image credit : facebook.com/ KochiMetroRail 
News & Views

പ്രതിദിന യാത്രക്കാരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക്, സൗത്ത് സ്റ്റേഷന്‍ കോ-ബ്രാന്‍ഡിങ്ങിന് ₹ 52 ലക്ഷം, കൊച്ചി മെട്രോയ്ക്ക് കോടികൾ വരുമാനം

ആലുവ-തൃപ്പൂണിത്തുറ പാതയില്‍ 25 മെട്രോ സ്റ്റേഷനുകളാണ് ഉളളത്

Dhanam News Desk

കൊച്ചി മെട്രോയില്‍ പ്രതിദിന ശരാശരി യാത്രക്കാരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ മെട്രോ യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. 2024 ജൂലൈ മുതൽ മാസത്തില്‍ കുറഞ്ഞത് 20 ദിവസമെങ്കിലും യാത്രക്കാരുടെ എണ്ണം ശരാശരി 1 ലക്ഷമാണ്. 2022-23 ൽ പ്രതിദിന ശരാശരി യാത്രക്കാരുടെ എണ്ണം 68,168 ആയിരുന്നെങ്കില്‍ 2023-24 ൽ ഇത് 88,292 ആയി ഉയര്‍ന്നു.

യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ മെട്രോ സ്റ്റേഷനുകളുടെ പേരിനൊപ്പം തങ്ങളുടെ പേരും ചേര്‍ക്കുന്നതിന് കമ്പനികള്‍ വലിയ താല്‍പ്പര്യമാണ് പ്രകടിപ്പിക്കുന്നത്. ആലുവ-തൃപ്പൂണിത്തുറ പ്രധാന പാതയില്‍ 25 മെട്രോ സ്റ്റേഷനുകളാണ് ഉളളത്. ഇതില്‍ 18 എണ്ണത്തിന്റെയും കോ-ബ്രാന്‍ഡിങ് നടപ്പാക്കിയിട്ടുണ്ട്.

ശേഷിക്കുന്ന ഏഴ് സ്റ്റേഷനുകൾ കോ-ബ്രാൻഡിംഗിനായി കെ.എം.ആര്‍.എല്‍ തുറന്നിരിക്കുകയാണ്. തൃപ്പൂണിത്തുറ ടെർമിനൽ, എറണാകുളം സൗത്ത്, എംജി റോഡ്, വൈറ്റില, കലൂർ, മഹാരാജാസ് കോളേജ്, കടവന്ത്ര എന്നീ സ്റ്റേഷനുകളാണ് അവ. വളരെ തിരക്കുളള ജനങ്ങള്‍ ധാരാളമായി എത്തുന്ന സ്റ്റേഷനുകളായതിനാല്‍ കോ-ബ്രാൻഡിംഗിനായി കമ്പനികളെ കണ്ടെത്താന്‍ വലിയ ബുദ്ധിമുട്ടുണ്ടാകില്ലെന്നാണ് അധികൃതര്‍ കരുതുന്നത്. എറണാകുളം സൗത്തിന് പ്രതിവർഷം 52 ലക്ഷം രൂപ, എംജി റോഡ്, വൈറ്റില, കലൂർ, മഹാരാജാസ് കോളേജ് (42 ലക്ഷം രൂപ), കടവന്ത്ര (37 ലക്ഷം രൂപ), തൃപ്പൂണിത്തുറ ടെർമിനൽ (30 ലക്ഷം രൂപ) എന്നിങ്ങനെയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.

ആലുവ മെട്രോ സ്റ്റേഷനാണ് കോ-ബ്രാന്‍ഡിങ് സംവിധാനത്തില്‍ നിന്ന് ഏറ്റവും കൂടുതൽ വരുമാനം നേടുന്നത്. ആലുവ സ്റ്റേഷന്‍ ഫെഡറല്‍ ബാങ്കും ഇടപ്പിളളി ഇന്ത്യന്‍ ഓയിലും തൃപ്പൂണിത്തുറ വടക്കേകോട്ട സ്റ്റേഷന്‍ മില്‍മയുമാണ് കോ-ബ്രാന്‍ഡിങ് ചെയ്തിരിക്കുന്നത്.

സ്റ്റേഷനുകളുടെ പ്രവേശന/എക്സിറ്റ് പോയിന്റുകളിലും മെട്രോ ട്രെയിനുകൾക്കുള്ളിലും സ്റ്റേഷന്റെ പേരുകളോടൊപ്പം കമ്പനികളുടെ പേര് പ്രദര്‍ശിപ്പിക്കുക, ട്രെയിനുകൾക്കുള്ളിലെ അറിയിപ്പുകളിൽ സ്റ്റേഷനുകളെ അവയുടെ കോ-ബ്രാൻഡിങ് പേരുകളോടൊപ്പം അനൗണ്‍സ് ചെയ്യുക തുടങ്ങിയവ കോ-ബ്രാൻഡിങ് ചെയ്യുന്നതുകൊണ്ടുളള നേട്ടങ്ങളാണ്.

Kochi Metro nears 1 lakh daily passengers and boosts revenue through strategic station co-branding deals.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT