Loknath Behra, MD, Kochi Metro Rail Ltd 
News & Views

ഹാട്രിക് നേട്ടവുമായി കൊച്ചി മെട്രോ; 33.34 കോടി പ്രവര്‍ത്തന ലാഭം; മികച്ച ടിക്കറ്റ് വരുമാനം

നഷ്ടക്കണക്കുകളുടെ കാലം കഴിഞ്ഞു; തുടര്‍ച്ചയായ മൂന്നാം വര്‍ഷവും കൊച്ചി മെട്രോക്ക് ലാഭം

Dhanam News Desk

തുടര്‍ച്ചയായി മൂന്ന് വര്‍ഷം ലാഭം കുറിച്ച് കൊച്ചി മെട്രോക്ക് ഹാട്രിക് നേട്ടം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 33.34 കോടി രൂപയുടെ പ്രവര്‍ത്തന ലാഭമാണ് കൊച്ചി മെട്രോ നേടിയത്. തൊട്ടു മുന്‍വര്‍ഷത്തേക്കാള്‍ 10.4 കോടി രൂപയുടെ വര്‍ധന. സര്‍വ്വീസ് തുടങ്ങിയ 2017-18 കാലത്ത് 24.19 കോടി രൂപ നഷ്ടത്തിലായിരുന്നു. 2018-19 വര്‍ഷത്തില്‍ നഷ്ടം 5.70 കോടിയായി കുറഞ്ഞെങ്കിലും 2019-20 ല്‍ 13.92 കോടിയായും 2020-21 ല്‍ 56.56 കോടിയായും ഉയര്‍ന്നു. 2021-22 കാലയളവില്‍ പ്രവര്‍ത്തന നഷ്ടം 34.94 കോടി രൂപയായിരുന്നു. എന്നാല്‍ 2022-23 സാമ്പത്തിക വര്‍ഷം നഷ്ടത്തില്‍ നിന്ന് കമ്പനി പ്രവര്‍ത്തന ലാഭത്തിലെത്തി. ആ വര്‍ഷം 5.35 കോടി രൂപയുടെ പ്രവര്‍ത്തന ലഭമാണ് നേടിയത്. 2023-24 കാലയളവില്‍ ലാഭം 22.94 കോടി രൂപയായി കുതിച്ചുയര്‍ന്നു. നടപ്പാത നിര്‍മ്മാണം ഉള്‍പ്പെടെയുള്ള നോണ്‍ മോട്ടോറൈസ്ഡ് ട്രാന്‍സ്പോര്‍ട്ട് ചെലവ്, പലിശ, ഡിപ്രീസിയേഷന്‍, തുടങ്ങിയവ ഒഴിവാക്കിയാണ് പ്രവര്‍ത്തന ലാഭം കണക്കാക്കുന്നത്.

കൂടുതല്‍ ടിക്കറ്റ് വരുമാനം

കഴിഞ്ഞ വര്‍ഷം 182.37 കോടി രൂപയുടെ പ്രവര്‍ത്തന വരുമാനമാണ് നേടിയത്. ഇതില്‍ ടിക്കറ്റില്‍ നിന്നുള്ള വരുമാനം 111.88 കോടി രൂപയാണ്. 55.41 കോടി രൂപയാണ് ടിക്കറ്റിതര വരുമാനം. കണ്‍സള്‍ട്ടന്‍സിയില്‍ നിന്ന് 1.56 കോടി രൂപയും ഇതര മാര്‍ഗങ്ങളില്‍ നിന്ന് 13.52 കോടി രൂപയും വരുമാനം നേടി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തന ചെലവ് 149.03 കോടി രൂപയാണ്.

പ്രവര്‍ത്തന മികവിന്റെ പ്രതിഫലനം'

തുടര്‍ച്ചയായ വര്‍ഷങ്ങളിലെ പ്രവര്‍ത്തന ലാഭം കൊച്ചി മെട്രോയുടെ പ്രവര്‍ത്തന മികവിന്റെ പ്രതിഫലനമാണെന്ന് കെ.എം.ആര്‍.എല്‍ മാനേജിംഗ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റ പറഞ്ഞു. മികവാര്‍ന്ന രീതിയിലുള്ള ട്രെയിന്‍ ഓപ്പറേഷന്‍, യാത്രാസൗകര്യങ്ങളിലെ വര്‍ധന, കൂടുതല്‍ വരുമാന ഉറവിടങ്ങള്‍ കണ്ടെത്തുന്നതിലെ വൈവിധ്യവല്‍ക്കരണം, ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കാനുള്ള പരിശ്രമം തുടങ്ങിയവയിലൂടെയാണ് പ്രവര്‍ത്തനലാഭം ഓരോ വര്‍ഷവും വര്‍ധിപ്പിക്കാന്‍ കഴിയുന്നത്. കേരളത്തിനും കൊച്ചിക്കും അഭിമാനിക്കാവുന്ന വിധം സാമ്പത്തികമായി സുസ്ഥിരവും യാത്രാ സൗഹദപരവും ആയ ഒരു മെട്രോ സിസ്റ്റം വളര്‍ത്തിക്കൊണ്ടുവരികയാണ് കെഎംആര്‍എല്ലിന്റെ ലക്ഷ്യമെന്നും ലോക്നാഥ് ബെഹ്റ വ്യക്തമാക്കി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT