പ്രതീകാത്മക ചിത്രം AI generated image
News & Views

കൊച്ചിയുടെ വികസനം: വാട്ടർഫ്രണ്ട് മെട്രോപൊലിറ്റൻ നഗരമാക്കാൻ സമഗ്ര പദ്ധതിയും വമ്പൻ നിക്ഷേപവും

മെട്രോ, വാട്ടർ മെട്രോ, റോഡ്, ബോട്ടിങ്, ക്രൂസ് സേവനങ്ങൾ സംയോജിപ്പിച്ച് കൊച്ചിയെ വാട്ടർഫ്രണ്ട് മെട്രോപൊലിറ്റൻ നഗരമാക്കാനുള്ള പദ്ധതികൾ ഒരുങ്ങുന്നു

Pintu Prakash

കൊച്ചിയെ സിഡ്‌നി, സിംഗപ്പൂർ മാതൃകയിലുള്ള വാട്ടർഫ്രണ്ട് മെട്രോപൊലിറ്റൻ നഗരമാക്കാൻ സമഗ്ര നഗരാസൂത്രണ പദ്ധതി വരുന്നു. മെട്രോ, വാട്ടർ മെട്രോ, ബോട്ടിങ്, റിവർ ക്രൂസ്, റോഡ് ഗതാഗതം എന്നിവ സംയോജിപ്പിച്ച് ലോജിസ്റ്റിക്സ് കാര്യക്ഷമത മെച്ചപ്പെടുത്തും. ഇൻഫോപാർക്ക്-സ്മാർട്ട്സിറ്റി, എറണാകുളം-വില്ലിങ്ടൺ ബിസിനസ് മേഖലകൾക്കും ഐടി, ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകൾക്കും വലിയ ഗുണം പ്രതീക്ഷിക്കുന്നു.

കൊച്ചിയെ സിഡ്‌നി, സിംഗപ്പൂർ മാതൃകയിലുള്ള അന്താരാഷ്ട്ര നിലവാരമുള്ള വാട്ടർഫ്രണ്ട് മെട്രോപൊലിറ്റൻ നഗരമാക്കി മാറ്റുന്നതിനുള്ള സമഗ്ര നഗരാസൂത്രണ പദ്ധതിയുടെ നടപടിക്രമങ്ങൾ ഈ മാസം തന്നെ ആരംഭിക്കും. മെട്രോ, വാട്ടർ മെട്രോ, ബോട്ടിങ്, റിവർ ക്രൂസ്, റോഡ് ഗതാഗതം എന്നിവ സമഗ്രമായി സംയോജിപ്പിച്ചുള്ള പൈലറ്റ് പദ്ധതിയാണ് നടപ്പാക്കുന്നത്. ഈ പദ്ധതിയിലൂടെ നഗരത്തിലെ ലോജിസ്റ്റിക്സ് കാര്യക്ഷമത വർധിക്കുകയും യാത്രാച്ചെലവ് കുറയുകയും ചെയ്യും. ഇത് ഇൻഫോപാർക്ക്-സ്മാർട്ട്സിറ്റി കോറിഡോറിലെ ഐടി മേഖലയ്ക്കും എറണാകുളം-വില്ലിങ്ടൺ ബിസിനസ് മേഖലയ്ക്കും വലിയ തോതിൽ പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ.

പുതിയ വികസന മോഡൽ

നഗരത്തിന്റെ ജലഗതാഗത ശൃംഖലയെ സാമ്പത്തിക വളർച്ചയ്ക്കുള്ള പ്രധാന ഉപാധിയാക്കി മാറ്റുന്നതാണ് ഈ പുതിയ വികസന മാതൃക. സിഡ്‌നി, സിംഗപ്പൂർ എന്നിവടങ്ങളിലെ മാതൃകയിൽ 30 ഏക്കർ സ്ഥലത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഓഷ്യനേറിയം സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനോടൊപ്പം മാരിടൈം മ്യൂസിയം, ഫിലിം സിറ്റി എന്നിവയ്ക്കായുള്ള പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചിരുന്നു.

സംസ്ഥാന സർക്കാരിന്റെ മുന്തിയ പരി​ഗണനയിലുള്ള പദ്ധതികളിലൊന്നായ പോർട്ട് സിറ്റിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ആഗോള നിലവാരത്തിലുള്ള ക്രൂസ് ടെർമിനലും കൊച്ചിയിൽ സജ്ജമാക്കുന്നുണ്ട്. ഇത്തരം പദ്ധതികൾക്ക് ഉയർന്ന ചെലവിടൽ നടത്താൻ ശേഷിയുള്ള വിനോദസഞ്ചാരികളെ ആകർഷിക്കാനും അതുവഴി ഹോസ്പിറ്റാലിറ്റി, എക്സ്പീരിയൻസ് ഇക്കോണമി തുടങ്ങിയ സെക്ടറുകളിൽ പുതിയ വരുമാന സ്രോതസ്സുകൾ തുറക്കാൻ വഴിയൊരുക്കുമെന്നും വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ക്രൂസ്-കാർഗോ ഹബ്ബ്

വർഷങ്ങളായി തീർപ്പുകൽപ്പിക്കാതെ കിടന്നിരുന്ന രാമൻതുരുത്തിലെ 18 ഏക്കർ ഭൂമി കൊച്ചിൻ ഷിപ്‌യാഡിന് കൈമാറാൻ തീരുമാനിച്ചതോടെ 5,000 കോടി രൂപയുടെ നിക്ഷേപമാണ് കൊച്ചിയിലേക്ക് ഒഴുകിയെത്തുന്നത്. ഈ പദ്ധതിയിലൂടെ 2,500 പേർക്ക് നേരിട്ടും 5,000-ത്തിലധികം പേർക്ക് പരോക്ഷമായും തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും എന്നുമാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. ഷിപ്‌യാഡ് വികസനം, ക്രൂസ് ടെർമിനൽ, പോർട്ട് സിറ്റി പദ്ധതികൾ എന്നിവ യാഥാർത്ഥ്യമാകുന്നതോടെ കൊച്ചി ദക്ഷിണേന്ത്യയുടെ പ്രധാന ക്രൂസ്-കാർഗോ ഹബ്ബായി മാറുമെന്നാണ് പ്രതീക്ഷ.

ഈ ഇൻഫ്രാസ്ട്രക്ചർ പദ്ധതികൾ മൂന്ന് പ്രധാന മേഖലകളിലാണ് പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നത്.

  1. സിവിൽ എൻജിനീയറിങ് മേഖലയിലെ ദീർഘകാല നിക്ഷേപ അവസരങ്ങൾ

  2. മെച്ചപ്പെട്ട ഗതാഗത സൗകര്യങ്ങളിലൂടെ വർധിക്കുന്ന ഭൂവിലയും പുതിയ വാണിജ്യ-പാർപ്പിട കേന്ദ്രങ്ങളും

  3. ടൂറിസം, ഹോസ്പിറ്റാലിറ്റി രംഗത്തെ നവീന ബിസിനസ് മാതൃകകൾ.

സമയബന്ധിതമായ ടെൻഡറിങ് നടപടികളും അനുമതികളും ലഭ്യമായാൽ കൊച്ചിയുടെ അടുത്ത ദശകത്തിലുള്ള വളർച്ച അതിവേഗത്തിലാകും എന്നതിൽ തർക്കമില്ല.

ഇൻസൈറ്റിൽ സി.സി.സി.ഐ പ്രസിഡന്റ് വിനോദിനി സുകുമാർ

ഗ്ലോബൽ കൊച്ചിയിലേക്കുള്ള ചുവടുവെപ്പ്: കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്സ്

മുഖ്യമന്ത്രി വി.ഡി. സതീശൻ കൊച്ചി ന​ഗരത്തിനായി പ്രഖ്യാപിച്ച സമഗ്ര നഗരാസൂത്രണ-ഗതാഗത പദ്ധതികളെ സ്വാഗതം ചെയ്ത് കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (CCCI). കൊച്ചിയെ രാജ്യത്തെ പ്രമുഖ മെട്രോപൊലിറ്റൻ നഗരമാക്കി മാറ്റാനുള്ള ചരിത്രപരമായ നീക്കമാണിതെന്ന് സി.സി.സി.ഐ പ്രസിഡന്റ് വിനോദിനി സുകുമാർ പറഞ്ഞു.

മെട്രോ, വാട്ടർ മെട്രോ, റോഡ് ഗതാഗതം എന്നിവയെ സംയോജിപ്പിച്ചുള്ള സമീപനം പ്രശംസനീയമാണ്. ഓഷ്യനേറിയം, ഫിലിം സിറ്റി, റിവർ ക്രൂയിസ് എന്നിവ വരുന്നതോടെ ആഗോള ടൂറിസം ഭൂപടത്തിൽ കൊച്ചിക്ക് പുതിയ ഐഡന്റിറ്റി ലഭിക്കുമെന്ന് വിനോദിനി സുകുമാർ പറഞ്ഞു.

രാമൻതുരുത്തിലെ 18 ഏക്കർ ഭൂമി കൊച്ചിൻ ഷിപ്പ്‌യാർഡിന് അതിവേഗം വിട്ടുനൽകിയതിനെയും അവർ അഭിനന്ദിച്ചു. ഇതുവഴി 5,000 കോടി രൂപയുടെ നിക്ഷേപവും 2,500 തൊഴിലവസരങ്ങളും പ്രതീക്ഷിക്കുന്നു.

ഗതാഗത സംവിധാനങ്ങൾക്കായി ഏകീകൃത ഡിജിറ്റൽ ടിക്കറ്റിംഗ് രീതി നടപ്പിലാക്കാനും, വാണിജ്യ ടൂറിസം വളർത്താൻ അന്താരാഷ്ട്ര കൺവെൻഷൻ സെന്റർ സ്ഥാപിക്കാനും കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്‌സ് നിർദ്ദേശിച്ചു. തദ്ദേശീയ എം.എസ്.എം.ഇ.കൾക്ക് അവസരങ്ങൾ ഉറപ്പാക്കണമെന്നും തണ്ണീർത്തട സംരക്ഷണം കർശനമാക്കണമെന്നും വിനോദിനി സുകുമാർ കൂട്ടിച്ചേർത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT