News & Views

റേഞ്ച് റോവര്‍ മുതല്‍ ഔഡി വരെ 47 കാറുകള്‍; ജീവനക്കാര്‍ക്ക് ഹൈലൈറ്റ് ഗ്രൂപ്പിന്റെ ₹20 കോടിയുടെ സര്‍പ്രൈസ് സമ്മാനം

1996ലാണ് ഹൈലൈറ്റ് ഗ്രൂപ്പ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. നിര്‍മാണ മേഖലയില്‍ സജീവ സാന്നിധ്യമുള്ള കമ്പനിയാണിത്.

Dhanam News Desk

ഹൈലൈറ്റ് ഗ്രൂപ്പിന്റെ 30-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ജീവനക്കാര്‍ക്ക് സര്‍പ്രൈസ് സമ്മാനമൊരുക്കി കമ്പനി. ഹൈലൈറ്റ് ഗ്രൂപ്പിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിച്ച 47 ജീവനക്കാര്‍ക്കാണ് ആഡംബര കാറുകളടക്കം മൊത്തം 20 കോടി രൂപ വിലമതിക്കുന്ന വാഹനങ്ങള്‍ സമ്മാനമായി നല്‍കിയത്.

റേഞ്ച് റോവറുകള്‍, ഔഡി ക്യൂ8, ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ തുടങ്ങിയ ആഡംബര മോഡലുകളും ടാറ്റ ഹാരിയര്‍, കിയ സെല്‍റ്റോസ്, ഹ്യുണ്ടായ് ക്രെറ്റ, സ്‌കോഡ കൈലാക് തുടങ്ങിയ ജനപ്രിയ മോഡലുകളുമാണ് ജീവനക്കാര്‍ക്ക് സമ്മാനിച്ചത്.

1996ലാണ് ഹൈലൈറ്റ് ഗ്രൂപ്പ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. നിര്‍മാണ മേഖലയില്‍ സജീവ സാന്നിധ്യമുള്ള കമ്പനിയാണിത്. 2030-ഓടെ കേരളത്തിലുടനീളം 50 ദശലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ പുതിയ വികസന പദ്ധതികള്‍ നടപ്പിലാക്കുമെന്ന പ്രഖ്യാപനവും ആഘോഷങ്ങളോട് അനുബന്ധിച്ച് കമ്പനി നടത്തി. പുതിയ പദ്ധതികളിലൂടെ കേരളത്തില്‍ രണ്ട് ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും ഹൈലൈറ്റ് ഗ്രൂപ്പ് പറഞ്ഞു.

ഐടി പാര്‍ക്കുകള്‍, വാണിജ്യ കേന്ദ്രങ്ങള്‍, അത്യാധുനിക നഗരകേന്ദ്രങ്ങള്‍ എന്നിവയിലൂടെ കേരളത്തെ ആഗോള നിക്ഷേപ ഭൂപടത്തില്‍ മുന്‍നിരയില്‍ എത്തിക്കുകയാണ് ലക്ഷ്യമെന്ന് ഹൈലൈറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ പി. സുലൈമാന്‍ വ്യക്തമാക്കി.

കേരളത്തിലെ ആദ്യത്തെ റീട്ടെയില്‍ മാളായ 'ഫോക്കസ് മാള്‍' മുതല്‍ കോഴിക്കോടും തൃശ്ശൂരും ഉള്ള വിശാലമായ ഹൈലൈറ്റ് മാളുകള്‍ വരെയുള്ള നിരവധി സുപ്രധാന പദ്ധതികള്‍ക്ക് ഹൈലൈറ്റ് ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു. കൂടാതെ പത്തോളം പുതിയ മാളുകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. പതിനായിരത്തോളം ജീവനക്കാരാണ് ഹൈലൈറ്റ് ഗ്രൂപ്പിന്റെ ഭാഗമായുള്ളത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT