News & Views

കിഫ്ബി: 'നിക്ഷേപ താല്‍പര്യം സംരക്ഷിക്കുന്നു, വികസനം ഉറപ്പാക്കുന്നു'- കെ.എന്‍ ബാലഗോപാല്‍

കിഫ്ബി സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് കൊണ്ടുവന്ന മാറ്റങ്ങള്‍ എന്തൊക്കെയാണ്? നിക്ഷേപ താല്‍പര്യം സംരക്ഷിച്ച് വികസനം സാധ്യമാക്കുന്നതെങ്ങനെ? ദീര്‍ഘകാല പദ്ധതികളെന്ത്? ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ വിശദീകരിക്കുന്നു

Dhanam News Desk

?. കിഫ്ബി സംസ്ഥാനത്തിന്റെ സാമ്പത്തിക ഭാരം കൂട്ടുമെന്നൊക്കെ ചിലര്‍ വാദിക്കുന്നുണ്ട്. ഇതില്‍ എന്താണ് വാസ്തവം?

പെട്രോളിയം ഇന്ധനങ്ങള്‍ക്ക് മേലുള്ള ഒരു ശതമാനം സെസ്സും 10 ശതമാനം വീതം വാര്‍ഷിക വര്‍ധന വരുത്തി, അഞ്ചാം വര്‍ഷം മുതല്‍ 50 ശതമാനം മോട്ടോര്‍ വാഹന നികുതിയുമാണ് കിഫ്ബിയുടെ വരുമാന സ്രോതസ്. ഈ സ്രോതസിനെ സെക്യൂരിറ്റൈസ് ചെയ്ത് സെബിയും ആര്‍ബിഐയും അംഗീകരിച്ചിട്ടുള്ള നൂതന ധനസമാഹരണ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി, വായ്പയെടുത്ത് കേരളത്തിന്റെ അടിസ്ഥാന സൗകര്യ മേഖലയില്‍ കൂടുതല്‍ നിക്ഷേപം കൊണ്ടുവരികയാണ് കിഫ്ബിയുടെ ലക്ഷ്യം.

പെട്രോളിയം ഇന്ധനങ്ങള്‍ക്ക് മേലുള്ള ഒരു ശതമാനം സെസ്സും 10 ശതമാനം വീതം വാര്‍ഷിക വര്‍ധന വരുത്തി, അഞ്ചാം വര്‍ഷം മുതല്‍ 50 ശതമാനം മോട്ടോര്‍ വാഹന നികുതിയും മതിയാകും കിഫ്ബിയുടെ വായ്പകളുടെ മുതലടക്കമുള്ള തിരിച്ചടവിന്. അതിനാല്‍ സര്‍ക്കാരിന് മറ്റൊരു ബാധ്യതയും കിഫ്ബി കൊണ്ട് ഉണ്ടാകില്ലെന്നത് ഉറപ്പാണ്.

? പ്രളയാനന്തരവും കോവിഡ് പകര്‍ച്ചവ്യാധിക്ക് ശേഷവുമുള്ള അടിസ്ഥാന സൗകര്യ പുനര്‍നിര്‍മാണത്തില്‍ കിഫ്ബി ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ആഗോള സമ്പദ്വ്യവസ്ഥ കൂടുതല്‍ അനിശ്ചിതത്വമുള്ള സാഹചര്യങ്ങളിലേക്ക് മാറുമ്പോള്‍ കിഫ്ബി എങ്ങനെയാണ് അതിന്റെ പദ്ധതി തിരഞ്ഞെടുപ്പും റിസ്‌ക് വിലയിരുത്തലും കുറ്റമറ്റ രീതിയില്‍ നടത്തുന്നത്?

പദ്ധതി തിരഞ്ഞെടുപ്പില്‍, അടിയന്തിര ആവശ്യകതയ്‌ക്കൊപ്പം പദ്ധതികളുടെ സുസ്ഥിരത, കാലാവസ്ഥാ മാറ്റ അനുയോജ്യത, സാമൂഹിക-സാമ്പത്തിക പ്രഭാവം എന്നിവക്ക് കൂടുതല്‍ പ്രാധാന്യം കിഫ്ബിയുടെ കടമെടുപ്പ് ശേഷി, തിരിച്ചടവ് സമയക്രമം, ക്യാഷ് ഫ്ളോ സ്ഥിരത എന്നിവ പരിഗണിച്ചാണ് പദ്ധതികള്‍ ഘട്ടംഘട്ടമായി അംഗീകരിക്കുന്നത്. നടപ്പിലാക്കല്‍ ഘട്ടത്തില്‍, ശക്തമായ പ്രോജക്ട് മോണിറ്ററിങ് സംവിധാനങ്ങളും തൃകക്ഷി പരിശോധനയും വഴി സമയതാമസവും ചെലവ് കവിഞ്ഞുപോകലും നിയന്ത്രിക്കുന്നു. ഇതെല്ലാം കൂടി, അനിശ്ചിതമായ ആഗോള സാഹചര്യങ്ങളില്‍ പോലും പൊതുധനത്തിന്റെ സുരക്ഷ ഉറപ്പാക്കിക്കൊണ്ട്, സാമൂഹികമായി പ്രസക്തവും സാമ്പത്തികമായി പ്രായോഗികവുമായ പദ്ധതികളിലേക്ക് മാത്രമെ നിക്ഷേപം പോകുന്നുള്ളൂ എന്നത് കിഫ്ബി ഉറപ്പാക്കുന്നു.

? മസാല ബോണ്ടുകള്‍, എക്സ്റ്റേണല്‍ ഫണ്ടിങ് എന്നിവ ഉള്‍പ്പെടെയുള്ള എത്രമാത്രം വായ്പകള്‍/ഫണ്ട് സമാഹരണം കിഫ്ബി ഇതിനകം സാധ്യമാക്കിയിട്ടുണ്ട്? രൂപയുടെ മൂല്യത്തിലുണ്ടാകുന്ന മാറ്റങ്ങളും പലിശ നിരക്കുമൊക്കെ എങ്ങനെയാണ് സര്‍ക്കാര്‍ മാനേജ് ചെയ്യുന്നത്?

വായ്പകള്‍, ബോണ്ടുകള്‍ എന്നിങ്ങനെ വിവിധ സ്രോതസുകളില്‍ നിന്നായി ഏകദേശം 43,000 കോടിയോളം രൂപ കിഫ്ബി ഉറപ്പാക്കിയിട്ടുണ്ട്. ഇതില്‍ 37,900 കോടിയോളം രൂപ ഇതിനകം ലഭ്യമാക്കിക്കഴിഞ്ഞു. വിദേശനാണ്യത്തിന്റെ അടിസ്ഥാനത്തില്‍ ലഭ്യമാക്കിയ ഒരു വായ്പയും കിഫ്ബിക്കില്ല. 2019ല്‍ പുറപ്പെടുവിച്ച മസാല ബോണ്ടുകള്‍ രൂപയില്‍ അധിഷ്ഠിതമായ ബോണ്ടുകളായിരുന്നു. അതിനാല്‍ രൂപയുടെ മൂല്യമാറ്റം ഒരു കാലത്തും കിഫ്ബി വായ്പകളുടെ തിരിച്ചടവിനെ പ്രതികൂലമായി ബാധിച്ചിട്ടില്ല. റിപ്പോ നിരക്കില്‍ വരുന്ന മാറ്റത്തിന് അനുസരിച്ചുള്ള വ്യതിയാനങ്ങള്‍ ചില കിഫ്ബി വായ്പകളുടെ പലിശ നിരക്കില്‍ വരാറുണ്ട്. എന്നാല്‍ വളരെ മികച്ച നിരക്കില്‍ ലഭ്യമാക്കിയ വായ്പകളായതിനാല്‍ അവയുടെ തിരിച്ചടവില്‍ പ്രതിസന്ധികള്‍ ഒന്നും തന്നെ വന്നിട്ടില്ല. ചില വായ്പകളും ബോണ്ടുകളും സ്ഥിരമായ നിരക്കിലാണ് ലഭ്യമാക്കിയിരിക്കുന്നത്.

?. പദ്ധതി സാക്ഷാത്കാരത്തിന്റെ കാലതാമസം സാമ്പത്തിക സ്ഥിതിയെയും പൊതുജനങ്ങളുടെ വിശ്വാസത്തെയും ബാധിക്കും. ഇത് ഒഴിവാക്കാന്‍ സമയബന്ധിതമായി പദ്ധതി നടത്തിപ്പും ചെലവ് നിയന്ത്രണവും കിഫ്ബി എങ്ങനെയാണ് ഉറപ്പാക്കുന്നത്?

കിഫ്ബി പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുന്നതിനായി നിശ്ചിത ഇടവേളകളില്‍ മന്ത്രിതലത്തിലും നിയമസഭാ സാമാജികര്‍ ഉദ്യോഗസ്ഥ തലങ്ങളിലും അവലോകന യോഗങ്ങളും ആവശ്യമായ ഇടപെടലും നടത്തിവരുന്നുണ്ട്. ഇത് പദ്ധതികളുടെ സുഗമമായ നടത്തിപ്പിനും പ്രതിബന്ധങ്ങളെ തരണം ചെയ്ത് വേഗത്തില്‍ നടപ്പാക്കാനും സഹായകരമാണ്.

? നിക്ഷേപ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും കുറ്റമറ്റ രീതിയിലുള്ള, പ്രൊഫഷണല്‍ നടത്തിപ്പ് സാധ്യമാക്കാനും കിഫ്ബിയില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയാണ്?

കിഫ്ബി ബോണ്ട്/വായ്പ മുഖാന്തരം ധനസമാഹരണം നടത്തുന്നതിനാവശ്യമായ ഗ്യാരണ്ടി സര്‍ക്കാര്‍ ഉറപ്പുനല്‍കുന്നതിലൂടെ നിക്ഷേപകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നു. കടം തിരിച്ചടക്കുന്നതിനായി മോട്ടോര്‍ വാഹന നികുതി, ഇന്ധന സെസ് പോലുള്ള സമര്‍പ്പിത നികുതി വരുമാനമിതിനു പിന്തുണ നല്‍കുന്നു. കൂടാതെ DSRA (Debt Service Reserve Account Deposit Two quarter debt repayment Amount) പോലുള്ള റിസര്‍വ് ബഫറുകള്‍ സമയത്ത് പണമടക്കുകയെന്ന സുരക്ഷ നല്‍കുന്നു. കിഫ്ബി നിര്‍മ്മിത ബുദ്ധി (AI) enabled Asset liability model (ALM) അല്‍ഗോരിതം മുഖേന ഭാവിയില്‍ ആവശ്യമായ ഫണ്ട് വിലയിരുത്തുകയും അതിന്‍ പ്രകാരം ഫണ്ട് കണ്ടെത്തി ഫണ്ട് ഫ്ളോ ഉറപ്പാക്കുകയും ചെയ്യുന്നു. സ്വതന്ത്ര ട്രസ്റ്റികള്‍ (FTAC), ഉയര്‍ന്ന ക്രഡിറ്റ് റേറ്റിങ്ങുകള്‍ എന്നിവയിലൂടെയും കിഫ് ആക്ടിന്റെ നിയമപരമായ പിന്‍ബലത്തില്‍ പിന്തുണ ചെയ്യപ്പെട്ടിരിക്കുന്നതിനാല്‍ നിക്ഷേപ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും സാധിക്കുന്നു.

? ഒരു നിക്ഷേപകന്റെ കാഴ്ചപ്പാടില്‍ കിഫ്ബി എത്രത്തോളം ആകര്‍ഷകമാണ്?

ഒരു നിക്ഷേപകന്റെ കാഴ്ചപ്പാടില്‍ ഇന്ന് കിഫ്ബി ഏറെ ആകര്‍ഷ കവും വിശ്വാസ്യതയുള്ളതുമായ ഒരു സ്ഥാപനമാണ്. കിഫ്ബിയുടെ വായ്പകളും ബോണ്ടുകളും അവയുടെ തിരിച്ചടവ് ശേഷിയും CRISIL, India Ratings തുടങ്ങിയ മുന്‍നിര എക്സ്റ്റേണല്‍ ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികള്‍ വിലയിരുത്തിയിട്ടുണ്ട്. ഇവ നല്‍കിയിരിക്കുന്ന മികച്ച ക്രെഡിറ്റ് റേറ്റിങ്ങുകള്‍ നിക്ഷേപകര്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നതാണ്.

കിഫ് ആക്ട് പ്രകാരം രൂപീകരിച്ച Fund Trustee and Advisory Commission (FTAC) എന്ന ഉയര്‍ന്ന തലത്തിലുള്ള മേല്‍നോട്ട സംവിധാനം, അതുവഴി ആറുമാസം കൂടുമ്പോള്‍ പുറപ്പെടുവിക്കുന്ന Fidelity Certificate കിഫ്ബിയുടെ പ്രവര്‍ത്തനങ്ങളില്‍ ഉറപ്പും വിശ്വാസ്യതയും നല്‍കുന്നുണ്ട്. ഈ Fidelity Certificate ഓരോ വര്‍ഷവും സംസ്ഥാന ബജറ്റിനൊപ്പം നിയമസഭയില്‍ സമര്‍പ്പിക്കപ്പെടുന്നതും സുതാര്യതയുടെ തെളിവാണ്.

(Originally published in Dhanam Magazine December 28, 2025 issue.)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT