image credit : canva , Google Maps 
News & Views

മൂന്ന് ദിശകളില്‍ നിന്ന് വിഴിഞ്ഞത്തേക്ക് കണക്ടിവിറ്റിയൊരുക്കാന്‍ ₹1,000 കോടി, ₹743.37 കോടിയുടെ 32 പദ്ധതികള്‍ക്കും അനുമതി

മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന 51-ാമത് കിഫ്ബി യോഗമാണ് പദ്ധതികള്‍ക്ക് അനുമതി നല്‍കിയത്

Dhanam News Desk

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ഭാഗമായി വിഴിഞ്ഞം ഡെവലപ്‌മെന്റ് സോണ്‍ സ്ഥാപിക്കാന്‍ നീക്കങ്ങള്‍ ഊര്‍ജ്ജിതമാക്കി സംസ്ഥാന സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഭൂമി ഏറ്റെടുക്കുന്നതിന് 1,000 കോടി രൂപ വകയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന 51-ാമത് കിഫ്ബി ബോര്‍ഡ് യോഗം തീരുമാനിച്ചു.

വിഴിഞ്ഞം ഡെവലപ്‌മെന്റ് സോണ്‍

വിഴിഞ്ഞം-കൊല്ലം-പുനലൂര്‍ സാമ്പത്തിക-വ്യവസായ വികസന ഇടനാഴിക്കു വേണ്ടിയാണ് സ്ഥലമേറ്റെടുക്കുക. കൊല്ലം, തിരുവനന്തപുരം ജില്ലകളിലായി 1,456 ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ചു കിടക്കുന്ന പദ്ധതി രണ്ടുകൊല്ലത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. തുറമുഖത്തിന്റെ പ്രവര്‍ത്തനത്തില്‍ ഏറെ നിര്‍ണായകമാകുന്ന ഇടനാഴി ചരക്കുനീക്കം എളുപ്പമാക്കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. സംസ്ഥാനത്തെ തുറമുഖ അടിസ്ഥാന സാമ്പത്തിക മേഖലയായി മാറ്റുന്നതിനുള്ള സുപ്രധാന ചുവടുവയ്പാണിതെന്ന് ധനവകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു.

നിരവധി ട്രാന്‍സ്‌പോര്‍ട്ട് - ലോജിസ്റ്റിക് ഹബ്ബുകള്‍ ഇടനാഴിയുടെ ഭാഗമായി സ്ഥാപിക്കും. വിഴിഞ്ഞം - കൊല്ലം ദേശീയപാത 66, കൊല്ലം - ചെങ്കോട്ട ദേശീയപാത 744, പുതിയ ഗ്രീന്‍ഫീല്‍ഡ് ദേശീയപാത 744, കൊല്ലം-ചെങ്കോട്ട റെയില്‍വേ ലൈന്‍, പുനലൂര്‍-നെടുമങ്ങാട്-വിഴിഞ്ഞം റോഡ് എന്നിങ്ങനെ മൂന്ന് ദിശകളിലായാണ് ഇടനാഴി നീളുന്നത്. തിരുവനന്തപുരം ഔട്ടര്‍ റിംഗ് റോഡും വിഴിഞ്ഞം-നാവായിക്കുളം ഔട്ടര്‍ ഏരിയ ഗ്രോത്ത് കോറിഡോറും പദ്ധതിയുടെ ഭാഗമാകും.

32 പദ്ധതികള്‍ക്ക് കൂടി കിഫ്ബി അനുമതി

ഇതിനുപുറമെ 743.37 കോടി രൂപയുടെ 32 പദ്ധതികള്‍ക്ക് കൂടി കിഫ്ബി യോഗം അനുമതി നല്‍കി. ഇതുവരെ 87,378.33 കോടി രൂപയുടെ 1,147 പദ്ധതികള്‍ക്കാണ് കിഫ്ബി അനുമതി ലഭിച്ചത്. ഇതിനായി 31,379.08 കോടി രൂപ ചെലവഴിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ 11 പദ്ധതികള്‍ക്ക് 332.28 കോടി രൂപ, കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ വകുപ്പിന്റെ മൂന്ന് പദ്ധതികള്‍ക്ക് 23.35 കോടി രൂപ, ജലവിഭവ വകുപ്പിന് 20.51 കോടി രൂപ, തദ്ദേശ സ്വയംഭരണ വകുപ്പിന് 9.95 കോടി രൂപ, ഐ.റ്റി വകുപ്പിന് 212.87 കോടി രൂപ, വിനോദസഞ്ചാര വകുപ്പിന് 29.75 കോടി രൂപ, വ്യവസായ വകുപ്പിന് 8.91 കോടി രൂപ, ഒമ്പത് ആശുപത്രികളില്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിന് ആരോഗ്യവകുപ്പിന് 39.38 കോടി രൂപ എന്നിങ്ങനെയാണ് അനുവദിച്ചത്.

തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് ഫേസ് 6ലെ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന് വേണ്ടിയുള്ള 212.87 കോടി രൂപ, വയനാട്ടില്‍ കാര്‍ബണ്‍ ന്യൂട്രല്‍ കോഫി പാര്‍ക്ക് സ്ഥാപിക്കുന്നതിന് 8.91 കോടി രൂപ, മനുഷ്യ-വന്യമൃഗ സംഘര്‍ഷം കുറക്കുന്നതിനുള്ള 67.97 കോടി രൂപയുടെ പദ്ധതി, മൂന്ന് ജില്ലകളില്‍ അത്യാധുനിക രീതിയിലുള്ള നാല് ഗ്യാസ് ക്രിമറ്റോറിയം സ്ഥാപിക്കുന്നതിനുള്ള 9.95 കോടി രൂപയുടെ പദ്ധതിയും ഇതിലുണ്ട്. കൊച്ചി ചിലവന്നൂര്‍ കനാല്‍ ആഴം കൂട്ടി സംരക്ഷിക്കുന്നതിനുള്ള 8.41 കോടി രൂപയുടെ പദ്ധതിക്കും കിഫ്ബി യോഗം അനുമതി നല്‍കി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT