Kochi Metro Rail image credit : facebook.com/ KochiMetroRail
News & Views

യാത്രക്കാരുടെ തിരക്ക് വർധിക്കുന്നു, കൊച്ചി മെട്രോ സർവീസ് സമയം ദീർഘിപ്പിച്ചു; കൂടാതെ ശിവരാത്രി ദിനത്തില്‍ പ്രത്യേക സർവീസുകളും

മെട്രോ സർവീസ് രാവിലെ 5 മണിക്ക് തുടങ്ങണമെന്ന ആവശ്യവും ശക്തം

Dhanam News Desk

സർവീസ് സമയം നീട്ടി കൊച്ചി മെട്രോ. യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന സ്ഥിരമായ വർദ്ധനവും യാത്രക്കാരുടെ ശക്തമായ ആവശ്യങ്ങളും പരിഗണിച്ചാണ് സർവീസ് സമയം നീട്ടിയത്. ഫെബ്രുവരി 15 മുതൽ രാത്രി 11 മണി വരെ മെട്രോ സർവീസുകൾ ലഭ്യമാകുമെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) അറിയിച്ചു.

ആലുവ മെട്രോ സ്റ്റേഷനിൽ നിന്നും തൃപ്പൂണിത്തുറ ടെർമിനൽ മെട്രോ സ്റ്റേഷനിൽ നിന്നുമുള്ള അവസാന ട്രെയിനുകൾ ഇനി രാത്രി 11 മണിക്കാണ് പുറപ്പെടുക. നിലവിൽ ഈ സ്റ്റേഷനുകളിൽ നിന്നുള്ള അവസാന സർവീസ് രാത്രി 10:30 നാണ്. ഇത് രാത്രി വൈകി യാത്ര ചെയ്യുന്നവർക്കും ജോലികഴിഞ്ഞ് മടങ്ങുന്നവർക്കും വലിയ ആശ്വാസമാകും.

പ്രത്യേക സർവീസുകള്‍

ശിവരാത്രി പ്രമാണിച്ച് യാത്രക്കാര്‍ക്കായി പ്രത്യേക സർവീസുകളും മെട്രോ പ്രഖ്യാപിച്ചിട്ടുണ്ട്. ശിവരാത്രി ദിനമായ ഞായറാഴ്ച (ഫെബ്രുവരി 15) തൃപ്പൂണിത്തുറയിൽ നിന്നുള്ള അവസാന ട്രെയിൻ രാത്രി 11:30 ന് പുറപ്പെടും. തിങ്കളാഴ്ച പുലർച്ചെ 4 മണി മുതൽ ആലുവയിൽ നിന്ന് ഓരോ 30 മിനിറ്റ് ഇടവേളകളിൽ 6 മണി വരെ പ്രത്യേക സർവീസുകൾ ഉണ്ടായിരിക്കും.

അതേസമയം, ദീര്‍ഘ ദൂര ട്രെയിനുകള്‍ ലഭിക്കുന്നതിനായി പ്രധാന റെയിൽവേ സ്റ്റേഷനുകളിലേക്ക് പോകുന്ന യാത്രക്കാർക്കായി മെട്രോ സർവീസ് രാവിലെ 5 മണിക്ക് തന്നെ തുടങ്ങണമെന്ന ആവശ്യവും ശക്തമാണ്. നിലവിൽ പ്രവൃത്തിദിവസങ്ങളിൽ രാവിലെ 6 മണിക്കും ഞായറാഴ്ചകളിൽ 7:30 നുമാണ് സർവീസ് ആരംഭിക്കുന്നത്.

Kochi Metro extends service hours till 11 PM and announces special services for Shivaratri amid rising passenger demand.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT