പാക് ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തിന്റെ തീവ്രത ലോകത്തിന് മുന്നിലെത്തിച്ചത് മലയാളിയുടെ സ്റ്റാര്‍ട്ടപ്പ് കമ്പനി. തിരുവനന്തപുരം സ്വദേശിയായ ക്രിസ് നായരുടെ കാവ സ്‌പേസ് (Kawa space) എന്ന സ്‌പേസ്‌ടെക് സ്റ്റാര്‍ട്ടപ്പാണ് സൈനിക നീക്കത്തിനിടെ വിശ്വസനീയമായ ഉപഗ്രഹ ഇന്റലിജന്‍സ് വിവരങ്ങള്‍ നല്‍കിയത്.
ഓപ്പറേഷന്‍ സിന്ദൂര്‍ പാകിസ്ഥാനിലെ സൈനിക കേന്ദ്രങ്ങളില്‍ വരുത്തിയ നാശനഷ്ടങ്ങളുടെ ഉപഗ്രഹ ചിത്രങ്ങള്‍ എക്‌സ് (X) അക്കൗണ്ടിലൂടെ പുറത്തുവിട്ടു. സൈനിക കേന്ദ്രങ്ങള്‍ക്ക് നാശം സംഭവിച്ചിട്ടില്ലെന്ന പാക് സൈനിക വാദം തെറ്റാണെന്ന് തെളിയിക്കാന്‍ ഏറെ സഹായകമായത് ഈ ചിത്രങ്ങളാണെന്നാണ് റിപ്പോര്‍ട്ട്.
പാക്കിസ്ഥാനിലെ മുരീദ്‌കെ, ബഹാവല്‍പൂര്‍, പാക് അധീന കാശ്മീര്‍ എന്നിവിടങ്ങളിലെ ഭീകരകേന്ദ്രങ്ങളില്‍ നടത്തിയ പ്രത്യാക്രമണത്തിന്റെ ആഴം വെളിവാക്കിയത് ഡ്രോണ്‍, ഉപഗ്രഹ സഹായത്തോടെ തയ്യാറാക്കിയ ചിത്രങ്ങളാണ്. റഫാല്‍ യുദ്ധവിമാനത്തില്‍ നിന്നും തൊടുത്ത മിസൈലുകള്‍ കൃത്യമായി ലക്ഷ്യം കണ്ടെന്ന് തെളിയിക്കാനും ഈ ചിത്രങ്ങള്‍ക്കായി. ഭോലാരിയിലെ പാക് വ്യോമതാവളത്തില്‍ നടത്തിയ ആക്രമണത്തിന്റെ ബോംബ് ഡാമേജ് അസസ്‌മെന്റ് (ബി.ഡി.എ) ചിത്രങ്ങള്‍ പുറത്തുവിട്ടത് കാവാ സ്‌പേസാണ്. ഇതില്‍ പാക് വ്യോമകേന്ദ്രത്തിലെ ഹാംഗറുകള്‍ തകര്‍ന്നതായി വ്യക്തമായി മനസിലാകും.
സര്‍ഗോഡയിലെ മുഷാഫ് വ്യോമതാവളം, ജക്കോബാദിലെ ഷഹബാസ് വ്യോമതാവളം എന്നിവക്കേറ്റ നാശനഷ്ടങ്ങളും പുറത്തുകൊണ്ടുവന്നത് കാവ സ്‌പേസാണ്. ജക്കോബാദിലെ വ്യോമതാവളത്തിലെ പ്രധാന ഏപ്രണിലുള്ള ഹാംഗര്‍ മിസൈലാക്രമണത്തില്‍ തകര്‍ന്നതിന് തെളിവായി പല സുരക്ഷാ വിദഗ്ധരും തെളിയിച്ചത് ഈ ചിത്രങ്ങള്‍ ഉപയോഗിച്ചാണെന്നും റിപ്പോര്‍ട്ടുകള്‍ തുടരുന്നു. ഇവ പാക് നുണകളെ പൊളിച്ചടുക്കാന്‍ മാത്രമല്ല, ഇന്ത്യന്‍ സൈന്യത്തിന്റെ വാദങ്ങള്‍ ശരിവെക്കാനും സഹായിച്ചു. ഇന്ത്യയില്‍ കനത്ത നാശനഷ്ടമുണ്ടാക്കിയെന്ന് അവകാശപ്പെട്ടെങ്കിലും അത് തെളിയിക്കുന്ന തെളിവുകളൊന്നും പാകിസ്ഥാന് ലഭിച്ചതുമില്ല. ഇതോടെ നാണം കെട്ട അവസ്ഥയിലാണ് പാക് സൈന്യം.
ഉപഗ്രാധിഷ്ഠിത സേവനങ്ങള്‍ നല്‍കാനായി 2019ലാണ് കാവ സ്‌പേസ് രൂപീകരിക്കുന്നത്. നിലവില്‍ സിവിലിയന്‍ ആവശ്യങ്ങള്‍ക്കുള്ള സേവനങ്ങളൊന്നും കമ്പനി നല്‍കുന്നില്ല. ബഹിരാകാശ സാങ്കേതിക വിദ്യയുടെ വികാസത്തിനായി കഴിഞ്ഞ വര്‍ഷം രൂപീകരിച്ച ഭാരത് സ്‌പേസ് കളക്ടീവിന്റെ ഭാഗം കൂടിയാണ് കാവ. ബഹിരാകാശ സാങ്കേതിക വിദ്യ വാണിജ്യരൂപത്തില്‍ മനുഷ്യ നന്മക്കായി ഉപയോഗിക്കുകയാണ് കൂട്ടായ്മയുടെ ലക്ഷ്യം.
A startup founded by a Keralite gained national attention during Operation Sindoor by providing satellite imagery to track missile strikes on Pakistani airbases.
Read DhanamOnline in English
Subscribe to Dhanam Magazine