകപ്പുകള്‍

Dhanam News Desk

നിരത്തുകള്‍ മുഴുവന്‍ അര്‍ജന്റീനയുടെയും ബ്രസീലിന്റെയും പതാകകള്‍. പാടത്തും പുഴയരികിലും സൂപ്പര്‍താരങ്ങളുടെ വലിയ കട്ടൗട്ടുകള്‍. ഫുട്‌ബോള്‍ ലോകകപ്പ് അടുത്തെത്തിയാല്‍ കേരളത്തിലെ ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും കാഴ്ച്ചകള്‍ കാല്‍പ്പന്തിലേക്ക് ഒതുങ്ങിയിരുന്നു.

ഇത്തവണ ലോകകപ്പിന് ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. എല്ലായിടത്തും ഒരു മൂകത. ആരാധകരൊന്നും ലോകകപ്പ് ആവേശത്തിലേക്ക് ഉണര്‍ന്നിട്ടില്ല. ബിബിസി പോലും റിപ്പോര്‍ട്ട് ചെയ്ത കേരളത്തിലെ ഫുട്‌ബോള്‍ ആവേശത്തിന് എന്തുപറ്റി.

ലോകകപ്പിന് മാസങ്ങള്‍ക്കു മുമ്പേ ഫുട്‌ബോള്‍ അനുബന്ധ പരസ്യങ്ങളുമായി നിറയാറുള്ള ബ്രാന്‍ഡുകള്‍ പോലും ഇത്തവണ നിശബ്ദമാണ്. ഒരുമാസത്തിനപ്പുറം ലോകകപ്പ് നടക്കുന്നുണ്ടെന്ന തോന്നല്‍ പോലും ഒരിടത്തും ദൃശ്യമല്ല. എന്തുകൊണ്ടാണ് വിപണിയില്‍ പോലും അനക്കമില്ലാതിരിക്കുന്നത്? കാരണങ്ങള്‍ പലതാണെന്ന് പരസ്യ, മാധ്യമ മേഖലകളിലുള്ളവര്‍ പറയുന്നു.

ലോകകപ്പ് ഇത്തവണ യുഎസിലും മെക്‌സിക്കോയിലും കാനഡയിലുമായാണ് നടക്കുന്നത്. ഇന്ത്യയുമായുള്ള സമയവ്യത്യസം വളരെ വലുതാണ്. പല മത്സരങ്ങളും ഇന്ത്യയില്‍ പുലര്‍ച്ചെയാണ്. കഴിഞ്ഞ തവണ ഖത്തറില്‍ ലോകകപ്പ് നടന്നത് ഇന്ത്യന്‍ ആരാധകര്‍ക്ക് പ്രൈംടൈമില്‍ കാണാമായിരുന്നു. ഇത്തവണ പാതിരാത്രിയും പുലര്‍ച്ചെയുമുള്ള കളികള്‍ ആരാധകരുടെ ആവേശം കെടുത്തും.

പരസ്യ വിപണിയില്‍ നിശബ്ദത

കേരളത്തിലെ പരസ്യ മേഖലയ്ക്ക് വലിയൊരു മാര്‍ക്കറ്റായിരുന്നു ഫുട്‌ബോള്‍ ലോകകപ്പ്. ടിവി അടക്കം ഗൃഹേപകരണങ്ങളുടെ വില്പന കൂടുതല്‍ നടന്നിരുന്ന സമയം കൂടിയായിരുന്നു ലോകകപ്പുകള്‍. എന്നാല്‍ ഇത്തവണ എല്ലാം മന്ദഗതിയിലാണ്. മിഡില്‍ ഈസ്റ്റ് യുദ്ധം വിപണിക്ക് ക്ഷീണമായെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. അഞ്ചില്‍ താഴെ ബ്രാന്‍ഡുകള്‍ മാത്രമാണ് ഇത്തവണ ഫുട്‌ബോള്‍ അനുബന്ധ പരസ്യ കാംപെയ്‌നുകളും പരസ്യ ചിത്രീകരണവും ഇതുവരെ നടത്തിയതെന്ന് പരസ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അരുണ്‍ ശിവന്‍ ധനംഓണ്‍ലൈനോട് പറഞ്ഞു.

യുദ്ധം മൂലം സാമ്പത്തിക മേഖലയിലുണ്ടായ പ്രതിസന്ധി വില്പനയിലടക്കം ബാധിക്കുന്നുണ്ട്. ലോകകപ്പ് ആവേശം കൂടുതല്‍ മലബാര്‍ മേഖലയിലാണ്. മലപ്പുറവും കോഴിക്കോടും കാസര്‍ഗോഡും ഉള്‍പ്പെടുന്ന ഈ ജില്ലകളില്‍ ഗള്‍ഫ് പണം വളരെ നിര്‍ണായകമാണ്. ഗള്‍ഫിലെ പ്രതിസന്ധി പണംവരവ് കുറച്ചിട്ടുണ്ട്. സ്വഭാവികമായും ഗൃഹോപകരണ വില്പനയും ഇടിഞ്ഞിട്ടുണ്ട്. ഇത്തവണ ലോകകപ്പ് കളറാകില്ലെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്.

ചെലവ് ചുരുക്കലിന്റെ കാലം

കേരളത്തിലെ പല ബിസിനസുകളും ഇപ്പോള്‍ ശ്രദ്ധിക്കുന്നത് അഗ്രസീവ് മാര്‍ക്കറ്റിംഗിന് ശ്രമിക്കുന്നില്ല. അതിജീവന മോഡിലാണ് വിപണിയെന്ന് മാര്‍ക്കറ്റിംഗ് മേഖലയിലുള്ളവര്‍ പറയുന്നു. മിഡില്‍ ഈസ്റ്റ് സംഘര്‍ഷങ്ങള്‍, അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം, ഉയരുന്ന പ്രവര്‍ത്തനച്ചെലവ്, ഉപഭോക്താക്കളുടെ ചെലവഴിക്കല്‍ കുറഞ്ഞത് എന്നിവയെല്ലാം വ്യാപാര മേഖലയെ നേരത്തെ തന്നെ സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്.

ഇത്തരം സാഹചര്യത്തില്‍ കോടികള്‍ ചെലവഴിച്ച് ലോകകപ്പ് ക്യാംപെയിനുകള്‍ നടത്തുന്നതില്‍ പല ബ്രാന്‍ഡുകള്‍ക്കും ആത്മവിശ്വാസമില്ല. പ്രത്യേകിച്ച് റീട്ടെയില്‍, ഫാഷന്‍, ഇലക്ട്രോണിക്‌സ് മേഖലകളില്‍. ലോകകപ്പ് ആകുമ്പോഴേക്കും ചെറിയ മാറ്റം വരാമെങ്കിലും ബ്രാന്‍ഡുകള്‍ കാര്യമായി പണംചെലവഴിക്കാന്‍ സാധ്യതയില്ലെന്ന വിലയിരുത്തലിലാണ് പരസ്യ മേഖല.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT