News & Views

ധനലക്ഷ്മി ബാങ്കിനെ നയിക്കാന്‍ കെ.കെ അജിത്ത്കുമാര്‍; നിയമനം മൂന്നുവര്‍ഷത്തേക്ക്

ഫെഡറല്‍ ബാങ്കില്‍ വായ്പ, എച്ച്.ആര്‍, ബിസിനസ്, ബ്രാഞ്ച് ബാങ്കിംഗ് തുടങ്ങിയ വിഭാഗങ്ങളുടെ ചുമതല വഹിച്ചിരുന്നു.

Dhanam News Desk

തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ധനലക്ഷ്മി ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഒഫീസറുമായി കെ.കെ അജിത്ത് കുമാറിനെ നിയമിച്ചു. ജൂണ്‍ 20 മുതല്‍ മൂന്നുവര്‍ഷത്തേക്കാണ് ചുമതല. ഇന്ന് ചേര്‍ന്ന ബാങ്കിന്റെ ബോര്‍ഡ് ഡയറക്ടര്‍മാരുടെ യോഗം അജിത്ത്കുമാറിന്റെ നിയമനത്തിന് അംഗീകാരം നല്‍കി.

റിസര്‍വ് ബാങ്ക് നേരത്തെ തന്നെ പുതിയ നിയമനത്തിന് അനുമതി നല്‍കിയിരുന്നു. ജനുവരിയില്‍ വിരമിച്ച കെ.ജെ. ശിവന്റെ പിന്‍ഗാമിയായിട്ടാണ് അജിത്ത്കുമാറിന്റെ വരവ്. ഫെഡറല്‍ ബാങ്കിന്റെ പ്രസിഡന്റും ചീഫ് എച്ച്.ആര്‍ ഓഫീസറുമായിരുന്നു കെ.കെ. അജിത്ത്കുമാര്‍.

36 വര്‍ഷത്തെ പരിചയസമ്പത്ത്

ബാങ്കിംഗ് രംഗത്ത് 36 വര്‍ഷത്തെ പരിചയസമ്പത്തുണ്ട് അജിത്ത്കുമാറിന്. കേരള അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദവും കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയില്‍ (കുസാറ്റ്) നിന്ന് എം.ബി.എയും സ്വന്തമാക്കിയ ശേഷമാണ് ബാങ്കിംഗ് രംഗത്തേക്ക് എത്തുന്നത്.

ഫെഡറല്‍ ബാങ്കില്‍ വായ്പ, എച്ച്.ആര്‍, ബിസിനസ്, ബ്രാഞ്ച് ബാങ്കിംഗ് തുടങ്ങിയ വിഭാഗങ്ങളുടെ ചുമതല വഹിച്ചിരുന്നു. ഫെഡറല്‍ ബാങ്കിന്റെ ഉപസ്ഥാപനമായ ഫെഡറല്‍ ഓപ്പറേഷന്‍സ് ആന്‍ഡ് സര്‍വീസസ് ഡയറക്ടറുമായിരുന്നു അദ്ദേഹം. എച്ച്.ആര്‍ രംഗത്തെ മികവിന് സ്വര്‍ണ മെഡല്‍ അടക്കം നിരവധി പുരസ്‌കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.

പുതിയ ചുമതലക്കാരന്റെ വരവ് ഔദ്യോഗികമായി പ്രഖ്യാപിച്ചത് ബാങ്കിന്റെ ഓഹരികളില്‍ പ്രതിഫലിച്ചിട്ടുണ്ട്. ഇന്ന് 1.11 ശതമാനം വര്‍ധിച്ച് 43 രൂപയിലാണ് ബാങ്കിന്റെ ഓഹരിവിലയുള്ളത്. 1,061 കോടി രൂപ വിപണിമൂല്യമുള്ള ബാങ്കാണ് ധനലക്ഷ്മി ബാങ്ക്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT