ഷോബി ടി പോള്‍ പ്രീമിയര്‍ 1എ വിമാനത്തിനരികില്‍ 
News & Views

ഫുട്ബോള്‍ ലോകകപ്പ് വേദികള്‍ക്കിടയില്‍ പറക്കാന്‍ മലയാളിയുടെ എയര്‍ ചാര്‍ട്ടര്‍ കമ്പനി

2012ല്‍ കൊച്ചി ആസ്ഥാനമായി പിറവം സ്വദേശി ഷോബി ടി പോള്‍ തുടക്കമിട്ട് പ്രധാനമായും ബെംഗളൂരു, ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹാലോ എയര്‍വേയാസാണ് ലോകകപ്പ് വേദികള്‍ക്കിടയില്‍ സര്‍വീസുമായി രംഗത്തുള്ളത്

Dhanam News Desk

ഫുട്ബോള്‍ ലോകകപ്പ് അരങ്ങേറുന്ന യുഎസിലേയും കാനഡയിലേയും മെക്സിക്കോയിലേയും പട്ടണങ്ങള്‍ ബന്ധിപ്പിക്കുന്ന ചാര്‍ട്ടര്‍ വിമാന സര്‍വീസുമായി മലയാളിയുടെ എയര്‍ ചാര്‍ട്ടര്‍ കമ്പനി.

2012ല്‍ കൊച്ചി ആസ്ഥാനമായി പിറവം സ്വദേശി ഷോബി ടി പോള്‍ തുടക്കമിട്ട് പ്രധാനമായും ബെംഗളൂരു, ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹാലോ എയര്‍വേയ്‌സാണ് ലോകകപ്പ് വേദികള്‍ക്കിടയില്‍ സര്‍വീസുമായി രംഗത്തുള്ളത്.

യൂറോപ്പ്, ഫാര്‍ ഈസ്റ്റ്, മിഡ്ല്‍ ഈസ്റ്റ് രാജ്യങ്ങളിലേയ്ക്ക് സ്ഥിരമായി പറക്കുന്നുണ്ടെങ്കിലും വടക്കേ അമേരിക്കയില്‍ ഇതാദ്യമായാണ് സേവനമെത്തിക്കുന്നതെന്ന് ഷോബി ടി പോള്‍ പറഞ്ഞു. ലോകകപ്പ് സര്‍വീസിനായി നാല് വിമാനങ്ങളിലാണ് കമ്പനി സേവനമെത്തിക്കുന്നത്. ലോകകപ്പ് സര്‍വീസ് ഓപ്പറേറ്റ് ചെയ്യുന്നതിനായി യുഎസിലും കാനഡയിലും പ്രാദേശിക കമ്പനികളുമായി ഹാലോ പങ്കാളിത്തങ്ങളിലും ഉറപ്പിച്ചു കഴിഞ്ഞു.

മയാമിയിലെ നോര്‍ത്ത് പെറി വിമാനത്താവളം ആസ്ഥാനമായുള്ള റോയല്‍റ്റി ഏവിയേഷന്‍ ഗ്രൂപ്പൂമായുള്ളതാണ് ഇവയിലൊന്ന്. കൊച്ചി സ്വദേശി ക്യാപ്റ്റന്‍ വിബിന്‍ വിന്‍സന്റാണ് റോയല്‍റ്റി ഏവിയേഷന്റെ മുഖ്യ പ്രൊമോട്ടര്‍ എന്ന സവിശേഷതയുമുണ്ട്. അനുമതികള്‍, ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ്, ലോജിക്കല്‍ അസിസ്റ്റന്‍സ് എന്നിവയാണ് പ്രാദേശിക സ്ഥാപനങ്ങള്‍ നല്‍കുന്നതെന്ന് ഷോബി ടി പോള്‍ പറഞ്ഞു.

ലോകകപ്പിനായി ഏഴ് സീറ്റുള്ള സെസ്‌ന സൈറ്റേഷന്‍ സിജെ2, എട്ടു സീറ്റുള്ള എംബ്രേയര്‍ ഫെനോം 300, 9 സീറ്റുള്ള സെസ്‌ന സൈറ്റേഷന്‍ പത്ത്, പ്രീമിയം ലോംഗ്-റേഞ്ച് ഓപ്പറേഷന്‍സിനായി 13 സീറ്റുള്ള ഒരു ഗള്‍ഫ്സ്ട്രീം ജി550 എന്നീ വിമാനങ്ങളാണ് കമ്പനി സജ്ജീകരിച്ചിരിക്കുന്നത്.

സേവനം സ്വന്തമാക്കി പ്രമുഖര്‍

കേന്ദ്രമന്ത്രിമാരായ എസ്. ജയശങ്കര്‍, നിര്‍മല സീതാരാമന്‍, പീയുഷ് ഗോയല്‍, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കര്‍ണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍, മുന്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ക്രിക്കറ്റ് താരങ്ങളായ വിരാട് കോഹ്ലി, സഞ്ജു സാംസണ്‍ തുടങ്ങിയ പ്രമുഖര്‍ക്ക് കമ്പനി സേവനം നല്‍കിയിട്ടുണ്ടെന്ന് ഷോബി ടി പോള്‍ പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT