News & Views

കൊച്ചി മെട്രോയ്ക്ക് നാലു വര്‍ഷത്തെ നഷ്ടം 1092 കോടി!

കൊവിഡിന് മുമ്പ് ശരാശരി 65,000 പേരാണ് മെട്രോയില്‍ സഞ്ചരിച്ചിരുന്നത്

Dhanam News Desk

നാലു വര്‍ഷം പിന്നിട്ട കൊച്ചി മെട്രോയുടെ നഷ്ടം ഓരോ വര്‍ഷം പിന്നിടുമ്പോഴും വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ 1092 കോടി രൂപയുടെ നഷ്ടമാണുണ്ടായതെന്നാണ് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നത്. 2017 ല്‍ നിന്ന് 2021ലെത്തുമ്പോള്‍ നഷ്ടം ഇരട്ടിയായി വര്‍ധിച്ചു.

നഷ്ടക്കണക്ക് ഇങ്ങനെ

2017-18: 167 കോടി രൂപ

2018-19: 281 കോടി രൂപ

2019-20: 310 കോടി രൂപ

2020-2021: 334 കോടി രൂപ

യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടായതാണ് ഓരോ വര്‍ഷവും നഷ്ടം കൂടാന്‍ കാരണം. കൊവിഡിന് മുമ്പ് ശരാശരി 65,000 പേരാണ് മെട്രോയില്‍ സഞ്ചരിച്ചിരുന്നത്. 2020 ഓടെ പ്രതിദിനം 4.6 ലക്ഷം യാത്രക്കാരുണ്ടാമുമെന്നായിരുന്നു പദ്ധതി തുടങ്ങുമ്പോഴുള്ള കണക്കുകൂട്ടല്‍. എന്നാല്‍ കൊവിഡ് കൂടി ബാധിച്ചതോടെ എല്ലാം താളംതെറ്റി. ആദ്യ ലോക്ക്ഡൗണിന് ശേഷം സര്‍വീസ് പുനരാരംഭിച്ചപ്പോള്‍ ശരാശരി 18,361 പേര്‍ മാത്രമാണ് യാത്രയ്‌ക്കെത്തിയത്. രണ്ടാം ലോക്ക്ഡൗണിനു ശേഷം അത് 26,000 ആയി ഉയര്‍ന്നു.

യാത്രക്കാരെ കൂട്ടാന്‍ നിരവധി ഓഫറുകളും ഇതിനകം മെട്രോ നടപ്പിലാക്കിയിട്ടുണ്ട്. രാവിലെ ആറര മുതല്‍ എട്ടു മണി വരെയും വൈകിട്ട് എട്ടു മുതല്‍ 11 വരെയും 50 ശതമാനം ഇളവോടെ യാത്ര ചെയ്യാം. യാത്രക്കാരെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെ, ഡിസംബര്‍ അഞ്ചിന് വൈറ്റില-ഇടപ്പള്ളി, ആലുവ-ഇടപ്പള്ള റൂട്ടിലും തിരിച്ചും സൗജന്യ യാത്ര അവതരിപ്പിച്ചിരുന്നു. എന്നാല്‍ അന്നത്തെ യാത്രക്കാരുടെ എണ്ണവും 50,233 പേരിലൊതുങ്ങി.

ആലുവയില്‍ നിന്ന് പേട്ട വരെയാണ് ഇപ്പോള്‍ മെട്രോ സര്‍വീസ് നടത്തുന്നത്. പേട്ട മുതല്‍ എസ്.എന്‍ ജംഗ്ഷന്‍ വരെയുള്ള നിര്‍മാണം പുരോഗമിക്കുന്നുണ്ട്. കലൂര്‍ സ്‌റ്റേഡിയം മുതല്‍ കാക്കനാട് ഇന്‍ഫോ പാര്‍ക്ക് വരെ നീളുന്ന 11.2 കിലോ മീറ്റര്‍ രണ്ടാം ഘട്ട പദ്ധതിക്കായി ബജറ്റില്‍ 1957.05 കോടി രൂപ നീക്കിവച്ചിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT