മൂന്നാറിലും വയനാട്ടിലും മഞ്ഞ് പെയ്യുന്നത് കാണാന്‍ പോയില്ലേ? സോഷ്യല്‍മീഡിയയില്‍ ട്രെന്റിംഗാണ് വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിന്നുള്ള വീഡിയോകളും ഫോട്ടോസുമെല്ലാം. കാലാവസ്ഥയും അനുകൂലമായതോടെ ഇത്തവണ ടൂറിസം രംഗത്ത് എല്ലാം അടിപൊളിയാണെന്ന് സംരംഭകരും പറയുന്നു.
പ്രളയവും കോവിഡും വന്നശേഷം സംസ്ഥാനത്ത് ടൂറിസം രംഗത്തിനൊരു തിരിച്ചുവരവില്ലായിരുന്നു. ഈ വര്‍ഷം പക്ഷേ കാര്യങ്ങള്‍ അനുകൂലമായി കൊണ്ടിരിക്കുകയാണ്. മണ്‍സൂണ്‍ കാലത്തും അതിനുശേഷവും കൂടുതല്‍ സഞ്ചാരികള്‍ കേരളത്തിലേക്ക് എത്തുന്നുണ്ട്.
കോവിഡിനുശേഷം വിദേശ വിനോദ സഞ്ചാരികളുടെ കേരളത്തിലേക്ക് വരവില്‍ കുറവുണ്ടായിട്ടുണ്ട്. അതേസമയം, ആഭ്യന്തര സഞ്ചാരികളുടെ വരവ് വന്‍തോതില്‍ വര്‍ധിക്കുകയും ചെയ്തു. കഴിഞ്ഞ 4-5 വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച സീസണ്‍ ആണ് ഇത്തവണത്തേതെന്ന് സംരംഭകര്‍ ഒരേസ്വരത്തില്‍ പറയുന്നു. ബിനാലെ തുടങ്ങിയതിനാല്‍ ഫോര്‍ട്ടുകൊച്ചി മേഖലയില്‍ മുമ്പ് തന്നെ തിരക്ക് തുടങ്ങിയിരുന്നു.
ഫോര്‍ട്ടുകൊച്ചി അടക്കമുള്ള ഒട്ടുമിക്ക വിനോദസഞ്ചാര കേന്ദ്രങ്ങളിലും ബുക്കിംഗ് ഏറെക്കുറെ പൂര്‍ണമാണെന്ന് കേരള ഹോംസ്‌റ്റേ ആന്‍ഡ് ടൂറിസം സൊസൈറ്റി പ്രസിഡന്റ് എം.പി ശിവദത്തന്‍ ധനംഓണ്‍ലൈനോട് പറഞ്ഞു. കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എത്തുന്നവരുടെ എണ്ണം വലിയതോതില്‍ വര്‍ധിച്ചു. മാത്രമല്ല മലയാളികള്‍ കൂടുതല്‍ യാത്ര ചെയ്യാന്‍ തുടങ്ങിയതും ടൂറിസം മേഖലയ്ക്ക് കരുത്തായതായി ശിവദത്തന്‍ വ്യക്തമാക്കുന്നു.
ക്രിസ്മസ് അവധി തുടങ്ങും മുമ്പേ ഇത്തവണ മൂന്നാര്‍ അടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ തിരക്ക് തുടങ്ങി. വര്‍ഷങ്ങള്‍ക്കുശേഷം കനത്ത മഞ്ഞുവീഴ്ച ഉണ്ടായതാണ് അപ്രതീക്ഷിത തിരക്കിന് കാരണം. സാധാരണഗതിയില്‍ ആഭ്യന്തര സഞ്ചാരികള്‍ അവധി തുടങ്ങുന്ന സമയം നോക്കിയായിരുന്നു എത്തിയിരുന്നത്. പ്രകൃതിയുടെ അനുഗ്രഹം ടൂറിസം മേഖലയ്ക്ക് ഗുണകരമാകുകയാണ്.
മൂന്നാറില്‍ മാത്രമല്ല വയനാട്ടിലും ഫോര്‍ട്ടുകൊച്ചി അടക്കമുള്ള സ്ഥലങ്ങളിലും ഇത്തവണ സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ട്. 2018 പ്രളയത്തിനുശേഷം ഈ സമയത്ത് ഇത്രയധികം തിരക്കുണ്ടാകുന്നത് ആദ്യമായാണെന്ന് ആനച്ചാലില്‍ ഹോംസ്‌റ്റേ നടത്തുന്ന ജിതേഷ് ടിആര്‍ ധനംഓണ്‍ലൈനോട് പറഞ്ഞു.
വിദേശ സഞ്ചാരികളെ അപേക്ഷിച്ച് ആഭ്യന്തര സഞ്ചാരികള്‍ പണംചെലവഴിക്കുന്ന കാര്യത്തില്‍ പിശുക്കരാണ്. എന്നിരുന്നാല്‍ തന്നെയും അത്യാവശ്യം നല്ലരീതിയില്‍ ചെലവഴിക്കാന്‍ മലയാളികളും തുടങ്ങിയെന്ന് ടൂറിസം രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. എറണാകുളം, തിരുവനന്തപുരം തുടങ്ങി സിറ്റികളില്‍ താമസിക്കുന്നവര്‍ ഹില്‍ ഏരിയകള്‍ തേടി പോകുമ്പോള്‍ ഈ മേഖലകളില്‍ നിന്നുള്ളവര്‍ കടത്തീരമുള്ള സ്ഥലങ്ങളിലേക്കാണ് കൂടുതല്‍ സഞ്ചരിക്കുന്നത്.
ഒരാളോ ഒരു ഗ്രൂപ്പോ സഞ്ചാരം തുടങ്ങുമ്പോള്‍ അത് മൊത്തം സമ്പദ്‌വ്യവസ്ഥയിലാണ് പ്രതിഫലിക്കുന്നത്. മൂന്നാറിലേക്ക് എത്തുന്ന ഒരാള്‍ ചുരുങ്ങിയത് 2,000 മുതല്‍ 6,000 രൂപ വരെയെങ്കിലും അവിടെ ചെലവഴിക്കുന്നുണ്ട്. ഉത്തരേന്ത്യന്‍ സഞ്ചാരികളും വിദേശികളും ഇതില്‍ കൂടുതല്‍ പൈസ മുടക്കും. ഈ പണം ചെന്നെത്തുന്നത് വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ടാക്‌സി ഓടിക്കുന്നവര്‍ മുതല്‍ ഹോംലി മീല്‍സ് കച്ചവടം നടത്തുന്നവര്‍ വരെയുള്ള ആളുകളിലേക്കാണ്. ഒരു പ്രദേശത്തിന്റെ മൊത്തം സാമ്പത്തിക വികസനത്തിന് ടൂറിസം കാരണമാകുന്നുവെന്ന് ചുരുക്കം.
കേരളത്തിലേക്ക് വരാന്‍ സഞ്ചാരികള്‍ക്ക് താല്പര്യമാണ്. എന്നാല്‍ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തില്‍ പരാതി പറയുന്നവരേറെയാണ്. മൂന്നാറിന്റെ കാര്യം തന്നെ ഉദാഹരണമായെടുക്കാം. നല്ല തിരക്കുള്ളൊരു ദിവസം വന്നാല്‍ മൂന്നാറിലേക്കുള്ള റോഡുകള്‍ നിശ്ചലമാകുന്നതാണ് സ്ഥിതി. ഹൈവേ നിര്‍മാണം നടക്കുന്നതാണ് കാരണമെന്ന് വാദിക്കാമെങ്കിലും ഇടറോഡുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. പലയിടത്തും റോഡുകള്‍ മോശം അവസ്ഥയിലാണ്. വഴിയോര കച്ചവടക്കാര്‍ കൈയേറിയത് മൂലം ആവശ്യത്തിന് വീതിയില്ലാത്ത അവസ്ഥ പലയിടത്തുമുണ്ട്.
ഇത് മൂന്നാറിലെ മാത്രം പ്രശ്‌നമല്ല. വയനാട്ടിലും കോഴിക്കോട്ടും കോവളത്തുമെല്ലാം അവസ്ഥയ്ക്ക് മാറ്റമില്ല. തമിഴ്‌നാട്, ഗോവ എന്നീ സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളില്‍ കേരളം വളരെ പിന്നിലാണ്. അടുത്തിടെ ചതുരംഗപാറയിലെത്തിയ വിദേശ സഞ്ചാരികള്‍ അവിടുത്തെ മോശം അവസ്ഥയെപ്പറ്റി ചെയ്ത വീഡിയോ കേരളത്തെക്കുറിച്ച് തെറ്റായ ധാരണ പുറത്തേക്ക് പരക്കാന്‍ ഇടയാക്കും.
Read DhanamOnline in English
Subscribe to Dhanam Magazine