ഗള്‍ഫ് പ്രതിസന്ധി മൂലം തടസപ്പെട്ടിരുന്ന കേരളത്തില്‍ നിന്നുള്ള പഴം-പച്ചക്കറി കയറ്റുമതി ഓണത്തോടെ യുദ്ധത്തിന് മുമ്പുള്ള നിലയിലേക്ക് മാറുമെന്ന് പ്രതീക്ഷ. യുദ്ധംമൂലം അടഞ്ഞു കിടന്നിരുന്ന കടല്‍ മാര്‍ഗമുള്ള റൂട്ടുകള്‍ പൂര്‍വസ്ഥിതിയിലാകുന്നതോടെ കയറ്റുമതി പഴയ താളം കണ്ടെത്തുമെന്ന ആശ്വാസത്തിലാണ് കാര്‍ഷിക മേഖല.
പഴം-പച്ചക്കറി കയറ്റുമതി ഇടിഞ്ഞതോടെ റംസാന്‍-വിഷു വിപണി കേരളത്തിലെ കര്‍ഷകര്‍ക്ക് നഷ്ടമായിരുന്നു. റംസാന്‍ വിപണി ലക്ഷ്യമിട്ട് കൃഷി ചെയ്ത വിഭവങ്ങള്‍ ചുരുങ്ങിയ വിലയ്ക്ക് പ്രാദേശിക വിപണിയില്‍ വിറ്റഴിക്കാന്‍ കര്‍ഷകരും കയറ്റുമതിക്കാരും നിര്‍ബന്ധിതരായി. ഇതുമൂലം കോടികളുടെ നഷ്ടമാണ് നേരിടേണ്ടി വന്നത്.
ഗള്‍ഫ് രാജ്യങ്ങളില്‍ ഓണസീസണില്‍ കേരളത്തിലെ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന ഡിമാന്‍ഡുണ്ട്. പ്രത്യേകിച്ച് നേന്ത്രക്കായ, വാഴയില, ചക്ക ഉത്പന്നങ്ങള്‍, പൈനാപ്പിള്‍, വിവിധയിനം പച്ചക്കറികള്‍ എന്നിവയ്ക്കാണ് ആവശ്യക്കാര്‍ കൂടുതലുള്ളത്.
പാലക്കാട്, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം ജില്ലകളിലെ കര്‍ഷകര്‍ ഓണവിപണിയെ മുന്നില്‍ കണ്ട് കൃഷി വ്യാപിപ്പിച്ചിരിക്കുകയാണ്. മുന്‍ മാസങ്ങളിലെ നഷ്ടം ഭാഗികമായെങ്കിലും നികത്താന്‍ ഓണക്കാല കയറ്റുമതി സഹായിക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.
കേരളത്തിലെ വിമാനത്താവളങ്ങളിലൂടെയാണ് പ്രധാനമായും പഴംപച്ചക്കറി കയറ്റുമതി നടക്കുന്നത്. ഇതിന്റെ സിംഹഭാഗവും തിരുവനന്തപുരം വിമാനത്താവളം വഴിയാണ്. യുദ്ധം തുടങ്ങിയതിനുശേഷം കയറ്റുമതി വലിയതോതില്‍ കുറഞ്ഞിരുന്നു. ലുലുഗ്രൂപ്പ് പ്രത്യേക കാര്‍ഗോ വിമാനങ്ങളില്‍ യുദ്ധകാലത്ത് ഭക്ഷ്യവസ്തുക്കള്‍ ഗള്‍ഫ് വിപണിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ ഇത് സാധാരണ സമയത്തേക്കാള്‍ തീര്‍ത്തും കുറഞ്ഞ അളവിലായിരുന്നു. ഉയര്‍ന്ന ഷിപ്പിംഗ് ചാര്‍ജുകള്‍ കയറ്റുമതി ചെലവേറിയതാക്കി മാറ്റി.
കേരളത്തിലെ കാര്‍ഷിക മേഖലയുടെ പ്രധാന വിപണിയാണ് ഗള്‍ഫ്. വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്ക് കയറ്റിയയ്ക്കാന്‍ മാത്രമായി കൃഷി ചെയ്യുന്ന കര്‍ഷകര്‍ ഏറെയാണ്. പ്രാദേശിക വിപണിയില്‍ ഉത്പന്നങ്ങള്‍ വില്ക്കാന്‍ ഈ കര്‍ഷകര്‍ തയാറാകാറില്ല. ഉയര്‍ന്ന വില ലഭിക്കുന്നതും വിപണനത്തിന് കാര്യമായി ബുദ്ധിമുട്ടില്ലെന്നതുമാണ് കാരണം. കയറ്റുമതിക്കാര്‍ തോട്ടങ്ങളില്‍ നേരിട്ടെത്തിയാണ് ഇവ ശേഖരിച്ചിരുന്നത്.
ഉയര്‍ന്ന ചരക്ക് ചെലവുകളും ക്ലിയറന്‍സിലെ കാലതാമസവും കാരണം, ഗള്‍ഫ് മേഖലയിലേക്ക് കയറ്റുമതി ചെയ്യുന്നത് സാമ്പത്തികമായി ലാഭകരമല്ലായിരുന്നു. ഹോര്‍മൂസ് കടലിടുക്കിലെ സ്ഥിതി സാധാരണ നിലയിലായാല്‍ ഗള്‍ഫിലേക്കുള്ള കയറ്റുമതി പുനരാരംഭിക്കുമെന്ന് ഫ്രഷ് ഫ്രൂട്ട്‌സ് ആന്‍ഡ് വെജിറ്റബിള്‍സ് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എക്രം ഹുസൈന്‍ വ്യക്തമാക്കി.
2025ല്‍ ഇന്ത്യയുടെ മൊത്തം ഭക്ഷ്യ കയറ്റുമതിയുടെ 21.8% പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്കായിരുന്നു. ഇന്ത്യയുടെ ബസുമതി അരിയുടെ ഏറ്റവും വലിയ വാങ്ങലുകാരായിരുന്നു ഇറാന്‍. യുദ്ധം തുടങ്ങിയതോടെ ഇറാനിലേക്കുള്ള അരി കയറ്റുമതിയും നിലച്ചു. മേഖല സാധാരണ നിലയിലേക്ക് മടങ്ങുന്നത് ഇന്ത്യന്‍ കാര്‍ഷിക മേഖലയ്ക്ക് ഗുണം ചെയ്യും.
Read DhanamOnline in English
Subscribe to Dhanam Magazine