കിറ്റെക്‌സിന്റെ തെലങ്കാനയിലെ വാറങ്കലില്‍ സജ്ജമാകുന്ന ഫാക്ടറി. തെലങ്കാന മുന്‍ മന്ത്രി കെ.ടി. രാമറാവു ട്വിറ്ററില്‍ പങ്കുവച്ച ചിത്രം. ഇന്‍സെറ്റില്‍ കിറ്റെക്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സാബു എം. ജേക്കബ്‌  
News & Views

തെലങ്കാനയിലെ കിറ്റെക്‌സ് ഫാക്ടറിയില്‍ കാല്‍ ലക്ഷം ഒഴിവുകള്‍; മെഗാ റിക്രൂട്ട്‌മെന്റില്‍ മലയാളിക്ക് വല്ലതും കിട്ടുമോ?

ലോകത്തിലെ ഏറ്റവും വലിയ വസ്ത്ര നിര്‍മാണ പ്ലാന്റ് സ്ഥാപിക്കാന്‍ 3,000 കോടി രൂപയില്‍ അധികമാണ് കിറ്റെക്‌സ് തെലങ്കാനയില്‍ നിക്ഷേപിക്കുന്നത്

Dhanam News Desk

രാഷ്ട്രീയ വിവാദങ്ങളെ തുടര്‍ന്ന് കേരളം വിട്ട വസ്ത്ര നിര്‍മാണ ബ്രാന്‍ഡായ കിറ്റെക്‌സിന്റെ തെലങ്കാനയിലെ പ്ലാന്റില്‍ മെഗാ റിക്രൂട്ട്‌മെന്റ് നടത്തുന്നു. വാറങ്കലിലെയും സീതാരാംപൂരിലെയും പ്ലാന്റുകളിലേക്ക് വൈസ് പ്രസിഡന്റ് മുതല്‍ ഫാക്ടറി തൊഴിലാളികള്‍ അടക്കമുള്ള 25,000ല്‍ അധികം ഒഴിവുകളിലേക്ക് നിയമനം നടത്തുമെന്നാണ് കിറ്റെക്‌സിന്റെ പരസ്യം. ലോകത്തിലെ ഏറ്റവും വലിയ വസ്ത്ര നിര്‍മാണ പ്ലാന്റ് സ്ഥാപിക്കാന്‍ 3,000 കോടി രൂപയില്‍ അധികമാണ് കിറ്റെക്‌സ് തെലങ്കാനയില്‍ നിക്ഷേപിക്കുന്നത്.

കാല്‍ലക്ഷം ഒഴിവുകള്‍

വൈസ് പ്രസിഡന്റ്, ജനറല്‍ മാനേജര്‍, മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍, സീനിയര്‍ എക്‌സിക്യൂട്ടീവ്, എഞ്ചിനീയര്‍, ഇന്‍-ചാര്‍ജ്, സൂപ്പര്‍ വൈസര്‍ എന്നീ ജോലികള്‍ക്ക് പുറമെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ വിദഗ്ധ/അവിദഗ്ധ തൊഴിലാളികളെയും കിറ്റെക്‌സിന് ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ www.kitexgarments.com എന്ന വെബ്‌സൈറ്റ് വഴി രണ്ടാഴ്ചക്കുള്ളില്‍ അപേക്ഷിക്കണമെന്നും കിറ്റെക്‌സ് പരസ്യത്തില്‍ പറയുന്നു.

നഷ്ടം കേരളത്തിന്

കൊച്ചിയില്‍ മാത്രം 9,000ല്‍ അധികം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന കിറ്റെക്‌സ് കേരളത്തില്‍ 3,500 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചതിന് പിന്നാലെയുണ്ടായ വിവാദങ്ങള്‍ കേരളം മറന്നിട്ടില്ല. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഉപദ്രവം കാരണം കേരളത്തിലെ നിക്ഷേപ പദ്ധതി ഉപേക്ഷിക്കുകയാണെന്ന് 2021ല്‍ കിറ്റെക്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സാബു എം ജേക്കബ് പ്രഖ്യാപിച്ചത് വലിയ പൊട്ടിത്തെറിയുണ്ടാക്കി. കിറ്റെക്‌സിന്റെ പ്രധാന കേന്ദ്രമായ കിഴക്കമ്പലം ഗ്രാമപഞ്ചായത്തില്‍ ഇടതു-വലതു മുന്നണികള്‍ക്കെതിരെ മത്സരിച്ച് വിജയിച്ചതിന്റെ പ്രതികാരമാണ് ഇതിന് പിന്നിലെന്നും ആരോപണമുയര്‍ന്നു. ഇതിന് പിന്നാലെ സംസ്ഥാന സര്‍ക്കാരും സാബു എം ജേക്കബും പല വിഷയങ്ങളിലും തര്‍ക്കം തുടര്‍ന്നെങ്കിലും നഷ്ടം വ്യവസായ കേരളത്തിന് മാത്രമായിരുന്നു.

പ്രൈവറ്റ് ജെറ്റിലെത്തി റാഞ്ചി തെലങ്കാന

ഇതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് അന്നത്തെ തെലങ്കാന വ്യവസായ മന്ത്രി കെ.ടി രാമറാവുവിന്റെ നേരിട്ടുള്ള ക്ഷണം അനുസരിച്ച് സാബു എം ജേക്കബ് തെലങ്കാനയിലെത്തി ചര്‍ച്ചകള്‍ നടത്തുന്നത്. കൊവിഡ് കാലമായതിനാല്‍ തെലങ്കാന സര്‍ക്കാര്‍ അയച്ച പ്രൈവറ്റ് ജെറ്റിലാണ് തെലങ്കാനയിലെത്തിയത്. ആദ്യം 1,000 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ച കിറ്റെക്‌സ് പിന്നീട് 3,000 കോടി രൂപയിലേക്ക് നിക്ഷേപം ഉയര്‍ത്തി. വാറങ്കലിലും സീതാരാംപൂരിലും നിര്‍മാണം തുടങ്ങിയ പ്ലാന്റുകള്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പ്രവര്‍ത്തനം തുടങ്ങുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും വൈകി. ട്രയല്‍ റണ്‍ പൂര്‍ത്തിയാക്കി അടുത്ത മാസങ്ങളില്‍ തന്നെ പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT