എറണാകുളം മാർക്കറ്റ് കനാൽ പുനരുജ്ജീവിപ്പിക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ ഭരണാനുമതി ലഭിച്ചിട്ടും പദ്ധതി ഇതുവരെ ആരംഭിച്ചിട്ടില്ല. ഇന്റഗ്രേറ്റഡ് അർബൻ റീജനറേഷൻ ആൻഡ് വാട്ടർ ട്രാൻസ്‌പോർട്ട് സിസ്റ്റം (IURWTS) സംരംഭത്തിന് കീഴിലാണ് പദ്ധതി നടപ്പാക്കുന്നത്. 3,716 കോടി രൂപയുടെ പദ്ധതി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡാണ് (KMRL) നടപ്പാക്കുക.
മാർക്കറ്റ് കനാൽ ഉൾപ്പെടെ കൊച്ചിയിലെ ആറ് പ്രധാന കനാലുകളുടെ പുനരുജ്ജീവനം ഉൾപ്പെടുന്നതാണ് ഐയുആർഡബ്ല്യുടിഎസ് പദ്ധതി. പ്രവൃത്തികള്‍ ടെൻഡർ ചെയ്തിട്ടുണ്ടെങ്കിലും ഉദ്യോഗസ്ഥർ ഇതുവരെ ബിഡുകൾ അന്തിമമാക്കിയിട്ടില്ല. സംസ്ഥാന സർക്കാർ അന്തിമ അനുമതി നൽകിയാലുടൻ പണി ആരംഭിക്കുമെന്നാണ് കൊച്ചി കോര്‍പ്പറേഷന്‍ വ്യക്തമാക്കുന്നത്.
സംസ്ഥാന ധനകാര്യ വകുപ്പ് ബിഡുകൾ അന്തിമമാക്കുന്നതുവരെ നിർമ്മാണം ആരംഭിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. എറണാകുളം മാർക്കറ്റ് കനാലും സമീപ പ്രദേശങ്ങളും അപകടകരമായ അവസ്ഥയിലാണ്. മണ്‍സൂണ്‍ സീസണായത് അവസ്ഥ കൂടുതല്‍ സങ്കീര്‍ണമാക്കി.
പേരണ്ടൂർ, ചിലവന്നൂർ, ഇടപ്പള്ളി, തേവര, കോന്തുരുത്തി, മാർക്കറ്റ് കനാലുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പദ്ധതി വെള്ളപ്പൊക്കം തടയുന്നതിന് വലിയ പരിഗണനയാണ് നല്‍കുന്നത്. കൂടാതെ ഇതിലൂടെ ജലഗതാഗതസൗകര്യങ്ങള്‍ അവതരിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു. വാട്ടര്‍മെട്രോ അടക്കമുളള ജലഗതാഗത സൗകര്യങ്ങള്‍ കൂടുതലായി അവതരിപ്പിച്ച് നഗരത്തിലെ ഗതാഗത പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും ടൂറിസത്തിന് ഉണര്‍വേകാനും സാധിക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
കൊച്ചിയിലും പരിസര പ്രദേശങ്ങളിലും ഉണ്ടാകുന്ന വെളളക്കെട്ട് അടക്കമുളള പ്രതിസന്ധികള്‍ പ്രദേശവാസികള്‍ക്ക് വലിയ തോതില്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഇതിന് ആശ്വാസം നല്‍കുന്നതാണ് പദ്ധതി. മെയ് മാസത്തിലാണ് പദ്ധതി നടപ്പിലാക്കുന്നതിന് സംസ്ഥാന സർക്കാർ ഭരണാനുമതി നൽകിയത്.
Kochi’s ₹3,716 crore canal rejuvenation project faces delays, impacting flood control, water transport, and tourism plans.
Read DhanamOnline in English
Subscribe to Dhanam Magazine