സംസ്ഥാനത്തിന്റെ കഴിഞ്ഞകാല പുരോഗതി വിലയിരുത്തുന്നതിനും വികസന ലക്ഷ്യങ്ങള്‍ നിശ്ചയിക്കുന്നതിനുമായി സംഘടിപ്പിക്കുന്ന ‘വിഷന്‍ 2031' സെമിനാർ പരമ്പരയിൽ ധനകാര്യ വകുപ്പ് നേതൃത്വം നൽകുന്ന സെമിനാർ ഒക്ടോബർ 13, തിങ്കളാഴ്‌ച കൊച്ചിയിൽ നടക്കും. ‘ധനകാര്യ വകുപ്പ്: നേട്ടങ്ങളും ഭാവികാഴ്‌ചപ്പാടുകളും' എന്ന സെമിനാർ രാവിലെ 10 ന് കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ ആരംഭിക്കും.
കേരളത്തെ 2031–ഓടെ പുരോഗമനപരവും വികസിതവുമായ ഒരു സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് കേരള സർക്കാർ ‘വിഷൻ 2031’ എന്ന പേരിൽ 33 മേഖലകളിൽ സെമിനാർ സംഘടിപ്പിക്കുന്നത്. 2031ൽ സംസ്ഥാനം എങ്ങനെയാകണം എന്നതിനെക്കുറിച്ച് വിപുലമായ കാഴ്‌ചപ്പാട് രൂപീകരിക്കാനുള്ള ആശയങ്ങളുടെ പങ്കുവയ്‌ക്കലും സമാഹരണവുമാണ് സെമിനാറുകളിൽ നടക്കുന്നത്.
രാവിലെ 10ന് ‘ധനകാര്യ വകുപ്പ്: നേട്ടങ്ങളും ഭാവികാഴ്‌ചപ്പാടുകളും’ സെമിനാറിൽ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷനാകും. ‘കേരളം@2031: ഒരു പുതിയ ദർശനം’ എന്ന അവതരണവും അദ്ദേഹം നടത്തും. ‘കേരളത്തിന്റെ കഴിഞ്ഞ ദശകത്തിലെ സാമ്പത്തിക നേട്ടങ്ങൾ’ ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ അവതരിപ്പിക്കും.
11.45ന് മൂന്ന് സമാന്തര സെഷനുകളായി പാനൽ ചർച്ചകൾ ആരംഭിക്കും. ഒന്നാം സമാന്തര സെഷനിൽ ‘കേരളത്തിന്റെ സാമ്പത്തിക വളർച്ചാ മാതൃകകൾ, പുത്തൻ സാധ്യതകൾ’ എന്ന വിഷയത്തിൽ അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ അധ്യക്ഷനാകും. ഐഎസ്‌ആർഒ മുൻ ചെയർമാൻ ഡോ. എസ് സോമനാഥ്, ഐബിഎസ് സ്ഥാപകനും എക്‌സിക്യുട്ടിവ് ചെയർമാനുമായ ഡോ. വി കെ മാത്യൂസ്, ജിയോജിത് ഫിനാൻഷ്യൽ സർവീസസ് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ സി ജെ ജോർജ്, എൻഎഫ്‌ടിഡിസി (Non-Ferrous Materials Technology Development Centre, Hydrabad) ഡയറക്ടർ ഡോ. കെ ബാലസുബ്രഹ്മണ്യൻ, കിഫ്‌ബി അഡീഷണൽ സിഇഒ മിനി ആന്റണി, സ്വീറ്റ് ലൈം സ്ഥാപകനും ഡയറക്ടറുമായ സഞ്ജയ് ഡാഷ് എന്നിവർ ചർച്ചയിൽ പങ്കെടുക്കും.
‘കയറ്റുമതിയും തുറമുഖ അധിഷ്ഠിത വികസനവും’ എന്നതാണ് മറ്റൊരു സമാന്തര സെഷന്റെ വിഷയം. കൊച്ചിൻ പോർട് അതോറിട്ടി ചെയർമാൻ ബി കാശിനാഥൻ അധ്യക്ഷനാകും. പോർട് അതോറിട്ടി മുൻ ചെയർമാൻ എൻ രാമചന്ദ്രൻ, കേരള എക്‌സ്‌പോർട്ടേഴ്‌സ് ഫോറം പ്രസിഡന്റ് കെ എം ഹമീദ് അലി, സിഐഐ ചെയർപേഴ്‌സൺ വി കെ സി റസാഖ്, ഫിക്കി കേരള സ്‌റ്റേറ്റ് കൗൺസിൽ ടാസ്‌ക് ഫോഴ്‌സ് ഓൺ എക്‌സ്‌പോർട്‌സ് ചെയർ അലക്‌സ് കെ നൈനാൻ, സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസ് ഡയറക്ടർ പ്രൊഫ. സി വീരമണി, കെഎസ്‌ഐഡിസി എംഡി പി വിഷ്‌ണുരാജ്, വിസിൽ എംഡി ഡോ. ദിവ്യ എസ് അയ്യർ എന്നിവർ സംസാരിക്കും.
മൂന്നാമത് സമാന്തര സെഷൻ ‘ധനകാര്യ ഫെഡറലിസവും ജിഎസ്‌ടി സംവിധാനവും’ എന്ന വിഷയം ചർച്ച ചെയ്യും. സംസ്ഥാന ജിഎസ്‌ടി കമീഷണർ അജിത് പാട്ടീൽ അധ്യക്ഷനാകും. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസിയിലെ പ്രൊഫസർ ഡോ. പിനാകി ചക്രബർത്തി, സംസ്ഥാന ആസൂത്രണ ബോർഡ് അംഗം പ്രൊഫ. ആർ രാമകുമാർ, കെയുആർഡിഎഫ്‌സി എംഡി എസ് പ്രേംകുമാർ, ഗിഫ്‌റ്റ് ഡയറക്ടർ ഡോ. കെ ജെ ജോസഫ്, ജിഎസ്‌ടി അഡീഷണൽ ഡയറക്ടർ ആർ ശ്രീലക്ഷ്‌മി എന്നിവർ പങ്കെടുക്കും.
ഉച്ചയ്‌ക്കുശേഷം 3.30ന് സമാപന സമ്മേളനം വ്യവസായ മന്ത്രി പി രാജീവ് ഉദ്‌ഘാടനം ചെയ്യും. ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷനാകും. മുൻ കാബിനറ്റ് സെക്രട്ടറി കെ എം ചന്ദ്രശേഖർ ഉപസംഹാരം നടത്തും. ധനകാര്യ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി സച്ചിൻ യാദവ് നന്ദി പറയും.
Kerala’s Vision 2031 Finance Seminar on October 13 to outline future economic strategies with expert panel discussions.
Read DhanamOnline in English
Subscribe to Dhanam Magazine