Photo credit: VJ/Dhanam  Pic courtesy: VJ/DhanamOnline
News & Views

കൊച്ചി മെട്രോ സ്റ്റേഷനുകളിൽ പാര്‍ക്കിംഗ് ഫീസ് കുറയും, പ്രതിമാസ പാസുകളും അവതരിപ്പിക്കും, സ്മാർട്ട് പാർക്കിംഗ് സംവിധാനം ഏർപ്പെടുത്താൻ കെഎംആർഎൽ

ഇടറോഡുകളിലെ ഓരങ്ങളില്‍ വാഹനങ്ങള്‍ മണിക്കൂറുകള്‍ പാര്‍ക്ക് ചെയ്തിടുന്നത് പ്രദേശ വാസികള്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്

Dhanam News Desk

കൊച്ചി മെട്രോയില്‍ പാർക്കിംഗ് സ്ഥലം കണ്ടെത്തുന്നത് യാത്രക്കാര്‍ക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. പാലാരിവട്ടം, തൃപ്പൂണിത്തുറ വടക്കേക്കോട്ട പോലുള്ള സ്റ്റേഷനുകളില്‍ വാഹനങ്ങളുടെ ബാഹുല്യം കാരണം, യാത്രക്കാര്‍ സ്റ്റേഷനുകള്‍ക്ക് സമീപമുളള ഇടറോഡുകളിലും മറ്റും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് പതിവാണ്. ഇത് ഇത്തരം നിരത്തുകളില്‍ ഗതാഗത തടസത്തിന് ഇടയാക്കുന്നു, കൂടാതെ കാല്‍നട യാത്രക്കാര്‍ക്കും പ്രദേശ വാസികള്‍ക്കും ഇടറോഡുകളിലെ ഓരങ്ങളില്‍ വാഹനങ്ങള്‍ മണിക്കൂറുകള്‍ പാര്‍ക്ക് ചെയ്തിടുന്നത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.

ചില സ്റ്റേഷനുകളില്‍ സ്വകാര്യ കരാറുകാര്‍ പാര്‍ക്കിംഗ് സൗകര്യം ലഭ്യമാക്കുന്നുണ്ട്. മെട്രോ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പാര്‍ക്കിംഗിനായി 'സ്മാർട്ട് പാർക്കിംഗ്' സൗകര്യങ്ങൾ താങ്ങാനാവുന്ന നിരക്കിൽ ഏര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് കെഎംആര്‍എല്‍. നാല്/മുച്ചക്ര വാഹനങ്ങൾക്ക് ആദ്യത്തെ രണ്ട് മണിക്കൂറിന് 15 രൂപയും അധികമുള്ള ഓരോ മണിക്കൂറിനും അഞ്ച് രൂപ വീതവും ഈടാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇരുചക്ര വാഹനങ്ങൾക്ക് ആദ്യ രണ്ട് മണിക്കൂറിന് അഞ്ച് രൂപയും അധികമുളള രണ്ട് മണിക്കൂറിന് അഞ്ച് രൂപ വീതവുമായിരിക്കും ഈടാക്കുക. വരും മാസങ്ങളില്‍ സംവിധാനം ഏര്‍പ്പെടുത്താനുളള നീക്കങ്ങളാണ് പുരോഗമിക്കുന്നത്.

പ്രതിമാസ പാസുകൾ അവതരിപ്പിക്കാനും കെഎംആർഎൽ ഉദ്ദേശിക്കുന്നുണ്ട്. നാലു ചക്ര വാഹനങ്ങൾക്ക് 1,000 രൂപയും ഇരുചക്ര വാഹനങ്ങൾക്ക് 500 രൂപയുമായിരിക്കും ഫീസ്. ദിവസവും ആദ്യ മെട്രോ ട്രെയിൻ സര്‍വീസ് ആരംഭിക്കുന്നതിന് 30 മിനിറ്റ് മുമ്പായും, അതത് മെട്രോ സ്റ്റേഷനിൽ അവസാന ട്രെയിൻ പുറപ്പെട്ടതിന് ശേഷം ഒരു മണിക്കൂർ വരെയും പൊതുജനങ്ങൾക്ക് സ്മാർട്ട് പാർക്കിംഗ് സൗകര്യങ്ങൾ ഉപയോഗിക്കാവുന്ന തരത്തിലായിരിക്കും സംവിധാനം ഏര്‍പ്പെടുത്തുക.

നോൺ-മെട്രോ യാത്രക്കാർക്കും നിലവില്‍ പാർക്കിംഗ് സൗകര്യങ്ങൾ ഉപയോഗിക്കാം. സ്മാർട്ട് പാർക്കിംഗ് സംവിധാനത്തില്‍ എല്ലാ വാഹന ഉടമകളിൽ നിന്നും ഏകീകൃത ഫീസ് ആയിരിക്കും ഈടാക്കുക. കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡുമായി (CSML) സഹകരിച്ച് നടപ്പാക്കുന്ന സ്മാർട്ട് പാർക്കിംഗ് മാനേജ്‌മെന്റ് സിസ്റ്റത്തിന്റെ നടത്തിപ്പാനായി പ്രത്യേക ഏജൻസിയെ ഏൽപ്പിക്കുന്നതിന് കെ‌എം‌ആർ‌എൽ ടെൻഡറുകൾ ക്ഷണിച്ചിട്ടുണ്ട്.

Kochi Metro to introduce smart parking system with reduced fees and monthly passes to ease commuter burden.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT