News & Views

കെഎംഎ മാനേജ്‌മെന്റ് കണ്‍വെന്‍ഷന് കൊച്ചി ഒരുങ്ങുന്നു

ജനുവരി 15,16 തീയതികളില്‍ കൊച്ചി ഗ്രാന്‍ഡ് ഹയാത്തില്‍

Dhanam News Desk

പ്രെഫഷണല്‍ മാനേജ്‌മെന്റ് രംഗത്ത് 68 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ (കെഎംഎ) വാര്‍ഷിക മാനേജ്‌മെന്റ് കണ്‍വെന്‍ഷനായ 'ക്ലേസിസ് കെമാക് 2026' ജനുവരി 15, 16 തീയതികളില്‍ നടക്കും. കൊച്ചി ഗ്രാന്‍ഡ് ഹയാത്താണ് 43-മത് വാര്‍ഷിക മാനേജ്‌മെന്റ് കണ്‍വെന്‍ഷന്റെ വേദി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രൊഫഷണല്‍ മാനേജര്‍മാര്‍ പരിപാടിയുടെ ഭാഗമാകും.

കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുടെ സാന്നിധ്യമാണ് ഇത്തവണത്തെ കണ്‍വെന്‍ഷനെ വ്യത്യസ്തമാക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായ അനന്ത നഗേശ്വരന്‍ മുഖ്യപ്രഭാഷണം നടത്തും.

കോര്‍പ്പറേറ്റ് മേധാവികള്‍, സംരംഭകര്‍, യുവ പ്രൊഫഷണലുകള്‍, സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ തുടങ്ങി കേരളത്തിന്റെ മാനേജ്‌മെന്റ് ആവാസവ്യവസ്ഥയെ കെട്ടിപ്പെടുക്കുന്നതില്‍ കെഎംഎ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ചര്‍ച്ചകള്‍ക്ക് അപ്പുറത്തേക്ക് മാറി പ്രായോഗികവും പ്രവര്‍ത്തനപരവുമായ ഫലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് മുന്നേറാനാണ് കെഎംഎയുടെ ശ്രമം.

പങ്കാളിത്തം ശ്രദ്ധേയമാകും

സുസ്ഥിരമായ ഒരു ഭാവിക്കായി സാമ്പത്തിക, ശാരീരിക, മാനസിക ആരോഗ്യം സമന്വയിപ്പിക്കുക' എന്നതാണ് ഇത്തവണത്തെ സമ്മേളനത്തിന്റെ പ്രധാന വിഷയം. സാമ്പത്തിക സ്ഥിരത, ശാരീരിക ഊര്‍ജ്ജസ്വലത, മാനസികാരോഗ്യം എന്നിവ പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് സുസ്ഥിരമായ വിജയത്തിനായി എങ്ങനെ ഒരുങ്ങാം എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും.

1,000ല്‍ അധികം പ്രതിനിധികളും 200ല്‍ അധികം പ്രമുഖ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളെ പ്രതിനിധീകരിക്കുന്നവരും പങ്കെടുക്കുന്ന കണ്‍വെന്‍ഷനില്‍ ബിസിനസ്, ടെക്നോളജി, ലക്ഷ്യാധിഷ്ഠിത വളര്‍ച്ച എന്നിവ ഉള്‍ക്കൊള്ളുന്ന 10 വ്യത്യസ്ത സെഷനുകള്‍ ഉണ്ടാകും.

ടാറ്റാ മോട്ടോഴ്‌സ് ഇലക്ട്രിക് വെഹിക്കിള്‍സ് മേധാവി ആനന്ദ് കുല്‍ക്കര്‍ണി ഇ.വി. റവലൂഷന്‍-ട്രാന്‍സ്ഫോമിംഗ് ഫോര്‍ ഇംപാക്ട് എന്ന വിഷയത്തില്‍ സംസാരിക്കും. ഹ്യൂമണ്‍ സ്‌കെയില്‍ ട്രാന്‍സ്ഫൊര്‍മേഷനെ കുറിച്ചാണ് നെറ്റ്വര്‍ക്സ് ഓഫ് ഹ്യുമാനിറ്റി സഹസ്ഥാപകും ചീഫ് ആര്‍ക്കിറ്റെക്ടുമായ ഡോ.പ്രമോദ് വര്‍മ സംസാരിക്കുക. മീരാന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ നവാസ് മീരാന്‍ സുസ്ഥിര ഭാവിക്കായി യുവാക്കളുടെ പരിവര്‍ത്തനം എന്ന വിഷയത്തില്‍ സംസാരിക്കും.

ക്ലേസിസ് ഗ്രൂപ്പ്-ഇന്ത്യ ആന്‍ഡ് യു.എസ്.എ മാനേജിംഗ് ഡയറക്ടര്‍ വിനോദ് തരകന്‍, കോര്‍സ്റ്റാക്ക് ചീഫ് പീപ്പിള്‍ ആന്‍ഡ് കള്‍ച്ചര്‍ ഓഫീസറായ രാജ് രാഘവന്‍, വി.എസ്.ടി ഇന്‍ഡസ്ട്രീസ് ചെയര്‍മാനും ബെയിന്‍ ആന്‍ഡ് കമ്പനി അഡൈ്വസറുമായ നരേഷ് കുമാര്‍ സേത്തി, ഡേടണ്‍ ഫിസീഷ്യന്‍സ് നെറ്റ്വര്‍ക്ക് സര്‍ജന്‍ ഡോ.കൃഷ്ണനാഥ് ഗെയ്റ്റോണ്ടെ, ആസ്ട്രേലിയയയിലെ മാകെ ഗൈനക്കോളജിസിറ്റ് ആന്‍ഡ് ഫെര്‍ട്ടിലിറ്റി സ്പെഷലിസ്റ്റ് നഗ്വേഷ് ഗൗനേക്കര്‍, ജെയിന്‍ യൂണിവേഴ്സിറ്റിയുടെ ടോം ജോസഫ് തുടങ്ങിയവര്‍ പ്ലീനറി സെഷനുകളില്‍ സംവദിക്കും.

യംഗ് മൈന്‍ഡ്സ് പ്രോഗ്രാമും നടക്കുന്നുണ്ട്. രാവിലെ 9.30 മുതല്‍ 1.30 വരെ നടക്കുന്ന ഈ പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ പ്രത്യേകം രജിസ്ട്രേഷനുണ്ട്. മുന്‍ ചീഫ് സെക്രട്ടറി ടോം ജോസ്, യൂണിവേഴ്സിറ്റി ഓഫ് സതേണ്‍ ഇന്ത്യാന ഇക്കണോമിക്സ് വിഭാഗം പ്രൊഫസര്‍ ഹാര്‍ലി ഹാരിസണ്‍ തുടങ്ങിയവര്‍ ഇതില്‍ പങ്കെടുക്കും. രജിസ്‌ട്രേഷനായി https://claysyskmac.claysys.org/ സന്ദര്‍ശിക്കുക.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT