Image courtesy:Kochi Water Metro 
News & Views

ഒരു ചുവടു കൂടി അടുക്കുന്നു, ഗതാഗത പഠനം നടത്തും, കൊല്ലത്തും കൊച്ചിയുടെ പ്രാന്തപ്രദേശങ്ങളിലും വാട്ടര്‍ മെട്രോ

ജലാശയങ്ങളുടെ പരമാവധി ഉപയോഗം ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം

Dhanam News Desk

വാട്ടര്‍ മെട്രോ ഗതാഗത സംവിധാനം മറ്റു പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. ഇന്ത്യയിലെ 18 നഗരങ്ങളിലേക്ക് വാട്ടര്‍ മെട്രോ വ്യാപിപ്പിക്കാനുളള ഒരുക്കങ്ങളിലാണ് അധികൃതര്‍. സംസ്ഥാനത്ത് കൊല്ലത്തും കൊച്ചി നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലും വാട്ടര്‍ മെട്രോ സംവിധാനം കൊണ്ടു വരാനുളള ആലോചനകളിലാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL).

വാട്ടർ മെട്രോ സർവീസുകൾ ആരംഭിക്കുന്നതിനുള്ള സാധ്യതാ പഠനങ്ങൾ ആരംഭിച്ചതിന് തൊട്ടുപിന്നാലെ ഇവിടങ്ങളില്‍ ഗതാഗത പഠനം നടത്തുന്നതിന് കെ.എം.ആർ.എൽ കമ്പനികളിൽ നിന്ന് ടെൻഡറുകൾ ക്ഷണിച്ചു. കൊച്ചി നഗര പ്രദേശങ്ങളില്‍ അവതരിപ്പിച്ചത് പോലുളള ഹൈബ്രിഡ് ഇലക്ട്രിക് ഫെറികൾ ആരംഭിക്കുന്നതിനുള്ള സാധ്യതാ പഠനങ്ങൾ നടത്തുന്നതിന് ഷിപ്പിംഗ്, ജലപാത മന്ത്രാലയം കെ.എം.ആർ.എല്ലിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

വാട്ടർ മെട്രോ ടെർമിനലുകളിലേക്കുള്ള ഫീഡർ സേവനങ്ങളുടെ ആവശ്യകത എത്രത്തോളമുണ്ട്, ടെർമിനലുകളില്‍ ആരംഭിക്കുന്ന സ്ഥലത്തിന്റെ വാണിജ്യപരമായ ഉപയോഗം തുടങ്ങിയ വശങ്ങള്‍ ഗതാഗത പഠനത്തില്‍ ഉള്‍പ്പെടും. മുംബൈ, വാരണാസി, കൊല്‍ക്കത്ത തുടങ്ങിയ 18 നഗരങ്ങളിലാണ് വാട്ടര്‍ മെട്രോ സ്ഥാപിക്കാനുളള സാധ്യതകള്‍ അന്വേഷിക്കുന്നത്. ഗതാഗത പഠനത്തിന് ശേഷമായിരിക്കും ഇവിടങ്ങളില്‍ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച വിശദമായ പദ്ധതി രേഖ (ഡി.പി.ആര്‍) തയാറാക്കുക. സുസ്ഥിരമായ നഗര ജലഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനായി ജലാശയങ്ങളുടെ പരമാവധി ഉപയോഗം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് വാട്ടര്‍ മെട്രോ സംവിധാനം നടപ്പാക്കുന്നത്.

കൊച്ചിയുടെ പ്രാന്തപ്രദേശങ്ങളില്‍ കുമ്പളം-ആലപ്പുഴ, ആലുവ-നെടുമ്പാശ്ശേരി, നോർത്ത് പറവൂർ-കൊടുങ്ങല്ലൂർ ജലപാതകളില്‍ വാട്ടർ മെട്രോ ഫെറികൾക്ക് പ്രവർത്തിക്കാൻ അനുയോജ്യമാണ്. ഇലക്ട്രിക് ബോട്ട് രൂപകൽപ്പനയും നിർമ്മാണവും, ഉൾനാടൻ ജലഗതാഗതം, ഹരിത ഊർജ മാര്‍ഗങ്ങള്‍, പ്രോജക്ട് മാനേജ്മെന്റ് തുടങ്ങിയ മേഖലകളിൽ വൈദഗ്ദ്ധ്യം നേടാനും ഇതിനോടകം കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡിന് (KWML) സാധിച്ചിട്ടുണ്ട്.

Water Metro expansion plans include Kollam and Kochi outskirts as KMRL initiates feasibility and traffic studies for sustainable water transport.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT