News & Views

കൊച്ചി വിമാനത്താവളത്തില്‍ 'ചില്‍' ആകാം: രാജ്യത്തെ ഏറ്റവും വലിയ എയ്‌റോ ലോഞ്ച് തുറക്കുന്നു

41 ഗസ്റ്റ് റൂമുകള്‍, ബോര്‍ഡ് റൂമുകള്‍, കോണ്‍ഫറന്‍സ് ഹാളുകള്‍, കോ-വര്‍ക്കിംഗ് സ്‌പേസ്, പ്രത്യേക കഫേ ലോഞ്ച്, ജിം, ലൈബ്രറി, സ്പാ എന്നീ സൗകര്യങ്ങള്‍. യാത്രക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഒരുപോലെ പ്രവേശനം

Dhanam News Desk

കൊച്ചി വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്നവര്‍ക്കൊരു സന്തോഷ വാര്‍ത്ത. വിമാനത്താവളത്തില്‍ ഇനി നേരത്തെ എത്തിയാലും മുഷിയേണ്ടി വരില്ല. യാത്രക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ ആഗോള നിലവാരത്തിലുള്ള വിമാനത്താവള അനുഭവമൊരുക്കാന്‍ പുതിയ പദ്ധതിയുമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. രാജ്യത്തെ ഏറ്റവും വലിയ എയ്‌റോ ലോഞ്ചായ 0484 എയ്‌റോ ലോഞ്ച് കൊച്ചി വിമാനത്താവളത്തില്‍ സെപ്തംബര്‍ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

കൊച്ചി വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെര്‍മിനല്‍ വികസനം, കൂടുതല്‍ ഫൂഡ് കോര്‍ട്ടുകളുടെയും ലോഞ്ചുകളുടെയും നിര്‍മാണം, ശുചിമുറികളുടെ നവീകരണം എന്നിവ അതിവേഗം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. 2022-ല്‍ ആഡംബര ബിസിനസ് ജെറ്റ് ടെര്‍മിനല്‍ കമ്മീഷന്‍ ചെയ്തതിനുശേഷം, രണ്ടായിരത്തിലധികം സ്വകാര്യ ജെറ്റ് സര്‍വീസുകളാണ് ഇവിടെ നിന്നും ഓപ്പറേറ്റ് ചെയ്തത്. ബിസിനസ് ജെറ്റിനായി ഒരുക്കിയിട്ടുള്ള രണ്ടാം ടെര്‍മിനലിലാണ് 0484 എയ്റോ ലോഞ്ച് പ്രവര്‍ത്തിക്കുക.

യാത്രക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും പ്രവേശനം

'കുറഞ്ഞ ചെലവില്‍ ആഡംബര സൗകര്യം' എന്ന ആശയത്തിലൂന്നി നിര്‍മ്മിച്ച 0484 എയ്‌റോ ലോഞ്ചിലൂടെ മിതമായ മണിക്കൂര്‍ നിരക്കുകളില്‍ പ്രീമിയം എയര്‍പോര്‍ട്ട് ലോഞ്ച് അനുഭവമാണ് യാത്രക്കാര്‍ക്ക് സാധ്യമാകുന്നത്. സെക്യൂരിറ്റി ഹോള്‍ഡിംഗ് ഏരിയക്ക് പുറത്തായി, ആഭ്യന്തര-അന്താരാഷ്ട്ര ടെര്‍മിനലുകള്‍ക്ക് സമീപമാണ് ലോഞ്ച് ഒരുക്കിയിട്ടുള്ളത്. യാത്രക്കാര്‍ക്കും അല്ലാത്തവര്‍ക്കും ഒരുപോലെ ഈ ലോഞ്ച് സൗകര്യം ഉപയോഗിക്കാം.

പേര് എസ്.ടി.ഡി കോഡില്‍ നിന്ന്

എറണാകുളത്തിന്റെ എസ്.ടി.ഡി കോഡില്‍ നിന്നാണ് 0484 എന്ന പേരിലെത്തിയത്. അകച്ചമയങ്ങളില്‍ കേരളത്തിന്റെ പ്രകൃതിലാവണ്യം. കായലും വള്ളവും സസ്യജാലങ്ങളും രൂപകല്‍പ്പനയില്‍ തിടമ്പേറ്റുന്നു. അരലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ 37 റൂമുകള്‍, നാല് സ്യൂട്ടുകള്‍, മൂന്ന് ബോര്‍ഡ് റൂമുകള്‍, 2 കോണ്‍ഫറന്‍സ് ഹാളുകള്‍, കോ-വര്‍ക്കിങ് സ്‌പേസ്, ജിം, ലൈബ്രറി, റസ്റ്റോറന്റ്, സ്പാ, പ്രത്യേകം കഫേ ലോഞ്ച് എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്.

മന്ത്രിമാരായ പി. രാജീവ്, കെ. രാജന്‍, പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍, എം. പി മാരായ ബെന്നി ബഹനാന്‍, ഹൈബി ഈഡന്‍, ജെബി മേത്തര്‍, എം. എല്‍. എ മാരായ അന്‍വര്‍ സാദത്ത്, റോജി എം. ജോണ്‍, സിയാല്‍ ഡയറക്ടര്‍മാരായ യൂസഫ് അലി എം. എ., ഇ. കെ. ഭരത് ഭൂഷണ്‍, അരുണ സുന്ദരരാജന്‍, എന്‍. വി. ജോര്‍ജ്, ഇ. എം. ബാബു, പി. മുഹമ്മദ് അലി എന്നിവര്‍ക്കൊപ്പം മറ്റ് ജനപ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT