ജി.എസ്.ടിയില്‍ കുറവുണ്ടായേക്കുമെന്ന വാര്‍ത്തയും ഡൊണള്‍ഡ് ട്രംപ് തീരുവയില്‍ കടുംപിടുത്തം ഒഴിവാക്കിയേക്കുമെന്ന സൂചനയും ഓഹരിവിപണിയുടെ കുതിപ്പിന് വളമിട്ടപ്പോള്‍ കിറ്റെക്‌സ് ഗാര്‍മെന്റ് ഉള്‍പ്പെടെയുള്ള വസ്ത്ര നിര്‍മാണ കമ്പനികള്‍ക്കും ആശ്വാസം. ട്രംപ് ഇന്ത്യയ്ക്കുമേല്‍ ഇരട്ട താരിഫ് ചുമത്തിയതോടെ താഴേക്കു പോയ കിറ്റെക്‌സ് ഓഹരികള്‍ ഇന്ന് കുതിപ്പിലാണ്.
ഇന്ത്യയിലെ ടെക്‌സ്റ്റൈല്‍ മേഖലയുടെ വലിയ വിപണിയാണ് യു.എസ്. കയറ്റുമതി തടസപ്പെടുമെന്ന വാര്‍ത്തകള്‍ വന്നതോടെ ഗാര്‍മെന്റ്‌സ് ഓഹരികളുടെ വില കൂപ്പുകുത്തിയിരുന്നു. കയറ്റുമതി അനിശ്ചിതത്വം വ്യാപിച്ചതോടെ ആഭ്യന്തര, യൂറോപ്യന്‍ വിപണിയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുമെന്ന് കിറ്റെക്‌സ് ഗാര്‍മെന്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ സാബു എം. ജേക്കബ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. യു.എസിലെ അവരുടെ കുഞ്ഞുടുപ്പ് ബ്രാന്‍ഡായ ലിറ്റില്‍ സ്റ്റാര്‍ മറ്റ് വിപണികളില്‍ വിറ്റ് നഷ്ടം നികത്താനാണ് കിറ്റെക്‌സിന്റെ നീക്കം.
ഇന്ത്യയ്ക്കുമേല്‍ ഏര്‍പ്പെടുത്തിയ ഇരട്ട താരിഫില്‍ യു.എസ് ഇളവുവരുത്തിയേക്കുമെന്ന വാര്‍ത്തകളും കിറ്റെക്‌സ് ഓഹരികള്‍ക്ക് ഗുണം ചെയ്തു. ട്രംപിന്റെ ഇരട്ട നികുതി പ്രഖ്യാപനത്തിനുശേഷം നിരന്തരം ഇടിവു രേഖപ്പെടുത്തിയ കിറ്റെക്‌സ് ഓഹരിവില ഒരുഘട്ടത്തില്‍ 150ന് താഴേക്ക് പോയേക്കുമെന്ന ആശങ്കയും നിലനിന്നിരുന്നു.
ഈ വര്‍ഷം മേയില്‍ 320 രൂപ വരെ എത്തിയ കിറ്റെക്‌സ് ഓഹരികള്‍ പിന്നീട് താഴുകയായിരുന്നു. ട്രംപിന്റെ താരിഫ് നയം വന്നതാണ് കിഴക്കമ്പലം ആസ്ഥാനമായ കമ്പനിക്ക് തിരിച്ചടിയായത്. ജൂണില്‍ അവസാനിച്ച പാദത്തില്‍ വരുമാനം മുന്‍പാദത്തേക്കാള്‍ വര്‍ധിച്ചെങ്കിലും ലാഭം ഇടിഞ്ഞിരുന്നു. മുന്‍ വര്‍ഷം സമാനപാദത്തില്‍ 27 കോടി രൂപയായിരുന്നു ലാഭമെങ്കില്‍ ഇത്തവണയത് 19 കോടി രൂപയായി താഴ്ന്നു.
ട്രംപിന്റെ തീരുവയില്‍ മാറ്റം വന്നേക്കുമെന്ന വാര്‍ത്ത ഗാര്‍മെന്റ്‌സ് മേഖലയ്ക്ക് ആകെ ഉണര്‍വേകിയിട്ടുണ്ട്. പ്രമുഖ ഗാര്‍മെന്റ്‌സ് ഓഹരികളെല്ലാം ഇന്ന് ഉയിര്‍ത്തെണീറ്റിട്ടുണ്ട്. കെ.പി.ആര്‍ മില്‍സ് ലിമിറ്റഡ് ഓഹരികള്‍ ഉച്ചവരെ 4.78 ശതമാനം ഉയര്‍ന്നു. വര്‍ധ്മാന്‍ ടെക്‌സ്റ്റൈല്‍സ് ലിമിറ്റഡ് (Vardhman Textiles Ltd) നാലുശതമാനത്തോളവും നേട്ടം കൊയ്തു.
Read DhanamOnline in English
Subscribe to Dhanam Magazine