ആഗോള സുഗന്ധവ്യഞ്ജന വ്യവസായത്തിന്റെ ഭാവി ചര്‍ച്ച ചെയ്യുന്നതിനായി ഓള്‍ ഇന്ത്യ സ്‌പൈസസ് എക്സ്പോര്‍ട്ടേഴ്‌സ് ഫോറം (എഐഎസ്ഇഎഫ്) സംഘടിപ്പിക്കുന്ന ഒന്‍പതാമത് അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന സമ്മേളനം (ഐഎസ്സി 2026) ഫെബ്രുവരി 23 മുതല്‍ 26 വരെ കൊച്ചി ലേ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. 'സ്പൈസ് 360- ഭാവിക്ക് സജ്ജമാകാം' എന്നതാണ് പ്രമേയം.
ഫെബ്രുവരി 23ന് വൈകുന്നേരം അഞ്ചിന് ഉദ്ഘാടന സമ്മേളനം മുന്‍ ജി-20 പ്രതിനിധിയും നിതി ആയോഗിന്റെ മുന്‍ മേധാവിയുമായ അമിതാഭ് കാന്ത് ഉദ്ഘാടനം ചെയ്യും. ഭക്ഷണ കാര്‍ഷിക വ്യവസായ മേഖലയിലെ ഭാവി സാധ്യതകളെക്കുറിച്ച് അദ്ദേഹം മുഖ്യപ്രഭാഷണം നടത്തും. പ്രകൃതിദത്ത ഭക്ഷണ നിറങ്ങളുടെ ആഗോള ഉത്പാദകരായ ഒറ്റെറയുടെ മേധാവി മാര്‍ട്ടിന്‍ സോണ്‍ടാഗ് മുഖ്യാതിഥിയാകും.
ആഗോള വ്യാപാര രംഗത്തെ മാറ്റങ്ങളും അനിശ്ചിതത്വങ്ങളും മുന്‍നിര്‍ത്തി വളര്‍ച്ചയും പ്രതിരോധ രീതികളും സുസ്ഥിരതയും പുനരാവിഷ്‌കരിക്കാന്‍ സമ്മേളനം അവസരം ഒരുക്കും. 26ന് കര്‍ണാടക ആഗ്രികള്‍ച്ചര്‍ പ്രൈസ് കമ്മിഷന്‍ ചെയര്‍മാന്‍ അശോക് ദല്‍വായ് വിതരണ ശൃംഖലയുടെ ഭാവി സുരക്ഷയെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തും.
കൃത്രിമ ബുദ്ധി പ്രയോജനപ്പെടുത്തിയുള്ള കൃഷി, പ്രിസിഷന്‍ ഫാര്‍മിങ്, ആധുനിക സംസ്‌കരണ സാങ്കേതിക വിദ്യകള്‍, കാലാവസ്ഥാ സൗഹൃദ ഉറവിടങ്ങള്‍, മാറുന്ന ആഗോള നിയമ സാഹചര്യങ്ങള്‍ എന്നിവയെക്കുറിച്ചും പ്രത്യേക സെഷനുകള്‍ നടക്കും.
സുഗന്ധവ്യഞ്ജന മൂല്യ വര്‍ദ്ധനവ്, നവീകരണം, സുസ്ഥിരത, ഗുണനിലവാരം, നേതൃത്വം തുടങ്ങിയ മേഖലകളില്‍ ശ്രദ്ധേയ സംഭാവനകള്‍ നല്‍കിയ വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിക്കുന്ന അവാര്‍ഡ്ദാന ചടങ്ങും നടക്കും.
Read DhanamOnline in English
Subscribe to Dhanam Magazine