വാട്ടര്‍ മെട്രോ എറണാകുളം ബോട്ട് ജെട്ടി ടെര്‍മിനലിന്റെ മാതൃക 
News & Views

₹32 കോടി ബജറ്റ്, 18,000 ചതുരശ്രയടി വിസ്തീര്‍ണം, ഒന്നാംനില വരുമാനമാക്കി മാറ്റും; വാട്ടര്‍ മെട്രോയുടെ ന്യൂജന്‍ ടെര്‍മിനല്‍ ഒരുവര്‍ഷത്തിനകം

പ്രവര്‍ത്തനം ആരംഭിച്ച് മൂന്ന് വര്‍ഷം പിന്നിടുമ്പോള്‍ 70 ലക്ഷം ആളുകളാണ് ഇന്ത്യയിലെ ആദ്യത്തെ വാട്ടര്‍ മെട്രോ സംവിധാനത്തിലൂടെ യാത്ര ചെയ്തത്.

Dhanam News Desk

കൊച്ചിയുടെ പൊതുഗതാഗത രംഗത്ത് വഴിത്തിരിവായി മാറിയ വാട്ടര്‍ മെട്രോയുടെ പുതിയ ടെര്‍മിനലിന്റെ നിര്‍മാണം അതിവേഗത്തില്‍ പുരോഗമിക്കുന്നു. ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാകുന്ന ഈ ടെര്‍മിനല്‍ എറണാകുളം ബോട്ട് ജെട്ടിക്ക് സമീപമാണ്. യാത്രക്കാരുടെ എണ്ണത്തിലും സര്‍വീസിലും മുന്‍നിര ടെര്‍മിനലായി ഇത് മാറും.

32 കോടി രൂപ ചെലവ് വരുന്ന ടെര്‍മിനല്‍ പരമ്പരാഗത കേരളീയ വാസ്തുശില്പ രീതിയിലാണ് നിര്‍മാണം. രണ്ടു നിലകളിലായി 18,000 ചതുരശ്രയടിയാണ് വിസ്തീര്‍ണം. കെട്ടിടത്തിന്റെ ഒന്നാം നില പൂര്‍ണമായും വാണിജ്യ ആവശ്യങ്ങള്‍ക്കായി മാറ്റിവയ്ക്കും. ഇതുവഴി വരുമാനം ഉറപ്പുവരുത്താനും സാധിക്കും. കൂള്‍ ഹോം ബില്‍ഡേഴ്സ് ആണ് കോണ്‍ട്രാക്ടിംഗ് കമ്പനി. കിറ്റ്‌കോയാണ് ഡിസൈന്‍ കണ്‍സള്‍ട്ടന്റ്.

പുതിയ ബോട്ടുകള്‍ വരുന്നു

രണ്ടു ഫ്‌ളോട്ടിംഗ് ജെട്ടികളാണ് വിഭാവന ചെയ്തിരിക്കുന്നത്. ആദ്യഘട്ടത്തില്‍ ഒരു ഫ്‌ളോട്ടിംഗ് ജെട്ടിയാകും പൂര്‍ത്തിയാക്കുക. ബോട്ടുകള്‍ക്കുള്ള ചാര്‍ജിംഗ് പോയിന്റുകള്‍, ഫ്യുവലിംഗ് സ്റ്റേഷന്‍ എന്നിവയും ഇവിടെ സജ്ജീകരിക്കും.

പുതിയ ബോട്ടുകളുടെ ആവശ്യകത മുന്‍നിര്‍ത്തി 15 ബോട്ടുകളുടെ ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിനൊപ്പം ഇടക്കൊച്ചി, വരാപ്പുഴ ടെര്‍മിനലുകളുടെ ടെന്‍ഡര്‍ നടപടികളും പൂര്‍ത്തിയായി വരുന്നു. ഇടക്കൊച്ചിക്ക് 20 കോടി രൂപയും വരാപ്പുഴയ്ക്ക് 16 കോടി രൂപയും ചെലവ് പ്രതീക്ഷിക്കുന്നത്.

പ്രവര്‍ത്തനം ആരംഭിച്ച് മൂന്ന് വര്‍ഷം പിന്നിടുമ്പോള്‍ 70 ലക്ഷം ആളുകളാണ് ഇന്ത്യയിലെ ആദ്യത്തെ വാട്ടര്‍ മെട്രോ സംവിധാനത്തിലൂടെ യാത്ര ചെയ്തത്. പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്ത കാബിനുകള്‍, മെട്രോ ട്രെയിനുകള്‍ക്ക് സമാനമായ ഓട്ടോമാറ്റിക് ടിക്കറ്റ് കളക്ഷന്‍ ഗേറ്റുകള്‍, ഡിജിറ്റല്‍ ഡിസ്‌പ്ലേകള്‍ തുടങ്ങിയ ആധുനിക സൗകര്യങ്ങള്‍ ബോട്ടുകളിലും ടെര്‍മിനലുകളിലും ഒരുക്കിയിരിക്കുന്നത് ആളുകളെ കൂടുതലായി ആകര്‍ഷിക്കുന്നു. കൂടുതല്‍ ടെര്‍മിനലുകളിലേക്കും റൂട്ടുകളിലേക്കും സര്‍വീസ് വ്യാപിക്കാനുള്ള തയാറെടുപ്പുകളിലാണ് അധികൃതര്‍.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT